പാർട്ടി സ്ഥാനാർത്ഥിയെ പരാജയപ്പെടുത്താൻ ഒത്തുകളിച്ചു; ആറങ്ങാടിയിൽ ലീഗ് മുൻ കൗൺസിലറെ പാർട്ടി പുറത്താക്കി

കാഞ്ഞങ്ങാട്: യുഡിഎഫ് സ്ഥാനാർത്ഥി മുസ്്ലീം ലീഗിലെ ടി. അസീസിനെ നിലാങ്കര വാർഡ് 18-ൽ പരാജയപ്പെടുത്താൻ, പാർട്ടി വോട്ടുകൾ സിപിഎമ്മിന് മറിച്ച മുസ്്ലീം ലീഗ് മണ്ഡലം വെസ് പ്രസിഡണ്ട് ടി. റംസാനെ മുസ്്ലീം ലീഗിൽ നിന്നും പുറത്താക്കി.

റംസാനെയും ലീഗ് പ്രവർത്തകരെയും മുസ്്ലീം ലീഗിൽ നിന്നും പുറത്താക്കാൻ ആറങ്ങാടി ലീഗിൽ ആവശ്യമുയർന്നതിന് പിന്നാലെയാണ് പാർട്ടി സംസ്ഥാനക്കമ്മിറ്റി റംസാനെ മുസ്്ലീം ലീഗിൽ നിന്നും സസ്പെന്റ് ചെയ്തത്. പാർട്ടി സ്ഥാനാർത്ഥിക്കെതിരെ പ്രവർത്തിച്ചതായി വ്യക്തമായ സാഹചര്യത്തിൽ, റംസാനെയും, മുസ്്ലീം ലീഗ് ആറങ്ങാടി ശാഖാ സിക്രട്ടറിയായ യുഡിഎഫ് തിരഞ്ഞെടുപ്പ് കൺവീനർ സി.എച്ച്. ഹമീദ്, ആറങ്ങാടിയിലെ നാല് യൂത്ത് ലീഗ് പ്രവർത്തകരെയും പാർട്ടിയിൽ നിന്നും പുറത്താക്കണമെന്ന് ആറങ്ങാടി ശാഖാ മുസ്്ലീം ലീഗ് കമ്മിറ്റി നേതൃത്വത്തോട് ആവശ്യപ്പെട്ടു.

ഇന്നലെ ചേർന്ന ശാഖാ യോഗത്തിൽ റംസാനെയടക്കമുള്ളവരെ പാർട്ടിയിൽ നിന്നും പുറത്താക്കണമെന്ന് ഏകകണ്ഠമായി ആവശ്യമുയർന്നിരുന്നു. സിപിഎമ്മിനൊപ്പം ചേർന്ന് റംസാനും മറ്റ് 5 പേരും പാർട്ടിക്കെതിരെ പ്രവർത്തിച്ചതായി ശാഖായോഗം വിലയിരുത്തി. അസീസിനെതിരെ പ്രവർത്തിച്ചതിന്റെ ഡിജിറ്റൽ തെളിവുണ്ടെന്നും, റംസാനും മറ്റുള്ളവരും സിപിഎം പാളയത്തിലുള്ള അഭിഭാഷകനൊപ്പം ചേർന്ന് ഗൂഢാലോചന നടത്തിയതായും ലീഗ് പ്രവർത്തകർ ആരോപിച്ചു.

29 വോട്ടുകൾക്കാണ് അസീസ് സിപിഎം സ്ഥാനർത്ഥിയോട് പരാജയപ്പെട്ടത്. മുസ്്ലീം ലീഗ് കൗൺസിലറായിരുന്ന ടി. റസാൻ ഇത്തവണയും തദ്ദേശ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ പാർട്ടിയോട് 18-ാം വാർഡ് ആവശ്യപ്പെട്ടിരുന്നു. അസീസിനെ മത്സരിപ്പിക്കാനായിരുന്നു പാർട്ടി തീരുമാനമെടുത്തത്. സീറ്റ് ലഭിക്കാത്ത വിരോധത്തിൽ പാർട്ടി സ്ഥാനാർത്ഥിയെ സിപിഎമ്മിന് വോട്ട് മറിച്ച് പരാജയപ്പെടുത്തിയ റംസാനടക്കമുള്ളവരെ പുറത്താക്കണമെന്ന് ആറങ്ങാട് ശാഖാ കമ്മിറ്റി മുൻസിപ്പൽ കമ്മിറ്റിക്ക് കത്ത് നൽകിയതിന് പിന്നാലെയാണ് സംസ്ഥാന നേതൃത്വം ഇടപെട്ട് റംസാനെ പുറത്താക്കിയത്.

ശാഖാ കമ്മിറ്റിയുടെ ആവശ്യം കാഞ്ഞങ്ങാട് മണ്ഡലം കമ്മിറ്റി ജില്ലാകമ്മിറ്റിക്ക് കൈമാറുകയും, ജില്ലാ കമ്മിറ്റി അടിയന്തിര പ്രാധാന്യത്തോടെ വിഷയം സംസ്ഥാന കമ്മിറ്റിക്ക് കൈമാറുകയുമായിരുന്നു. റംസാനെ ഒഴിവാക്കിയില്ലെങ്കിൽ, ആറങ്ങാടിയിലെ മുഴുവൻ മുസ്്ലീം ലീഗ് പ്രവർത്തകരും ഒന്നടങ്കം പാർട്ടി വിടുമെന്ന് നേതൃത്വത്തെ അറിയിച്ചിരുന്നു.

മുസ്്ലീം ലീഗ് പ്രവർത്തകർ ഒന്നടങ്കം പ്രകോപിതരായി റംസാനെതിരെ നിലപാടെടുത്തതോടെയാണ് സംസ്ഥാന കമ്മിറ്റി റംസാനെതിരെ വേഗത്തിൽ നടപടി പൂർത്തിയാക്കിയത്.

LatestDaily

Read Previous

സത്യപ്രതിജ്ഞ വൈവിധ്യങ്ങൾ കൊണ്ട് ശ്രദ്ധേയം സിപിഎം എൽസി അംഗം അല്ലാഹുവിന്റെ നാമത്തിൽ

Read Next

കല്ലൂരാവിയിൽ ഉത്തരേന്ത്യൻ മോഡൽ ആക്രമണം: ലീഗ് പ്രവർത്തകർക്കതിരെ കേസ്സ്