ഗ്രൂപ്പ് പോരിനെതിരെ ചെന്നിത്തലയുടെ പരസ്യ ശാസന

ചെറുവത്തൂർ: തൃക്കരിപ്പൂർ നിയോജക മണ്ഡലത്തിലെ കെപിസിസി, ഡിസിസി നേതാക്കൾക്ക് പ്രതിപക്ഷ നേതാവിന്റെ പരസ്യ ശാസന. കഴിഞ്ഞ ദിവസം ചെറുവത്തൂരിൽ നടന്ന തൃക്കരിപ്പൂർ നിയോജക മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി യോഗത്തിലാണ് പ്രതിപക്ഷ നേതാവ് കോൺഗ്രസ് നേതാക്കളെ പേരെടുത്ത് പറഞ്ഞ് പരസ്യമായി ശാസിച്ചത്.

വലിയപറമ്പ്, പടന്ന, ചെറുവത്തൂർ, പിലിക്കോട് ഗ്രാമപഞ്ചായത്തുകളിൽ പാർട്ടിക്കുള്ളിൽ നടക്കുന്ന പരസ്യമായ ഗ്രൂപ്പ് വഴക്കുകൾക്കെതിരെയാണ് കെപിസിസി നിർവ്വാഹക സമിതിയംഗങ്ങളായ പി.കെ. ഫൈസൽ, കെ.വി. ഗംഗാധരൻ, ഡിസിസി ജനറൽ സിക്രട്ടറി കെ.പി. പ്രകാശൻ, യുഡിഎഫ് നിയോജക മണ്ഡലം കമ്മിറ്റി അധ്യക്ഷൻ കെ. ശ്രീധരൻ എന്നിവരെ പ്രതിപക്ഷ നേതാവ് പേരെടുത്ത് പറഞ്ഞ് യോഗത്തിൽ പരസ്യമായി ശാസിച്ചത്.

ഗ്രൂപ്പ് കളിച്ച് തൃക്കരിപ്പൂരിലെ യുഡിഎഫ് സ്ഥാനാർത്ഥി എം.പി. ജോസഫിന് വോട്ട് കുറയ്ക്കരുതെന്നാണ് പ്രതിപക്ഷ നേതാവിന്റെ താക്കീത്. യുഡിഎഫ് വിജയ പ്രതീക്ഷ പുലർത്തുന്ന മണ്ഡലത്തിൽ കോൺഗ്രസിലെ ഗ്രൂപ്പ് വഴക്ക് വിജയത്തിന് തടസ്സമാകരുതെന്നും, രമേശ് ചെന്നിത്തല നേതാക്കൾക്ക് മുന്നറിയിപ്പ് നൽകി. തൃക്കരിപ്പൂർ മണ്ഡലത്തിന്റെ വിവിധ പഞ്ചായത്തുകളിൽ കോൺഗ്രസിലെ ഗ്രൂപ്പുകൾ തമ്മിൽ നടക്കുന്ന അഭിപ്രായ സംഘട്ടനങ്ങൾ പരിഹരിക്കാൻ ജില്ലയിലെ കെപിസിസി, ഡിസിസി ഭാരവാഹികൾക്ക് ചെന്നിത്തല നിർദ്ദേശം നൽകി.

മാർച്ച് 23നാണ് തെരഞ്ഞെടുപ്പ് പ്രചരണാർത്ഥം രമേശ് ചെന്നിത്തല ജില്ലയിലെത്തിയത്. ചെറുവത്തൂരിൽ നടന്ന കോൺഗ്രസ് തെരഞ്ഞെടുപ്പ് യോഗത്തിൽ നിന്നും കോൺഗ്രസിലെ ഏ,ഐ ഗ്രൂപ്പ് വിഭാഗം നേതാക്കളിൽ ചിലർ വിട്ടുനിന്നത് ചർച്ചാ വിഷയമായിട്ടുണ്ട്. അതേസമയം, പാർട്ടിക്കുപരി ഗ്രൂപ്പ് താൽപ്പര്യങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്ന ചില നേതാക്കൻമാരാണ് തൃക്കരിപ്പൂർ മണ്ഡലത്തിൽ കോൺഗ്രസ് പ്രസ്ഥാനത്തെ തകർക്കുന്നതെന്നാണ് കോൺഗ്രസ് അണികളുടെ ആക്ഷേപം.

പിലിക്കോട് മണ്ഡലം കോൺഗ്രസ് കമ്മിറ്റിക്കുള്ളിൽ അടുത്ത കാലത്തായി നടക്കുന്ന ഗ്രൂപ്പ് യുദ്ധങ്ങൾ കോൺഗ്രസ് പ്രസ്ഥാനത്തിന് നാണക്കേടുണ്ടാക്കിയതായും അണികൾ ആരോപിക്കുന്നു. നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് ശേഷവും ഗ്രൂപ്പ് യുദ്ധം നിർത്താതെ തുടരുന്നതിൽ കോൺഗ്രസ് അനുഭാവികൾക്കിടയിൽ നിരാശയുണ്ട്. ഗ്രൂപ്പ് യുദ്ധങ്ങൾ തൃക്കരിപ്പൂർ നിയോജക മണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥിയുടെ വിജയ സാധ്യതകളെ ഇല്ലാതാക്കുമെന്നും ഇവർ പറയുന്നു.

LatestDaily

Read Previous

72 കാരനെ അയൽവാസി വെടിവെച്ച് കൊന്നു

Read Next

അജാനൂരിൽ ലീഗ് പ്രവർത്തകർ തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കും