കോൺഗ്രസിൽ വീണ്ടും ഗ്രൂപ്പ് ; കെ. സി. വേണുഗോപാൽ പഴയ ഗ്രൂപ്പിനെ പുനഃസംഘടിപ്പിച്ചു

കാഞ്ഞങ്ങാട്: ഏ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണു ഗാപാലിന്റെ നേതൃത്വത്തിൽ കോൺഗ്രസിനുള്ളിൽ പുതിയ ഗ്രൂപ്പ്  രൂപീകരിക്കാൻ  അണിയറയിൽ നീക്കങ്ങൾ സജീവമായി.

കർണ്ണാടകയിൽ സംഘടനാ ചുമതലയുള്ള കെ.സി. വേണുഗോപാൽ തന്റെ തട്ടകം കേരളമാക്കാനൊരുങ്ങുന്നതായി നേരത്തെ വാർത്തകൾ ഉണ്ടായിരുന്നു. ഇത് ശരിവെയ്ക്കുന്ന വിധത്തിലാണ് ഏ.ഐ സിസി ജനറൽ സെക്രട്ടറിയായ കെ.സി. വേണുഗോപാലിന്റെ നേതൃത്വത്തിൽ പുതിയ ഗ്രൂപ്പ് ഉദയം ചെയ്യുന്നത്.

തദ്ദേശ ഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ്  നടക്കാൻ ചുരുങ്ങിയ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കേ, കോൺഗ്രസ് കേരളഘടകത്തിൽ പിടിമുറുക്കാനാണ് കെ.സി. വേണുഗോപാലിന്റെ ശ്രമം.

അടുത്ത വർഷം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ കണ്ണു നട്ടാണ്  രാജ്യസഭാ  എം പി കൂടിയായ കെ.സി. വേണുഗോപാലിന്റെ പ്രവർത്തനം.

അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫിന് ഭരണം ലഭിക്കുകയാണെങ്കിൽ മന്ത്രി സ്ഥാനം  ലഭിക്കാൻ പ്രവർത്തന മേഖല കേരളമാക്കണമെന്ന തിരിച്ചറിവാണ് കെ.സി. വേണുഗോപാലിന്റെ പുതിയ ഗ്രൂപ്പ് രൂപീകരണത്തിന് പിന്നിൽ .

6 ഡിസിസി പ്രസിഡന്റുമാർ ഇദ്ദേഹത്തോടൊപ്പമുണ്ടെന്നാണ് വിവരം. ഇവരിൽ കാസർകോട് ഡി.സി.സി. പ്രസിഡണ്ട് ഹക്കീം കുന്നിലും ഉൾപ്പെടുമെന്ന് സൂചനയുണ്ട്. മുല്ലപ്പള്ളി രാമചന്ദ്രൻ കെ.പി.സി.സി. പ്രസിഡന്റ് സ്ഥാനം ഏറ്റെടുത്തതോടെ കേരളത്തിൽ കോൺഗ്രസ് നിർജ്ജീവാവസ്ഥയിലാണ്. പ്രതിപക്ഷ നേതാവ്  രമേശ് ചെന്നിത്തലയാകട്ടെ തന്റെ നിലപാടുകൾ മൂലം  പൊതുരംഗത്ത് പരിഹാസ്യനായിത്തീർന്നതായും വിലയിരുത്തപ്പെട്ടിട്ടുണ്ട്.

കോവിഡ് രോഗ ഭീഷണിയുടെ കാലത്ത് രമേശ് ചെന്നിത്തല സർക്കാറിനെതിരെ  നടത്തിയ പത്ര സമ്മേളനങ്ങളെല്ലാം എട്ടു നിലയിൽ പൊട്ടിയതായി രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു. സംസ്ഥാനത്തെ കോൺഗ്രസ് ഗ്രൂപ്പ് കളിയിൽ ഏ വിഭാഗക്കാരനായ ഉമ്മൻചാണ്ടി ഏറെ ക്കുറെ തഴയപ്പെട്ട രീതിയിലുമാണ്.

ഈ പശ്ചാത്തലത്തിലാണ് കെ.സി. വേണുഗോപാൽ കേരള രാഷ്ട്രീയത്തിൽ കളം പിടിക്കാനിറങ്ങുന്നതെന്നാണ് വസ്തുത.

6 ഡിസിസി പ്രസിഡന്റുമാരെ ഒപ്പം നിർത്തിയാൽ അദ്ദേഹത്തിന് രാഷ്ട്രീയ വില പേശലിന് അത് ആയുധമാക്കാം. കാസർകോട് ഡി.സി.സി പ്രസിഡന്റിന് പുറമെ തിരുവനന്തപുരം , തൃശ്ശൂർ, മലപ്പുറം, വയനാട്, കണ്ണൂർ ഡി.സി.സി പ്രസിഡന്റുമാരും ഇദ്ദേഹത്തോടൊപ്പം ചേരുമെന്ന് വ്യക്തമായിട്ടുണ്ട്.

ഇവരിൽ കണ്ണൂർ ഡി.സി.സി. പ്രസിഡന്റായ സതീശൻ പാച്ചേനി കെ.സി. വേണുഗോപാലിന്റെ അടുത്ത സുഹൃത്ത് കൂടിയാണ്.

കോൺഗ്രസിലെ ഏ.ഐ ഗ്രൂപ്പുകളെ ഞെട്ടിച്ചു കൊണ്ട്  പുതുതായി രൂപം കൊണ്ട രാഷ്ട്രീയ അച്ചുതണ്ട് കേരളത്തിൽ ശക്തി പ്രാപിക്കുമോ എന്നാണ് രാഷ്ട്രീയ നിരീക്ഷകർ ഉറ്റു നോക്കുന്നത്.

LatestDaily

Read Previous

സ്വപ്നയ്ക്ക് ഉന്നതരുമായി ബന്ധം നയിച്ചത് ആഡംബര ജീവിതം

Read Next

കാടങ്കോട് ജമാഅത്തിന്റെ 20 ലക്ഷം രൂപയും വഖഫ് സ്വത്തിൽപ്പെടും