ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കാഞ്ഞങ്ങാട്: ഉദുമ നിയോജക മണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥി ബാലകൃഷ്ണൻ പെരിയയുടെ ദയനീയ പരാജയത്തിന് രാജ്മോഹൻ ഉണ്ണിത്താൻ എംപി കാസർകോട് ജില്ലാ ഡിസിസി നേതൃത്വത്തോട് കണക്ക് പറയേണ്ടി വരുമെന്ന് കോൺഗ്രസ് അണികൾ. കാസർകോട് ഡിസിസി നേതൃത്വത്തിന്റെ എതിർപ്പ് പരിഗണിക്കാതെയാണ് രാജ്മോഹൻ ഉണ്ണിത്താന്റെ പ്രത്യേക താൽപ്പര്യപ്രകാരം കോൺഗ്രസിനകത്തെ പുതിയ ഗ്രൂപ്പായ വേണുഗോപാൽ ഗ്രൂപ്പിന്റെ തലവൻ കെ. സി. വേണുഗോപാലിന്റെ ആശിർവ്വാദത്തോടെ ഉദുമയിൽ പെരിയ ബാലകൃഷ്ണൻ യുഡിഎഫിന്റെ സ്ഥാനാർത്ഥിയായത്.
ഉദുമയിലെ സ്ഥാനാർത്ഥി നിർണ്ണയത്തിൽ എംപി കൈകടത്തിയതിൽ ഡിസിസി നേതൃത്വത്തിന് ശക്തമായ അമർഷമുണ്ടായിരുന്നു. ഏഐസിസിയുടെ രഹസ്യാന്വേഷണ സർവ്വേ വഴി ഉദുമയിൽ ബാലകൃഷ്ണൻ പെരിയയ്ക്ക് വിജയ സാധ്യതയുണ്ടെന്ന് കണ്ടെത്തിയിരുന്നവെങ്കിലും, ഇതിൽ ഡിസിസി നേതൃത്വത്തിന് അഭിപ്രായ വ്യത്യാസമുണ്ടായിരുന്നു.
രാജ്മോഹൻ ഉണ്ണിത്താൻ എംപിയുടെ അടുപ്പക്കാരനായ ബാലകൃഷ്ണൻ പെരിയയെ സ്ഥാനാർത്ഥിയാക്കാൻ ഉണ്ണിത്താൻ ഏഐസിസിയെ സ്വാധീനിച്ചതിന്റെ ഫലമാണ് സർവ്വേ ഫലമെന്നും ആരോപണമുണ്ട്. ബാലകൃഷ്ണൻ പെരിയ സ്ഥാനാർത്ഥിയായതോടെ കാസർകോട് ഡിസിസിയിൽ പൊട്ടിത്തെറിയുണ്ടാകുകയും, ഒരു വിഭാഗം നേതാക്കൾ രാജിഭീഷണി മുഴക്കുകയും, ചെയ്തിരുന്നു.
ഉദുമയിലെ യുഡിഎഫ് സ്ഥാനാർത്ഥിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങളിൽ നിന്ന് നേതാക്കൾ പലരും വിട്ടു നിൽക്കുകയും ചെയ്തു. ഇതിന്റെ ഫലമായി ഉദുമ, പള്ളിക്കര, പുല്ലൂർ–പെരിയ പഞ്ചായത്തുകളിൽ ബാലകൃഷ്ണൻ പെരിയയുടെ പ്രകടനം ദയനീയമായിത്തിരുകയും ചെയ്തു. ചെമ്മനാട് മുളിയാർ പഞ്ചായത്തുകളിൽ മാത്രമാണ് യുഡിഎഫിന് അൽപമെങ്കിലും മേൽക്കൈ നേടാനായത്.
ഈ രണ്ട് പഞ്ചായത്തുകളിൽ ബാലകൃഷ്ണൻ പെരിയയ്ക്ക് ലഭിച്ച ആദ്യഘട്ട ലീഡ് നില അദ്ദേഹം ജയിക്കുമെന്ന പ്രതീതി ഉണ്ടാക്കിയിരുന്നെങ്കിലും ബാക്കി പഞ്ചായത്തുകളിലെ വോട്ടെണ്ണിയതോടെ സ്ഥിതി മാറുകയും, സി. എച്ച്. കുഞ്ഞമ്പു വൻ ഭൂരിപക്ഷത്തോടെ വിജയിക്കുകയും ചെയ്തു. കല്ല്യോട്ടെ ഇ രട്ടക്കൊല ഇക്കുറി തെരഞ്ഞെടുപ്പിൽ പരിഗണനാ വിഷയമായില്ലെന്നാണ് പുല്ലൂർ–പെരിയ പഞ്ചായത്തിലെ എൽഡിഎഫിന്റെ ലീഡ് നില വ്യക്തമാക്കുന്നത്. ബാലകൃഷ്ണൻ പെരിയയുടെ തട്ടകം കൂടിയായ പഞ്ചായത്തിൽ എൽഡിഎഫിന് 1686 വോട്ടുകളുടെ ലീഡ് ലഭിച്ചു.
സ്വന്തം തട്ടകത്തിലടക്കം ദയനീയ പരാജയം ഏറ്റുവാങ്ങേണ്ടി വന്ന ഇദ്ദേഹത്തിന്റെ തോൽവിക്ക് പിന്നിൽ കോൺഗ്രസിനകത്തെ ഗ്രൂപ്പ് വഴക്കുകൾ കൂടി പ്രതിഫലിക്കുന്നുണ്ട്. ഉദുമ നിയോജക മണ്ഡലത്തിലെ സ്ഥനാർത്ഥിത്വത്തിന് വേണ്ടി കോൺഗ്രസ് നേതാക്കൾ പലരും ശ്രമിച്ചിരുന്നെങ്കിലും, ബാലകൃഷ്ണൻ പെരിയയ്ക്കാണ് നറുക്ക് വീണത്.
കോൺഗ്രസ് ഇക്കുറി വിജയ പ്രതീക്ഷ പുലർത്തിയിരുന്ന മണ്ഡലത്തിലുണ്ടായ പരാജയത്തിന് കാരണം സ്ഥാനാർത്ഥിത്വത്തെച്ചൊല്ലിയുണ്ടായ തർക്കമാണെന്ന് അണികൾ കരുതുന്നു. എംപിയുടെ തന്നിഷ്ടപ്രകാരം നിശ്ചയിച്ച സ്ഥാനാർത്ഥിയുടെ തോൽവിയിൽ അദ്ദേഹം തന്നെ മറുപടി പറയണമെന്നാണ് ഒരു വിഭാഗം കോൺഗ്രസ് പ്രവർത്തകർ ആവശ്യപ്പെടുന്നത്.