ഖദര്‍ ഉടയാതെ, മേലനങ്ങാതെയുമുള്ള കളി കോണ്‍ഗ്രസില്‍ ഇനിയില്ല

ഭാരവാഹികളുടെയും പാര്‍ട്ടി ഘടകങ്ങളുടേയും മികവ് വിലയിരുത്താന്‍ ഗ്രേഡും റാങ്കും വരുന്നു, പച്ചക്കാര്‍ഡും മഞ്ഞക്കാര്‍ഡും ചുവപ്പുകാര്‍ഡും

തിരുവനന്തപുരം: അലക്കിത്തേച്ച ഖദര്‍ ഉടയാതെയും മേലനങ്ങാതെയുമുള്ള നേതാവ് കളി ഇനി കോണ്‍ഗ്രസില്‍ നടക്കില്ല. കെ.പി.സി.സി. മുതല്‍ ബൂത്തതലംവരെ ഭാരവാഹികളുടെയും പാര്‍ട്ടി ഘടകങ്ങളുടേയും മികവ് വിലയിരുത്തി ഗ്രേഡ് ഇടാന്‍ തീരുമാനം.

ഓരോ പദ്ധതിയിലും സര്‍ക്കാര്‍ നടത്തുന്ന പെര്‍ഫോമന്‍സ് ഓഡിറ്റ് മാതൃകയിലാവും ഇത്. തദ്ദേശതെരഞ്ഞെടുപ്പും, തുടര്‍ന്ന് നിയമസഭാ തെരഞ്ഞെടുപ്പും വരുന്ന സാഹചര്യത്തില്‍ സംഘടനാ സംവിധാനം ശക്തമാക്കാനാണ് പെര്‍ഫോമന്‍സ് അസസ്‌മെന്റ് സിസ്റ്റം (പി.എ.എസ്).

പ്രവര്‍ത്തിക്കാതെ നേതാവ് ചമഞ്ഞ് നടക്കുന്നവര്‍ക്കെല്ലാം ഇതോടെ പിടിവീഴും.

സംഘടനാ മികവിനോടൊപ്പം സന്നദ്ധ പ്രവര്‍ത്തനവും വിലയിരുത്തും. പ്രതിമാസ റിപ്പോര്‍ട്ടിങ്ങിന്റെയും നിശ്ചിത മാനദണ്ഡങ്ങളുടേയും അടിസ്ഥാനത്തില്‍ പെര്‍ഫോര്‍മേഴ്‌സ് (ഗ്രീന്‍), ആവറേജ് പെര്‍ഫോര്‍മേഴ്‌സ് (യെല്ലോ), നോണ്‍ പെര്‍ഫോര്‍മേഴ്‌സ് (റെഡ്) ആയി ഭാരവാഹികളെയും ഘടകങ്ങളേയും തരംതിരിക്കും.

മൂന്നു മാസം കൂടുമ്പോള്‍ എ.ഐ.സി.സിക്ക് ഇതുമായി ബന്ധപ്പെട്ടു റിപ്പോര്‍ട്ട് നല്‍കും. കോവിഡ് കാലത്ത് ഓണ്‍െലെനായാണ് റിപ്പോര്‍ട്ടിങ്. രണ്ടു മാസം കൂടുമ്പോള്‍ കെ.പി.സി.സി. പ്രസിഡന്റ് ഭാരവാഹികളുമായി കൂടിക്കാഴ്ച നടത്തി ആവശ്യമെങ്കില്‍ തിരുത്തല്‍ നടപടികള്‍ നിർദ്ദേശിക്കും. കെ.പി. സി.സി. ഭാരവാഹികളുടേയും, ഡി.സി.സി. പ്രസിഡന്റുമാരുടേയും, ആദ്യ റിപ്പോര്‍ട്ടിങ് ഈ വരുന്ന പത്തിനകം നടക്കും. തുടര്‍ന്നുള്ള എല്ലാ മാസവും അഞ്ചിനുള്ളിലാണ് റിപ്പോര്‍ട്ടിങ്.

ഡി.സി.സി. ഭാരവാഹികള്‍, ബ്ലോക്ക് പ്രസിഡന്റുമാര്‍, മണ്ഡലം പ്രസിഡന്റുമാര്‍, പോഷക സംഘടനാ ഭാരവാഹികള്‍, അസംബ്ലി, ബ്ലോക്ക് മണ്ഡലം ചുമതലക്കാര്‍ എന്നിവരുടെ റിപ്പോര്‍ട്ടിങ് അടുത്ത മാസം തുടങ്ങും. തുടര്‍ന്ന് ബൂത്ത്, വാര്‍ഡ് തലങ്ങളിലേക്ക് വ്യാപിപ്പിക്കുമെന്ന് കെ.പി.സി.സി സംഘടനാചുമതലയുള്ള ജനറല്‍ സെക്രട്ടറി കെ.പി. അനില്‍കുമാര്‍ അറിയിച്ചു.

കെ.പി.സി.സി. ജനറല്‍ സെക്രട്ടറി സജീവ് ജോസഫിനാണ് പി.എ.എസിന്റെ ഏകോപന ചുമതല.

പുതുക്കിയ മാതൃക പരിചയപ്പെടുത്താന്‍ ഇന്നു രാവിലെ 10.30-നു ഡി.സി.സി. പ്രസിഡന്റുമാരുടെയും ജില്ലയുടെ ചുമതല

യുള്ള കെ.പി.സി.സി ഭാരവാഹികളുടെയും രണ്ടിന് മറ്റു ചുമതലകളുള്ള കെ.പി.സി.സി. ഭാരവാഹികളുടെയും വീഡിയോ കോണ്‍ഫറന്‍സ് നടത്തും.

LatestDaily

Read Previous

കോവിഡ് മോചിതന് സ്വീകരണം ഒരുക്കിയവർ പുലിവാലിൽ

Read Next

കർണ്ണാടകയിലേക്കുള്ള എല്ലാ റോഡുകളും കേരളവും കർണ്ണാടകവും അടച്ചു