പിലിക്കോട് ബാങ്ക് പ്രസിഡണ്ടിന്റെ രാജിയാവശ്യപ്പെട്ട് ഐ വിഭാഗം

ചെറുവത്തൂർ: പിലിക്കോട് സഹകരണ ബാങ്കിലെ പ്യൂൺ നിയമന അഴിമതിക്ക് കൂട്ടുനിന്ന ബാങ്ക് പ്രസിഡണ്ടിന്റെയും ഡറക്ടർമാരുടെയും രാജിയാവശ്യപ്പെട്ട് പിലിക്കോട് മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയിലെ ഐ വിഭാഗം ബാങ്ക് പ്രസിഡണ്ട് ഏ. വി. ചന്ദ്രന്റെ പിലിക്കോട് വയലിലെ വീട്ടിലേക്ക് മാർച്ച് നടത്തും. നാളെ രാവിലെയാണ് മാർച്ച്.

ഇന്നലെ നടന്ന പിലിക്കോട് മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി യോഗത്തിലാണ് നിയമന അഴിമതിക്ക് കൂട്ടു നിന്ന ബാങ്ക് പ്രസിഡണ്ടിന്റെ വീട്ടിലേക്ക് മാർച്ച് നടത്താൻ തീരുമാനമായത്. ഇന്നലെ നടന്ന മണ്ഡലം കമ്മിറ്റി യോഗത്തിൽ കോൺഗ്രസ്സിലെ ഏ വിഭാഗം പങ്കെടുത്തിരുന്നില്ല. പാർട്ടിക്ക് നാണക്കേടുണ്ടാക്കിയ പ്യൂൺ നിയമന അഴിമതിയിൽ കൂട്ടുനിന്ന ബാങ്ക് പ്രസിഡണ്ടും, ഡയറക്ടർമാരും രാജിവെക്കണമെന്നാണ് യോഗത്തിലുണ്ടായ പൊതുവികാരം.

കോൺഗ്രസ്സ് ഏ വിഭാഗത്തിന്റെ നിയന്ത്രണത്തിലുള്ള പിലിക്കോട് സർവ്വീസ് സഹകരണ ബാങ്കിൽ കുറേക്കാലമായി നടക്കുന്ന വിവാദങ്ങളും, അഴിമതിയാരോപണങ്ങളും കോൺഗ്രസ്സ് പിലിക്കോട് മണ്ഡലം കമ്മിറ്റിക്ക് ഏറെ അപമാനമുണ്ടാക്കിയിരുന്നു. ഏറ്റവുമൊടുവിൽ ബാങ്കിൽ നടന്ന പ്യൂൺ നിയമനത്തിലും ബാങ്ക്ഭരണ സമിതി പ്രസിഡണ്ടും, ഡയറക്ടർമാരും ആരോപണ വിധേയരായതോടെയാണ് ഐ വിഭാഗം ബാങ്ക് പ്രസിഡണ്ടിന്റെ രാജിയാവശ്യപ്പെട്ട് രംഗത്തെത്തിയത്.

പിലിക്കോട് സഹകരണ ബാങ്കിൽ പുതുതായി നിയമനം ലഭിച്ച പ്യൂൺ ബാങ്കിന്റെ കാലിക്കടവ് ശാഖയിൽ നടന്ന മുക്കുപണ്ട പണയത്തട്ടിപ്പിലെ പ്രതിപ്പട്ടികയിലുള്ളയാളുടെ മകനാണ്. ബാങ്കിലെ പ്യൂൺ നിയമനത്തെച്ചൊല്ലി ആദ്യം മുതൽ തർക്കങ്ങൾ നിലവിലുണ്ടായിരുന്നു.  ചെറുവത്തൂരിലെ ലോട്ടറി സ്റ്റാൾ ഉടമയുടെ ബന്ധുവിന് കോഴ വാങ്ങി ജോലി നൽകാനുള്ള രണ്ട് ബാങ്ക് ഡയറക്ടർമാരുടെ ശ്രമം പ്രതിഷേധത്തെത്തുടർന്ന് പൊളിഞ്ഞതോടെയാണ് പുതിയ നിയമനമുണ്ടായത്. ഈ നിയമനവും വിവാദക്കുരുക്കിൽ കിടക്കുകയാണ്. അതിനിടെ, നിലവിലെ സ്ഥിതി വിലിയിരുത്താൻ നാളെ ബാങ്ക് ഭരണസമിതി അടിയന്തിര യോഗം വിളിച്ചു ചേർത്തിട്ടുണ്ട്.

LatestDaily

Read Previous

സിപിഎം സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു മഞ്ചേശ്വരത്തെ സ്ഥാനാർത്ഥി നിർണ്ണയം തർക്കത്തിൽ

Read Next

മടിക്കൈയിൽ പത്ത് സിപിഐ ബ്രാഞ്ച് സിക്രട്ടറിമാർ രാജി സന്നദ്ധത അറിയിച്ചു