സമ്പൂണ്ണ ലോക് ഡൗൺ മാനദണ്ഡത്തിൽ സംശയം

കാഞ്ഞങ്ങാട്:  കേരളത്തിൽ അതാതു ജില്ലാഭരണകൂടങ്ങൾ നടപ്പിലാക്കി വരുന്ന സമ്പൂർണ്ണ ലോക് ഡൗണിന്റെ മാനദണ്ഡത്തിൽ കാര്യമായ സംശയങ്ങളുയർന്നു. ഏ, ബി, സി, ഡി എന്നീ നാലു കാറ്റഗറികളിലായിട്ടാണ് കോവിഡ് ആർടിപിസിആർ നിരക്ക് കണക്കാക്കുന്നത്.

ഡി കാറ്റഗറിയിൽ ഉൾപ്പെടുന്ന  നഗരസഭകളിലും ഗ്രാമ പഞ്ചായത്തുകളിലും സമ്പൂർണ്ണ ലോക് ഡൗൺ പ്രഖ്യാപിക്കുന്നത് ജില്ലാ ഭരണകൂടവും, പോലീസുമാണ്. ഒരു ഗ്രാമ പഞ്ചായത്തിന്റെ ഏതെങ്കിലുമൊരു മൂലയിലുള്ള പ്രദേശത്ത് നിന്ന് കൂടുതൽ കോവിഡ് രോഗികളെ കണ്ടെത്തിയാൽ,

ഉടൻ ആ പഞ്ചായത്ത് മൊത്തം സമ്പൂർണ്ണ അടച്ചിടൽ പ്രഖ്യാപിക്കുകയാണ് ഇപ്പോൾ  അധികൃതർ ചെയ്തു വരുന്നത്. ഈ രീതിയിൽ ടിപിആർ നിരക്ക് തുലോം കുറഞ്ഞു നിൽക്കുന്ന കാഞ്ഞങ്ങാട് നഗരസഭയെ അധികൃതർ ഡി കാറ്റഗറിയിൽ ഉൾപ്പെടുത്തി പൂർണ്ണമായും അടച്ചിട്ടിരിക്കുകയാണ്.

ഇത്തരം അടച്ചിടലിന് എതിരെയാണ് കോഴിക്കോട്ട് വ്യാപാരികൾ പ്രതിഷേധവുമായി തെരുവിലിറങ്ങിയത്. കോഴിക്കോടിന് പുറമെ കാരണമില്ലാതെ കോവിഡ് പശ്ചാത്തലവും, ഡി കാറ്റഗറിയും അടിച്ചേൽപ്പിച്ച് ബാറുകളും ധനകാര്യ സ്ഥാപനങ്ങളും കടകളും അടച്ചിടാൻ നിർബ്ബന്ധിക്കുന്നതിനെതിരെ മറ്റിടങ്ങളിലും വ്യാപാരികൾ പ്രതിഷേധിച്ചു തുടങ്ങിയിട്ടുണ്ട്.

രണ്ടു മാസക്കാലത്തെ അടച്ചിടൽ മൂലം നാടും നഗരവും തകർന്നുകിടക്കുകയാണ്. കള്ളക്കർക്കിടകം കൂടി എത്തുമ്പോൾ,  ജനങ്ങൾ മുഴുപ്പട്ടിണിയിലേക്ക് നീങ്ങാനുള്ള സാഹചര്യവും  കേരളത്തിലുണ്ട്. ഇതെല്ലാം മുന്നിൽക്കണ്ട് കോവിഡ് നിയന്ത്രണങ്ങൾ തീർത്തും ശാസ്ത്രീയ രീതിയിൽ നടപ്പിലാക്കണമെന്ന പൊതുജനങ്ങളുടെ ആവശ്യത്തിന് ശക്തി വർധിച്ചിട്ടുണ്ട്.

LatestDaily

Read Previous

ഉറങ്ങാൻ കിടന്ന യുവാവ് തൂങ്ങി മരിച്ച നിലയിൽ

Read Next

പ്ലസ്ടു പെൺകുട്ടിയെ കൽപ്പണയിൽ പീഡിപ്പിച്ച യുവാവ് റിമാന്റിൽ