ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കാഞ്ഞങ്ങാട്: മന്ത്രി മണ്ഡലമായ കാഞ്ഞങ്ങാട്ട് ആധിപത്യമുറപ്പിച്ചുള്ള ഇടതുമുന്നണി സ്ഥാർത്ഥി ഇ. ചന്ദ്രശേഖരന്റെ പടയോട്ടത്തിന് തടയിടാൻ പുതുതലമുറയിൽ ആവേശത്തിരയിളക്കിയുള്ള തേരോട്ടമാണ് യുഡിഎഫിലെ പി. വി. സുരേഷ് നയിക്കുന്നത്. നിലവിൽ കേരള മന്ത്രി സഭയിലെ രണ്ടാമനായ ഇ. ചന്ദ്രശേഖരൻ 2011-ൽ ആദ്യം മൽസരിച്ചപ്പോൾ 11, 000 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. 2016-ൽ വീണ്ടും മൽസരിച്ചപ്പോൾ ഭൂരിപക്ഷം 26,000 ആയി വർദ്ധിച്ചു. ഇടത് ജനാധിപത്യമുന്നണിയിലെ മുഖ്യ ഘടകകക്ഷിയായ സിപിഎമ്മിന്റെ ശക്തികേന്ദ്രമായ മടിക്കൈ ഉൾപ്പെട്ട കാഞ്ഞങ്ങാട് മണ്ഡലത്തിൽ ഇടതുമുന്നണിയുടെ ശക്തിക്കൊപ്പം ചന്ദ്രശേഖരന്റെ വ്യക്തിപ്രഭാവം കൂടിയായപ്പോൾ കഴിഞ്ഞ തവണ ഭൂരിപക്ഷം വർദ്ധിക്കുകയായിരുന്നു.
വികസന പ്രവർത്തനങ്ങൾ മണ്ഡലത്തിന്റെ എല്ലാ മേഖലകളിലുമെത്തിക്കാൻ കഴിഞ്ഞതോടെ കക്ഷി രാഷ്ട്രീയത്തിനതീതമായി പൊതു സമൂഹത്തിന്റെ അംഗീകാരം നേടിയെടുക്കാൻ കഴിഞ്ഞ ആത്മവിശ്വാസത്തോടെയാണ് മൂന്നാം അങ്കത്തിന് ചന്ദ്രശേഖരൻ ഇറങ്ങിയിട്ടുള്ളത്. 3530 കോടി രൂപയുടെ വികസനം കാഞ്ഞങ്ങാട് മണ്ഡലത്തിൽ നടത്തിയിട്ടുണ്ടെന്നാണ് ഇടതുമുന്നണിയുടെ പ്രധാന പ്രചാരണം. യുഡിഎഫ് കേന്ദ്രങ്ങളിലെ വോട്ട് കൂടി ലക്ഷ്യമിട്ട് വെളളരിക്കുണ്ടിൽ റവന്യൂടവർ സ്ഥാപിച്ചതും വലിയ നേട്ടമായി ഇ. ചന്ദ്രശേഖരൻ എടുത്തു പറയുന്നു.
കോട്ടച്ചേരി മേൽപ്പാലം, കാഞ്ഞങ്ങാട് അമ്മയും കുഞ്ഞും ആശുപത്രി, പരപ്പ ട്രൈബൽ ഓഫീസ്, മണ്ഡലത്തിൽ സർക്കാർ ആശുപത്രികളുടെയും റോഡുകളുടെയും വികസനം തുടങ്ങി ഇടതുപക്ഷത്തിന്റെ ഒട്ടേറെ നേട്ടങ്ങൾ എണ്ണിയെണ്ണിപ്പറയുമ്പോൾ സംസ്ഥാന സർക്കാരിന്റെ പൊതുവായ നേട്ടങ്ങളും ഒപ്പം ചേർത്താണ് ചന്ദ്രശേഖരന്റെ പ്രചാരണ പ്രവർത്തനങ്ങൾ മുന്നോട്ട് പോകുന്നത്. ഒന്നാം ഘട്ടത്തിൽ വ്യക്തികളെയും സ്ഥാപനങ്ങളെയും സന്ദർശിച്ച് പ്രചാരണത്തിന് തുടക്കം കുറിച്ച ചന്ദ്രശേഖരൻ രണ്ടാം ഘട്ടത്തിൽ ഒരു ദിവസം ഒരു പഞ്ചായത്ത് എന്ന രീതിയിൽ പര്യടനം നടത്തി ആത്മവിശ്വാസത്തോടെ പ്രരരചാരണത്തിന്റെ മൂന്നാം ഘട്ടത്തിലേക്ക് കടന്നു.
