കോൺഗ്രസ് നേതാക്കളുടെ അഴിമതി നിരപരാധിയുടെ തലയിൽ കെട്ടിവെയ്ക്കാൻ ശ്രമം

ചെറുവത്തൂർ: കോൺഗ്രസ് നേതാക്കൾക്കെതിരെ വീട്ടമ്മ പരാതിയുമായി ചന്തേര പോലീസിലെത്തി.  ചെറുവത്തൂർ മുണ്ടക്കണ്ടത്തെ എൻ.വി. പത്മനാഭന്റെ ഭാര്യ വാസന്തിയാണ് 55, കോൺഗ്രസ് നേതാക്കളായ വി. നാരായണൻ, കെ. ബാലകൃഷ്ണൻ എന്നിവർക്കെതിരെ ചന്തേര പോലീസിൽ പരാതി കൊടുത്തത്.

നീലേശ്വരം ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡണ്ടുമാരായ വി. നാരായണൻ, കെ. ബാലകൃഷ്ണൻ എന്നിവർ ചേർന്ന് നെല്ലിക്കാൽ സ്കൂളിൽ നടത്തിയ സാമ്പത്തിക അഴിമതി സ്കൂളിൽ ഹെഡ്മാസ്റ്ററായിരുന്ന എൻ.വി. പത്മനാഭന്റെ തലയിൽ കെട്ടിവെയ്ക്കാൻ ശ്രമിക്കുന്നതിനെതിരെയാണ് വീട്ടമ്മയുടെ പരാതി.

കാടങ്കോട് നെല്ലിക്കാൽ ഭഗവതി ക്ഷേത്രത്തിന് കീഴിൽ പ്രവർത്തിച്ചിരുന്ന അൺ എയ്ഡഡ് സ്കൂളിന്റെ പ്രധാനാധ്യപകനായിരുന്നു എൻ.വി. പത്മനാഭൻ. അദ്ദേഹം പ്രധാനാധ്യാപകനായിരുന്ന കാലയളവിൽ സ്കൂൾ കമ്മിറ്റിയുടെ പ്രസിഡണ്ടായിരുന്നു വി. നാരായണൻ, കെ. ബാലകൃഷ്ണൻ കമ്മിറ്റിയംഗമായിരുന്നു. 2016 മുതലുള്ള കാലയളവിൽ വി. നാരായണനും, ബാലകൃഷ്ണനും സ്കൂളിൽ 4 ലക്ഷം രൂപയുടെ സാമ്പത്തിക തിരിമറി നടത്തുകയും, ഇതിന്റെ ഉത്തരവാദിത്തം എൻ.വി. പത്മനാഭന്റെ തലയിൽ കെട്ടിവെയ്ക്കാൻ ശ്രമിക്കുകയുമായിരുന്നു.

സ്കൂൾ ഭരണസമിതി അറിയാതെ പ്രസിഡണ്ടും കമ്മിറ്റിയംഗവും ഒറ്റയ്ക്ക് ചെയ്ത സാമ്പത്തിക അഴിമതിയിൽ പങ്കാളിയാക്കുന്നതിനെതിരെ എൻ.വി. പത്മനാഭൻ , ഡിസിസി പ്രസിഡണ്ട് ഹക്കീം കുന്നിൽ, രാജ് മോഹൻ ഉണ്ണിത്താൻ എം.പി, നീലേശ്വരം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് മഡിയൻ ഉണ്ണികൃഷ്ണൻ എന്നിവർക്ക് 3 മാസം മുമ്പ് പരാതി കൊടുത്തിരുന്നു. ഇതിന്റെ ഭാഗമായി ഡിസിസി പി.കെ. ഫൈസൽ, മഡിയൻ ഉണ്ണികൃഷ്ണൻ എന്നിവരടങ്ങിയ രണ്ടംഗ അന്വേഷണ കമ്മീഷനെ നിയോഗിച്ചെങ്കിലും, അന്വേഷണ റിപ്പോർട്ട് ഇതുവരെ പുറത്ത് വിടുകയോ, പരാതിക്കാരന് മറുപടി കൊടുക്കുകയോ ചെയ്തിട്ടില്ല. ഇതേതുടർന്നാണ് പത്മനാഭന്റെ ഭാര്യ പോലീസിൽ പരാതികൊടുത്തത്.

അനാരോഗ്യം മൂലം വീടിനുള്ളിൽ വിശ്രമ ജീവിതം നയിക്കുന്ന എൻ.വി. പത്മനാഭൻ മനംമടുത്താണ് സ്കൂളിലെ തന്റെ ജോലി ഉപേക്ഷിച്ചത്. സാമ്പത്തിക അഴിമതിയുടെ ഉത്തരവാദിത്തം ഏറ്റെടുക്കാൻ വി. നാരായണനും, കെ. ബാലകൃഷ്ണനും നിരന്തരം വീട്ടിലെത്തി സമ്മർദ്ദം പ്രകടിപ്പിച്ചതിനെത്തുടർന്ന് സഹികെട്ടാണ് പത്മനാഭൻ ഡിസിസിക്ക് പരാതി കൊടുത്തത്. കോൺഗ്രസിന്റെ നീലേശ്വരം ബ്ലോക്ക് കമ്മിറ്റി വൈസ് പ്രസിഡണ്ടുമാരാണ് വി. നാരായണനും, കെ. ബാലകൃഷ്ണനും.

LatestDaily

Read Previous

കാഞ്ഞങ്ങാട് നഗരസഭയിൽ ഇടതു തുടർഭരണ പ്രതീക്ഷ

Read Next

മടിക്കൈയിൽ മണ്ണ് കടത്ത് വ്യാപകം രാപ്പകൽ കടത്തുന്നത് 160 ലോഡ് മണ്ണ്