കോൺഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പ്; തരൂരിന്റെ ആരോപണങ്ങളോട് പ്രതികരിച്ച് ഖാർ​ഗെ

ന്യൂഡൽഹി: കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് എതിരാളിയായ മല്ലികാർജുൻ ഖാർഗെയെ ചില നേതാക്കൾ പരസ്യമായി പിന്തുണയ്ക്കുന്നുവെന്ന തരൂരിന്റെ ആരോപണത്തോട് പ്രതികരിച്ച് ഖാർഗെ. തങ്ങൾ സഹോദരങ്ങളാണെന്നും പരസ്പരം പ്രതികാരബുദ്ധിയില്ലെന്നും ഖാർഗെ പറഞ്ഞു. ‘ഞങ്ങൾ സഹോദരങ്ങളാണ്. ചിലർ അത് വേറെ രീതിയിൽ പറഞ്ഞിട്ടുണ്ടാകാം. അത് വ്യത്യസ്തമായി പറയാൻ ഞാൻ ആഗ്രഹിക്കുന്നു. തമ്മിൽ പക്ഷഭേദമില്ല’ ഖാർഗെ പറഞ്ഞു. ചില പിസിസി അധ്യക്ഷൻമാരും മുതിർന്ന നേതാക്കളും താനുമായുള്ള കൂടിക്കാഴ്ച ഒഴിവാക്കുകയാണെന്ന് ശശി തരൂർ ആരോപിച്ചിരുന്നു. ഈ നേതാക്കളെല്ലാം ഖാർഗെയെ ഊഷ്മളമായി സ്വാഗതം ചെയ്യുന്നുവെന്നും തരൂർ പറഞ്ഞു. ‘സംവിധാനത്തിൽ പോരായ്മകളുണ്ട്, അവ നമുക്കെല്ലാവർക്കും അറിയാം. കഴിഞ്ഞ 22 വർഷമായി പാർട്ടി അധ്യക്ഷന്‍റെ തിരഞ്ഞെടുപ്പ് നടക്കാത്തതാണ് പ്രശ്നം’ തരൂർ പറഞ്ഞു.

കോൺഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പ് സ്വതന്ത്രവും നീതിയുക്തവുമായ രീതിയിൽ നടക്കുമെന്നും ഖാർഗെയോട് ശത്രുതയില്ലെന്നും തരൂർ പിന്നീട് വ്യക്തമാക്കി. കോൺഗ്രസിന് പുതിയ ഊർജ്ജം നൽകാനാണ് മത്സരിക്കുന്നത്. രഹസ്യ ബാലറ്റുകളാണ് വോട്ടിംഗിനായി ഉപയോഗിക്കുന്നത്. തികഞ്ഞ രഹസ്യസ്വഭാവം കാത്തുസൂക്ഷിച്ചുകൊണ്ടാണ് വോട്ടെടുപ്പ് നടക്കുക. സിസ്റ്റത്തിലെ ചില തെറ്റുകളാണ് ഞാൻ ചൂണ്ടിക്കാണിക്കുന്നത്. പലർക്കും വിലാസമോ വിവരമോ ഇല്ല. അതിനാൽ, ബന്ധപ്പെടാൻ കഴിയുന്നില്ല. പിസിസി തലത്തിലും താഴെത്തട്ടിലും തിരഞ്ഞെടുപ്പ് നടത്തണമെന്നും തരൂർ കൂട്ടിച്ചേർത്തു. ഖാർഗെയ്ക്ക് വേണ്ടി ചെന്നിത്തല നടത്തുന്ന പ്രചാരണം തിരഞ്ഞെടുപ്പ് അതോറിറ്റി പരിശോധിക്കണമെന്നും തരൂർ ആവശ്യപ്പെട്ടു. 

80 കാരനായ ഖാർഗെ ഗാന്ധി കുടുംബവുമായുള്ള അടുപ്പം കാരണം പാർട്ടിയിൽ പ്രിയങ്കരനാണ്. അതേസമയം, തിരഞ്ഞെടുപ്പിൽ ഗാന്ധി കുടുംബത്തിന് നിഷ്പക്ഷ നിലപാടാണെന്നും തരൂർ പറഞ്ഞു. ഒക്ടോബർ 17നാണ് പാർട്ടി അധ്യക്ഷ തിരഞ്ഞെടുപ്പ് നടക്കുക. ഫലം 19ന് പ്രഖ്യാപിക്കും. തിരഞ്ഞെടുപ്പിൽ ഖാർഗെയ്ക്ക് ഭാരവാഹികൾ പരസ്യമായി പിന്തുണ നൽകിയതിൽ പ്രതിഷേധിച്ച് തരൂർ അനുകൂലികൾ ഹൈക്കമാൻഡിന് രേഖാമൂലം പരാതി നൽകിയിട്ടുണ്ട്.  

K editor

Read Previous

വടക്കഞ്ചേരി അപകടം: മരിച്ചവരുടെ കുടുംബങ്ങൾക്ക് സംസ്ഥാന സർക്കാർ നഷ്ടപരിഹാരം പ്രഖ്യാപിച്ചു

Read Next

‘വരാല്‍’ നാളെ തിയേറ്ററുകളിൽ; പുതിയ ടീസര്‍ പുറത്തുവിട്ടു