സ്പീക്കര്‍ എ.എന്‍.ഷംസീറിന്‍റെ സഹോദരനായി ചട്ടം ലംഘിച്ചെന്ന് പരാതി

കോഴിക്കോട്: സ്പീക്കർ എ.എൻ.ഷംസീറിന്‍റെ സഹോദരൻ പങ്കാളിയായ സ്ഥാപനത്തിന് വേണ്ടി കരാർ ചട്ടങ്ങൾ ലംഘിച്ചുവെന്ന് ആരോപണം. കോഴിക്കോട് സൗത്ത് ബീച്ചിലെ തുറമുഖ വകുപ്പിന്‍റെ കെട്ടിടം തുച്ഛമായ തുകയ്ക്ക് പാട്ടത്തിന് നൽകിയെന്നാണ് ടെൻഡറിൽ പങ്കെടുത്ത കരാറുകാർ ആരോപിക്കുന്നത്. അന്വേഷണം ആവശ്യപ്പെട്ട് വിജിലൻസിനെ സമീപിക്കുമെന്ന് കരാറുകാർ അറിയിച്ചു.

പാട്ടത്തിനെടുത്ത കെ.കെ. പ്രദീപ് ആൻഡ് പാർട്ണേഴ്സ്, കോര്‍പറേഷന്റെയോ തീരദേശ പരിപാലന അതോറിറ്റിയുടെയോ അനുമതിയില്ലാതെയാണ് നിർമാണം നടത്തിയത്. സ്പീക്കർ എ.എൻ ഷംസീറിന്‍റെ സഹോദരൻ എ.എൻ.ഷഹീർ മാനേജിംഗ് പാർട്ണറായ സ്ഥാപനമാണ് കെ.കെ.പ്രദീപ് ആൻഡ് പാർട്ണേഴ്സ്. പ്രതിമാസം രണ്ട് ലക്ഷം രൂപ വരെ വാടക കിട്ടുമെന്നിരിക്കെ കെട്ടിടവും 15 സെന്‍റ് സ്ഥലവും വെറും 45,000 രൂപയ്ക്കാണ് പാട്ടത്തിന് നല്‍കിയത്. ടെൻഡറിൽ ലക്ഷങ്ങൾ കോട്ട് ചെയ്തവരെ മറികടന്നാണിത്. ഇതുൾപ്പെടെയുള്ള വിശദാംശങ്ങൾ പുറത്തുകൊണ്ടുവരണമെന്നാവശ്യപ്പെട്ടാണ് ടെൻഡറിൽ പങ്കെടുത്തവർ വിജിലൻസിനെ സമീപിക്കുന്നത്.

പാട്ടത്തുക സംബന്ധിച്ച പരാതിയിൽ ടൂറിസം മന്ത്രിയുടെ നിർദേശപ്രകാരം അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കോടിക്കണക്കിന് രൂപയുടെ നിക്ഷേപം ഇവിടെ പാട്ടത്തിനെടുത്ത കമ്പനി നടത്തുമെന്നും പാട്ടക്കാലാവധി കഴിഞ്ഞാൽ അത് വകുപ്പിന് മുതൽക്കൂട്ടാകുമെന്നും പോർട്ട് ഓഫീസ് വിശദീകരിച്ചു. വിദേശ ബ്രാൻഡുകളിൽ നിന്നുള്ള നിക്ഷേപം ടൂറിസത്തിന് ഉത്തേജനം നൽകുന്നതിനാൽ കെട്ടിടത്തെ തീരദേശ നിയന്ത്രണത്തിൽ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് പോർട്ട് ഓഫീസർ കഴിഞ്ഞ ദിവസം കോർപ്പറേഷന് കത്ത് നൽകിയിരുന്നു.

K editor

Read Previous

പുതുപ്പള്ളിയുടെ സ്വന്തം കുഞ്ഞൂഞ്ഞ്; ജനപ്രിയ നേതാവ് ഉമ്മൻ ചാണ്ടിക്ക് ഇന്ന് 79-ാം പിറന്നാൾ

Read Next

രാജ്ഭവന് ഇ ഓഫീസ് ഒരുക്കാന്‍ 75 ലക്ഷം; അനുനയമല്ലെന്ന് ധനമന്ത്രി