ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കേരളത്തിലെ കോൺഗ്രസ് സംഘടനാ സംവിധാനത്തിനും പ്രതിപക്ഷ നേതാവ് ഉൾപ്പെടെയുള്ള ജനപ്രതിനിധികൾക്കും എന്തു സംഭവിച്ചുവെന്ന ചോദ്യം രാഷ്ട്രീയ നിരീക്ഷകർക്കിടയിൽ സജീവമാണ്.
ഈ ചോദ്യങ്ങളെയും സംശയങ്ങളെയും ബലപ്പെടുത്തുന്ന വിധത്തിലാണ് കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളി മാരചന്ദ്രൻ സംസ്ഥാന ആരോഗ്യവകുപ്പ് മന്ത്രിക്കെതിരെ വിവാദ പ്രസ്താവന ഇറക്കിയത്. ആരോഗ്യരംഗത്ത് കേരളത്തിന്റെ ഖ്യാതി വിദേശങ്ങളിൽ വരെയെത്തിച്ച കെ.കെ.ശൈലജയ്ക്കെതിരെ കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രൻ നടത്തിയ പരാമർശം അദ്ദേഹത്തിന്റെ സ്ഥാനത്തിന് ചേർന്നതായില്ല.
കോവിഡ് രോഗഭീതിയുടെ പ്രാരംഭഘട്ടം മുതൽ കോൺഗ്രസ് നേതാക്കളും അണികളും കളിക്കാൻ തുടങ്ങിയ രാഷ്ട്രീയക്കളിയിൽ ഏറ്റവും വില കുറഞ്ഞ കളിയാണ് കെപിസിസി പ്രസിഡണ്ട് തിരുവനന്തപുരത്ത് നടത്തിയതെന്ന് പറയാൻ മടിക്കേണ്ടതില്ല.
ആരോഗ്യമന്ത്രിയുടെ പ്രവർത്തനങ്ങളെ തീർത്തും വില കുറച്ച് കാണിക്കുന്ന തരത്തിൽ പ്രതിപക്ഷ നേതാവടക്കം പ്രസ്താവനകൾ നടത്തിയിട്ടുണ്ടെങ്കിലും, കെപിസിസി പ്രസിഡണ്ടിന്റേത് കടന്ന കയ്യായിപ്പോയെന്നാണ് പറയേണ്ടത്. ഇന്ത്യയിലെ മറ്റേത് സംസ്ഥാനത്തേക്കാളും സുരക്ഷിതമായ സംസ്ഥാനത്തിരുന്നാണ് കെപിസിസി പ്രസിഡണ്ട് ആരോഗ്യമന്ത്രിക്കെതിരെ വില കുറഞ്ഞ പ്രസ്താവന നടത്തിയതെന്നും, കാണേണ്ടതാണ്.
പ്രവാസികളെ നാട്ടിൽ തിരിച്ചെത്തിക്കുന്ന കാര്യത്തിൽ അനിശ്ചിതത്വമുണ്ടെങ്കിലും, അവ പരിഹരിക്കാൻ എന്തെങ്കിലും മാർഗ്ഗനിർദ്ദേശങ്ങൾ സമർപ്പിക്കേണ്ടതിന് പകരം കോൺഗ്രസ് വിഷയത്തിൽ രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുകയാണ്. കോവിഡ് പരിശോധന നടത്താതെ ആദ്യഘട്ടങ്ങളിൽ പ്രവാസികളെ തിരികെ കൊണ്ടുവന്നതിന്റെ ഫലം കേരളം അനുഭവിക്കുകയാണെന്ന യാഥാർത്ഥ്യം അറിയാതെയല്ല കോൺഗ്രസിന്റെ സമരം.
കോൺഗ്രസ് ഭരിക്കുന്ന പുതുച്ചേരി സംസ്ഥാനത്തേയ്ക്ക് പ്രവേശിക്കണമെങ്കിൽ കോവിഡ് പരിശോധനാ സർട്ടിഫിക്കറ്റ് വേണമെന്ന് പുതുച്ചേരി മുഖ്യമന്ത്രി പ്രഖ്യാപിച്ചു കഴിഞ്ഞു. കേരളത്തോട് തൊട്ടുകിടക്കുന്ന മാഹിയിൽ പ്രവേശിക്കണമെങ്കിൽപ്പോലും പരിശോധനാ സർട്ടിഫിക്കറ്റ് വേണ്ടി വരുമെന്ന് ചുരുക്കം.
വരാനിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് കോൺഗ്രസ് ഇപ്പോൾ സമരം നടത്തുന്നതെന്ന് തിരിച്ചറിയാൻ പാഴൂർ പടിപ്പുരവരെയൊന്നും പോകേണ്ട കാര്യമില്ല.
വോട്ട് ചെയ്യണമെങ്കിൽ പൊതുജനം ജീവനോടെ വേണമെന്ന് കോൺഗ്രസും കെപിസിസി പ്രസിഡണ്ടും ഓർക്കുന്നത് നല്ലതായിരിക്കും. അതിന് കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ കൈമെയ് മറന്ന് സഹകരിക്കുകയാണ് കേരളത്തിലെ കോൺഗ്രസ് പ്രസ്ഥാനം ചെയ്യേണ്ടത്.