ഒട്ടേറെ അനിശ്ചിതത്വങ്ങൾക്ക് വിരാമമിട്ട് വൈകിക്കിട്ടിയ സ്ഥാനാർത്ഥിയെ ചുരുങ്ങിയ ദിവസങ്ങൾക്കകം സജീവതയിലെത്തിക്കാൻ കഴിഞ്ഞ ആത്മവിശ്വാസത്തോടെയാണ് യുവത്വത്തിന്റെ പ്രസരിപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥി പി. വി. സുരേഷിന്റെ തേരോട്ടം. സ്വന്തം മണ്ഡലമായ കാഞ്ഞങ്ങാട്ട് സുരേഷിന്റെ വിപുലമായ വ്യക്തിബന്ധങ്ങൾ വോട്ടായി മാറുമെന്ന പ്രതീക്ഷയും യുഡിഎഫിനുണ്ട്. യുഡിഎഫിന് കടന്നു ചെല്ലാൻ കഴിയാത്ത ഇടതുമുന്നണിയുടെ നെടുങ്കോട്ടകളിൽ ഉൾപ്പടെ കടന്നുചെല്ലാനുള്ള പി. വി. സുരേഷിന്റെ ആർജ്ജവം ഇടതു പ്രചാരങ്ങളെ അതിജീവിക്കാൻ പാകത്തിലുള്ളതാണ്. ചന്ദ്രശേഖരൻ അവകാശപ്പെടുന്ന 3530 കോടിയുടെ വികസനത്തെ ആ കോടികൾ എവിടെ നിന്നാണ് എന്ന ചോദ്യം കൊണ്ട് പി. വി. സുരേഷ് ഫലപ്രദമായി നേരിടുന്നു.
മലയോരമേഖലയാണ് കാഞ്ഞങ്ങാട് മണ്ഡലത്തിൽ യുഡിഎഫിന്റെ പ്രധാന വോട്ട് ബാങ്കുകൾ മലയോരത്തെ ക്രിസ്തീയ വിഭാഗത്തിന്റെ വോട്ടുകളും തീരദേശപ്രദേശങ്ങളിലെ മുസ്ലീം ന്യൂനപക്ഷ വിഭാഗ വോട്ടുകളുമാണ് സുരേഷിന്റെ പ്രതീക്ഷ. ഇതിനെല്ലാം പുറമെ ഏതാനും സമുദായ വിഭാഗങ്ങളുടെ വോട്ടുകളിലുംസുരേഷിന് പ്രതീക്ഷയുണ്ട്. ലോക് സഭ തെരഞ്ഞെടുപ്പിൽ മറ്റു മണ്ഡലങ്ങളിൽ യുഡിഎഫിന് വലിയ നേട്ടമുണ്ടാകാൻ കഴിഞ്ഞു. എന്നാൽ ഇതെല്ലാം മറികടന്ന് വിജയം നേടാനാവുമെന്ന യുഡിഎഫിന്റെ പ്രതീക്ഷ കണ്ടറിയേണ്ടിയിരിക്കുന്നു. കാഞ്ഞങ്ങാട് നഗരത്തിൽ അറിയപ്പെടുന്ന വ്യാപാരിയും നഗരസഭ കൗൺസിലറുമായ എം. ബൽരാജിനെയാണ് എൻഡിഏ
സ്ഥാനാർത്ഥിയായി ബിജെപി രംഗത്തിറക്കിയിട്ടുള്ളത്. വ്യക്തിബന്ധങ്ങളും സമൂഹത്തിന്റെ അംഗീകാരവുമെല്ലാം വോട്ടായി മാറിയാലും അതിനെ ശക്തമായ ത്രികോണ മൽസരംമാക്കി മാറ്റാൻ കഴിയുന്ന സാഹചര്യമല്ല കാഞ്ഞങ്ങാടിന്റേത്.