കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ്: വോട്ടർപട്ടിക സെപ്റ്റംബർ 20ന് പുറത്തുവിടും

ഡൽഹി: കോൺഗ്രസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിനുള്ള ഏകീകൃത വോട്ടർപട്ടിക സെപ്റ്റംബർ 20ന് പ്രസിദ്ധീകരിക്കും. കോൺഗ്രസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ അർഹതയുള്ള ഒമ്പതിനായിരത്തിലധികം പേരുടെ പേരുകൾ പ്രസിദ്ധീകരിക്കും. അനാവശ്യ വിവാദങ്ങൾ ഒഴിവാക്കാനാണ് തീരുമാനമെന്ന് കോൺഗ്രസ് തിരഞ്ഞെടുപ്പ് കമ്മിറ്റി അറിയിച്ചു. വോട്ടർപട്ടികയുടെ സുതാര്യതയെക്കുറിച്ച് കത്തെഴുതിയ ശശി തരൂരിനും മറ്റുള്ളവർക്കുമാണ് തിരഞ്ഞെടുപ്പ് കമ്മിറ്റി മറുപടി നൽകിയത്.

10 അംഗങ്ങളുടെ പിന്തുണയോടെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ നാമനിർദ്ദേശ പത്രിക സമർപ്പിച്ച ആർക്കും പട്ടിക പരിശോധിക്കാമെന്ന് തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ മധുസൂദനൻ മിസ്ത്രി മറുപടിയിൽ പറഞ്ഞു. രാവിലെ 11 മണിക്കും വൈകിട്ട് 6 മണിക്കും ഇടയിൽ വോട്ടർപട്ടിക പരിശോധിക്കണമെന്നാണ് തിരഞ്ഞെടുപ്പ് സമിതിയുടെ നിർദേശം.

വോട്ടർപട്ടിക വേണമെന്ന ആവശ്യം ദുർവ്യാഖ്യാനം ചെയ്യുന്നത് ദൗർഭാഗ്യകരമാണെന്ന് മധുസൂദൻ മിസ്ത്രിക്ക് അയച്ച കത്തിൽ എം.പിമാർ നേരത്തെ പറഞ്ഞിരുന്നു. പാർട്ടിയുടെ ആഭ്യന്തര രേഖകൾ പുറത്തുവിടണം എന്നല്ല ഇതിനർത്ഥം. നാമനിർദ്ദേശ പത്രികാ സമർപ്പണ പ്രക്രിയ ആരംഭിക്കുന്നതിന് മുമ്പ് തന്നെ ഇലക്ടറൽ കോളേജിലെ യോഗ്യതയുള്ള പിസിസി കമ്മിറ്റി അംഗങ്ങളുടെ പട്ടിക പാർട്ടിയുടെ കേന്ദ്ര തിരഞ്ഞെടുപ്പ് അതോറിറ്റി പുറത്തുവിടണമെന്നാണ് ആവശ്യം. നാമനിർദ്ദേശം ചെയ്യപ്പെടാൻ ആർക്കാണ് അർഹതയെന്നും ആർക്കാണ് വോട്ടവകാശമെന്നും വ്യക്തമായി കണ്ടെത്താൻ ഇത് സഹായിക്കുമെന്ന് കത്തിൽ ചൂണ്ടിക്കാണിക്കുന്നു.

K editor

Read Previous

ആറന്മുള ജലോത്സവത്തിൻ്റെ വര്‍ണാഭമായ ഉദ്ഘാടന ചടങ്ങ് ഒഴിവാക്കി

Read Next

ടീ ഷര്‍ട്ട് വിവാദത്തില്‍ രാഹുലിന് പിന്തുണയുമായി മഹുവ മൊയ്ത്ര