കാണിയൂർ പാത തെരഞ്ഞെടുപ്പ് വിഷയമാക്കി കോൺഗ്രസ്സ്

പദ്ധതിയുടെ പകുതി വിഹിതം നൽകാൻ തീരുമാനമായില്ല
 
കാഞ്ഞങ്ങാട്: അത്യുത്തര കേരളത്തിന്റെയും ദക്ഷിണ കർണ്ണാടകയുടെയും സ്വപ്ന പദ്ധതിയായ കാഞ്ഞങ്ങാട്- കാണിയൂർ റെയിൽ പാത വിഷയം നിയമസഭാ തെരഞ്ഞെടുപ്പിൽ പ്രചാരണ വിഷയമാക്കാൻ കോൺഗ്രസ്സ് തയ്യാറെടുക്കുന്നു. ഇതിന് മുന്നോടിയായാണ് കഴിഞ്ഞ ദിവസം ഐഎൻടിയുസി നേതൃത്വത്തിൽ കാഞ്ഞങ്ങാട്ട് പ്രതിഷേധ സംഗമം നടത്തിയത്. വിഷയത്തിൽ സംസ്ഥാന സർക്കാറിനെ രൂക്ഷമായി വിമർശിച്ചാണ് രാജ്മോഹൻ ഉണ്ണിത്താൻ എംപി പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്തത്.

ഇതോടെ കാണിയൂർ പാത വിഷയം തെരഞ്ഞെടുപ്പ് പ്രചാരണത്തിനുപയോഗിക്കുന്നതിന്റെ ആദ്യവെടിയാണ് ഉണ്ണിത്താൻ പൊട്ടിച്ചത്. കേന്ദ്ര സർക്കാർ നടപ്പിലാക്കുന്ന പദ്ധതികളുടെ പകുതി വിഹിതം അതാത് സംസ്ഥാന സർക്കാരുകൾ നൽകണമെന്നതാണ് കേന്ദ്ര മാനദണ്ഡം. ഇപ്രകാരം കേരള സർക്കാർ പകുതി വിഹിതം നൽകാമെന്ന് തീരുമാനമെടുക്കുകയും കേരളത്തിലെ ഇടതുമുന്നണി സർക്കാരിന്റെ ആദ്യബജറ്റിൽ ഇതിനായി പണമനുവദിക്കുകയും ചെയ്തിരുന്നു.

കേന്ദ്ര റെയിൽവെ മന്ത്രാലയത്തിന്റെ പ്രത്യേക സംഘം പദ്ധതിയുടെ സർവ്വെ നടപടികൾ പൂർത്തിയാക്കി റെയിൽപാത ലാഭകരമാണെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. ഇത് സംബന്ധിച്ച സർവ്വെ റിപ്പോർട്ട് ഇപ്പോഴും ദക്ഷിണ റെയിൽവെയുടെ ചെന്നൈ ആസ്ഥാനത്ത് പൊടി പിടിച്ച് കിടക്കുകയാണ്. കേരളത്തെപ്പോലെ കർണ്ണാടക സർക്കാരും സമാനമായ തീരുമാനമെടുക്കേണ്ടതുണ്ട്. ഇതു സംബന്ധിച്ച് കാഞ്ഞങ്ങാട് കേന്ദ്രമായി പ്രവർത്തിക്കുന്ന കർമ്മ സമിതി ഭാരവാഹികൾ കർണ്ണാടകം ഭരിച്ച കോൺഗ്രസ്സ് മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് നിവേദനം നൽകുകയും, കേരള സർക്കാർ തീരുമാനത്തിന്റെ പകർപ്പുൾപ്പടെ നൽകിയിരുന്നുവെങ്കിലും അനുകൂലമായ തീരുമാനമുണ്ടായില്ല.

പിന്നീട് കോൺഗ്രസ്സ് പിന്തുണയോടെ അധികാരത്തിൽ വന്ന കർണ്ണാടക മുഖ്യമന്ത്രി ജനതാദൾ എസ്സിലെ കുമാര സ്വാമിയെയും ജെഡിഎസ് ദേശീയ അധ്യക്ഷൻ മുൻ പ്രധാനമന്ത്രി ദേവഗൗഢയെയും നേരിൽക്കണ്ട കൺവീനർ സി. യൂസഫ് ഹാജിയുടെ നേതൃത്വത്തിൽ കർമ്മസമിതി നിവേദനം നൽകിയെങ്കിലും ഉറപ്പുകൾ നൽകിയതല്ലാതെ തീരുമാനമുണ്ടായില്ല. ഇപ്പോഴത്തെ കർണ്ണാടക സർക്കാരിന്റെ മുഖ്യമന്ത്രി യദ്യൂരപ്പയുൾപ്പടെയുള്ളവർക്കും ഇതു സംബന്ധിച്ച് പല തവണ നിവേദനങ്ങൾ നൽകിയിരുന്നു.

കർണ്ണാടകയിലെ സുള്ള്യ പ്രദേശത്തുൾപ്പെട്ട കാണിയൂർ പ്രദേശത്ത് കൂടിയാണ് കാഞ്ഞങ്ങാട്- കാണിയൂർ റെയിൽ പാത കടന്നുപോകേണ്ടത്. കാഞ്ഞങ്ങാട് രൂപീകൃതമായ കർമ്മസമിതിയുടെ നേതൃത്വത്തിൽ യോഗം ചേരുകയും ജനപ്രതിനിധികൾക്കുൾപ്പടെ കാര്യങ്ങൾ ധരിപ്പിക്കുകയും ചെയ്തതാണ്. സുള്ള്യ എംഎൽഏ അങ്കാര ഈയിടെ കർണ്ണാടക മന്ത്രിസഭയിൽ അംഗമായിട്ടുണ്ട്. കർണ്ണാടക സർക്കാർ രാഷ്ട്രീയവും നയപരവുമായ തീരുമാനമെടുത്താൽ മാത്രമെ കാഞ്ഞങ്ങാട്- കാണിയൂർ പാത യാഥാർത്ഥ്യമാക്കാൻ സാധിക്കുകയുള്ളൂവെന്നതാണ് ഇപ്പോഴത്തെ നില.

ഇതിനായി കേന്ദ്ര മന്ത്രി സദാനന്ദ ഗൗഢയെയും മംഗളൂരുവിൽ നിന്നുള്ള ബിജെപി ലോകസഭാംഗവും നിലവിൽ ബിജെപി കർണ്ണാടക സംസ്ഥാന പ്രസിഡണ്ടുമായ നളിൻകുമാർ കട്ടീലിനെയും കാഞ്ഞങ്ങാട്ടെ കർമ്മസമിതി ഭാരവാഹികൾ സമീപിച്ചിരുന്നു. കർണ്ണാടക സർക്കാരിനെക്കൊണ്ട് അനുകൂലമായ തീരുമാനമെടുപ്പിച്ചാൽ മാത്രമെ കാഞ്ഞങ്ങാട്- കാണിയൂർ പാത യാഥാർത്ഥ്യമാക്കാൻ സാധിക്കുകയുള്ളൂവെന്നതാണ് വസ്തുത.

LatestDaily

Read Previous

കിണറിന്റെ കപ്പിയിൽ തൂങ്ങിയ വൃദ്ധൻ കയർ പൊട്ടി വീണ് മുങ്ങി മരിച്ചു

Read Next

അജാനൂരിൽ പതിനൊന്നുകാരിയെ പീഡിപ്പിച്ച പ്രതി മുങ്ങി