പൂന്താനം സ്‌മാരക നിർമാണം ഫണ്ടില്ലാത്തതിനാൽ നിർത്തിവെച്ചു

കീഴാറ്റൂർ: കീഴാറ്റൂരിൽ സംസ്ഥാന ടൂറിസം വകുപ്പ് നിർമിക്കുന്ന പൂന്താനം സ്മാരക സാംസ്കാരിക കേന്ദ്രത്തിന്‍റെ നിർമാണം കരാറുകാരന് നൽകാൻ പണമില്ലാത്തതിനാൽ നിർത്തിവച്ചിരിക്കുകയാണ്. പൂന്താനം സ്മാരക സമിതി സർക്കാരിന് സൗജന്യമായി നൽകിയ 50 സെന്‍റ് സ്ഥലത്താണ് 2017ൽ ടൂറിസം വകുപ്പ് സ്മാരക നിർമ്മാണം ആരംഭിച്ചത്. ജില്ലാ നിർമിതി കേന്ദ്രത്തിനാണ് നിർമ്മാണച്ചുമതല. ഒരു വർഷത്തിനുള്ളിൽ കരാർ പൂർത്തിയാക്കാനായിരുന്നു തീരുമാനം. എന്നാൽ, 5 വർഷം കഴിഞ്ഞിട്ടും സ്മാരകത്തിന്‍റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായിട്ടില്ല.

മന്ത്രി പി എ മുഹമ്മദ് റിയാസിന്‍റെ ഇടപെടലിനെ തുടർന്ന് മുടങ്ങിക്കിടന്ന പണികൾ കഴിഞ്ഞ വർഷം പുനരാരംഭിച്ചിരുന്നു. സ്മാരക നിർമ്മാണത്തിനായി ആകെ 90 ലക്ഷം രൂപയാണ് സർക്കാർ അനുവദിച്ചത്. 50 ലക്ഷം രൂപയുടെ പണി പൂർത്തിയായെങ്കിലും ആദ്യ ഗഡു സർക്കാർ നൽകിയിട്ടില്ല. തുക ലഭിക്കാത്തതിനെ തുടർന്ന് പണി അനിശ്ചിതമായി നിർത്തിവച്ചിരിക്കുകയാണെന്ന് നിർമിതി കേന്ദ്ര അധികൃതർ പറഞ്ഞു.

K editor

Read Previous

ഭക്ഷ്യ മന്ത്രി ജി.ആർ അനിലും പോലീസ് ഉദ്യോഗസ്ഥനും തമ്മിലുള്ള ഫോൺ സംഭാഷണം വിവാദത്തിൽ

Read Next

അരി ഇനങ്ങൾക്കെല്ലാം മൂന്നു മാസത്തിനിടെ വില വർധന; സർക്കാർ ഇടപെടൽ വേണമെന്ന ആവശ്യം ശക്തം