കർഷക കോൺഗ്രസ് നേതാവിന്റെ വീട്ടിൽ പ്രവാസി കോൺഗ്രസ് നേതാവിന്റെ പരാക്രമം

പടന്നക്കാട്: കർഷക കോൺഗ്രസ് കാസർകോട് ജില്ലാ പ്രസിഡണ്ട്, ഐങ്ങോത്തെ യു.വി. അബ്ദുൾ റഹ്മാന്റെ വീട്ടിൽ പ്രവാസി കോൺഗ്രസ് ജില്ലാ പ്രസിഡണ്ട് പത്മരാജൻ ഐങ്ങോത്തിന്റെ പരാക്രമം.

ജുലായ് 7 ന് ചൊവ്വാഴ്ച രാത്രി 9 മണിക്ക് യു.വി അബ്ദുൾ റഹിമാൻ താമസിക്കുന്ന ഐങ്ങോത്തെ വീട്ടിലാണ് പരാക്രമം.

റഹ്മാന്റെ വീട്ടുവരാന്തയിലുണ്ടായിരുന്ന രണ്ടു കസേരകൾ, കാരംസ് ബോർഡ് എന്നിവ പത്മരാജൻ ചവിട്ടിത്തകർത്തു.

കോൺഗ്രസ് നിയന്ത്രണത്തിൽ ഐങ്ങോത്ത് പ്രവർത്തിക്കുന്ന തിരംഗ ക്ലബ്ബിലെ അംഗങ്ങളുടെ രാത്രികാല സല്ലാപവും കാരംസ് കളിയും മറ്റും കഴിഞ്ഞ ഒരു മാസക്കാലമായി യു.വി അബ്ദുൾ റഹിമാന്റെ വീട്ടിലെ കാർ ഷെഡ്ഡിലാണ്.

പത്മരാജൻ, മരാമത്ത് ജീവനക്കാരൻ, ഗോപി, തുടങ്ങിയവർ അബ്ദുൾ റഹിമാന്റെ വീട്ടിൽ നിത്യവും സല്ലാപത്തിന് ഒത്തുകൂടാറുണ്ട്.

ചൊവ്വാഴ്ച രാത്രി, വാക്കിൽ പിഴച്ചപ്പോൾ പത്മരാജൻ അബ്ദുൾ റഹിമാന്റെ  ഉപ്പയെ പറഞ്ഞപ്പോൾ, റഹ്മാനും, പത്മരാജനും തമ്മിൽ ഉന്തും തള്ളും നടന്നു.

കർഷക കോൺഗ്രസ് നേതാവ്,  പ്രവാസി കോൺഗ്രസ് നേതാവിനോട് വീട്ടിൽ നിന്നിറങ്ങാൻ ആവശ്യപ്പെട്ടപ്പോഴാണ്, പത്മരാജൻ ഈ വീട്ടുവരാന്തയിലുണ്ടായിരുന്ന രണ്ട് പ്ലാസ്റ്റിക് കസേരകൾ തല്ലിപ്പൊളിച്ചത്.

അരിശം തീരാത്തതിനാൽ, കാരംസ് ബോർഡും പത്മരാജൻ തകർത്തു. പത്മരാജനെ നേടിടാൻ യു.വി അബ്ദുൾ റഹിമാൻ എഴുന്നേറ്റുവെങ്കിലും, വീട്ടിലുണ്ടായിരുന്ന മറ്റു ചില കോൺഗ്രസ് അനുഭാവികൾ ഇടപെട്ട് റഹ്മാനെ ശാന്തമാക്കി.പത്മരാജൻ പിന്നീട് വീട്ടിൽ നിന്ന് ഓടി രക്ഷപ്പെട്ടു.

അബ്ദുൾ റഹിമാൻ വിളിച്ചതനുസരിച്ച് ഹൊസ്ദുർഗ്ഗ് പോലീസ് എസ്ഐ, രാത്രിയിൽ റഹ്മാന്റെ വീട്ടിൽ കുതിച്ചെത്തി.

ഈ വീടിന് തൊട്ടു മുന്നിൽ ദേശീയപാതയ്ക്ക് പടിഞ്ഞാറു ഭാഗത്തുള്ള പത്മരാജന്റെ വീട് റഹ്മാൻ പോലീസിന് കാണിച്ചു കൊടുത്തു.

പോലീസ് പാർട്ടി ഉടൻ ആ വീട്ടിലെത്തിയപ്പോൾ, പത്മരാജൻ വീടിന്റെ പിന്നിലൂടെ ഇരുളിൽ ഓടി രക്ഷപ്പെടുകയും ചെയ്തു.

ഓടിയ ആളെ, ഓടിപ്പിടിക്കാമായിരുന്നില്ലേയെന്ന് റഹ്മാൻ പോലീസിനോട് ചോദിച്ചപ്പോൾ, ഓടിയ ആൾ കിണറിൽ വീണു ചത്താൽ, നാളെ ഞങ്ങളുടെ പണി തെറിക്കില്ലേയെന്ന് പോലീസ് പരാതിക്കാരനോട് തിരിച്ചു ചോദിക്കുകയും ചെയ്തു.

വീടാക്രമിച്ച സംഭവത്തിൽ പോലീസിൽ പരാതി നൽകാൻ യു.വി അബ്ദുൾ റഹിമാൻ പിറ്റേന്ന് ശ്രമിച്ചുവെങ്കിലും. പത്മരാജന് വേണ്ടപ്പെട്ട ചില കോൺഗ്രസ് പ്രവർത്തകർ ഇടപെട്ടതിനാൽ റഹ്മാൻ പരാതി വേണ്ടെന്നുവെച്ചു.

LatestDaily

Read Previous

പ്രവാസി കിണറ്റിൽച്ചാടി ആത്മഹത്യ ചെയ്തു

Read Next

ചെറുവത്തൂരിൽ കോൺഗ്രസ് – ലീഗ് ബന്ധം തകർന്നു