ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കൊവിഡ് വ്യാപന ഭീതിയെത്തുടർന്ന് പൊതുജനാരോഗ്യ സംരക്ഷണത്തിനായി സർക്കാർ പുറപ്പെടുവിച്ച മുൻകരുതൽ നിർദ്ദേശങ്ങൾ വ്യാപകമായി ലംഘിക്കപ്പെടുകയാണെന്നാണ് വിവിധ പോലീസ് സ്റ്റേഷനുകളിൽ റജിസ്റ്റർ ചെയ്യപ്പെടുന്ന കേസുകളുടെ എണ്ണക്കൂടുതൽ വഴി മനസ്സിലാക്കേണ്ടത്.
സംസ്ഥാനത്ത് വിവിധ ജില്ലകളിലായി നൂറ് കണക്കിന് നിയമലംഘനക്കേസുകളാണ് ദിനം പ്രതി റിപ്പോർട്ട് ചെയ്തുകൊണ്ടിരിക്കുന്നത്. കാസർകോട് ജില്ലയും ഇതിൽ നിന്ന് മുക്തമല്ലെന്ന് പറയേണ്ടിവരും. ജില്ലയിലെ ഒരു പോലീസ് സ്റ്റേഷന് കീഴിൽ ഒരു ദിവസം തന്നെ 62 നിയമലംഘനക്കേസുകളാണ് റജിസ്റ്റർ ചെയ്യപ്പെട്ടത്.
മാസ്ക്ക് ഒരു സുരക്ഷാ കവചമെന്ന നിലയിൽ ധരിക്കണമെന്ന് ആരോഗ്യവകുപ്പ് ദിനം പ്രതി ഓർമ്മിപ്പിക്കുന്നുണ്ടെങ്കിലും പൊതുജനം ഈ മുന്നറിയിപ്പിനെ അത്രകാര്യമായി എടുത്തിട്ടില്ലെന്ന് വേണം കരുതാൻ.
പോലീസ് സ്റ്റേഷനുകളിൽ ദിനംപ്രതി റജിസ്റ്റർ ചെയ്യപ്പെടുന്ന ലോക്ക്ഡൗൺ നിയമലംഘനക്കേസുകളിൽ ഏറിയ കൂറും മുഖാവരണം ധരിക്കാത്തതിന്റെ പേരിലാണ്.
തനിക്കൊന്നും സംഭവിക്കില്ലെന്ന മലയാളിയുടെ അമിതമായ ആത്മവിശ്വാസമാണ് ലോക്ക്ഡൗൺ നിയമലംഘനങ്ങൾക്ക് പിന്നിൽ. രോഗം വരാതെ നോക്കേണ്ടത് സർക്കാരാണ് എന്ന മനോഭാവവും ചിലരിലുണ്ട്.
രോഗം വന്ന് ചികിത്സിക്കുന്നതിലും ഭേദം രോഗം വരാതെ സൂക്ഷിക്കുക എന്നതാണ്. ഓരോരുത്തരുടെയും കടമ ലോക്ക്ഡൗൺ നിയമന്ത്രണങ്ങളും പെരുമാറ്റച്ചട്ടങ്ങളും വഴി ലക്ഷ്യമിടുന്നതും രോഗം വരാതെ സൂക്ഷിക്കുക എന്നതുതന്നെയാണ്.
പൊതുവെ സുരക്ഷിതമായ ഇടം എന്ന നിലയിൽ കേരളം വാഴ്ത്തപ്പെടുമ്പോഴും അതിന്റെ പിന്നിലെ ക്ലേശകരമായ പ്രവർത്തനങ്ങളെ ഒരുവിഭാഗം കണ്ടില്ലെന്ന് നടിക്കുകയാണ്.
ദിനംപ്രതി രോഗികളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ ഓരോരുത്തരും അവനവന്റെ സുരക്ഷയിൽ ശ്രദ്ധിച്ചില്ലെങ്കിൽ കേരളം എത്തിച്ചേരുന്നത് ഗുരുതരമായ സ്ഥിതി വിശേഷത്തിലായിരിക്കും.
രോഗികളുടെ എണ്ണം ഇനിയും വർധിച്ചാൽ തകർന്നുകൊണ്ടിരിക്കുന്ന സമ്പദ്്വ്യവസ്ഥ വീണ്ടും പടുകുഴിയിൽ വീഴും. കരകയറാനാകാത്ത ദുരന്തമായിരിക്കും ഇതിന്റെ ആത്യന്തിക ഫലം.
എല്ലാം സർക്കാർ ചെയ്തുകൊള്ളും എന്ന അമിതവിശ്വാസം ഒഴിവാക്കി സ്വന്തം ആരോഗ്യ സുരക്ഷയ്ക്കു വേണ്ടിയെങ്കിലും സർക്കാരിന്റെ മുൻകരുതൽ നിർദ്ദേശങ്ങൾ പാലിക്കാൻ നാം തയ്യാറാകുകയാണ് വേണ്ടത്. സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട.