ചുള്ളിക്കര ജമാഅത്ത് മുൻഭാരവാഹികൾക്ക് എതിരെ സാമ്പത്തികാരോപണം

കാഞ്ഞങ്ങാട്: ചുള്ളിക്കര ജമാഅത്ത് കമ്മിറ്റി മുൻ പ്രസിഡണ്ട്, സിക്രട്ടറി എന്നിവർക്കെതിരെ ജമാഅത്ത് നിവാസികൾ ഒപ്പിട്ട പരാതി പുതിയ കമ്മിറ്റിക്ക് കൈമാറി. സ്ഥാനമൊഴിഞ്ഞ പ്രസിഡണ്ടും, സിക്രട്ടറിയും വരവ് ചെലവ് കണക്കുകൾ കൃത്യമായി അവതരിപ്പിച്ചില്ലെന്നാണ് പരാതി. 2021 ഏപ്രിൽ 2– ന് നടന്ന ജനറൽ ബോഡിയിൽ പുതിയ കമ്മിറ്റിയെ തെരഞ്ഞെടുത്തെങ്കിലും സ്ഥാനമൊഴിഞ്ഞ ഭാരവാഹികൾ അവതരിപ്പിച്ച വരവ്– ചെലവ് കണക്കുകൾ കൃത്യമല്ലെന്നാണ് ആരോപണം. കോൺഗ്രസ്സ് പ്രവർത്തകനായ ആലി പ്രസിഡണ്ടും, ഖാലിദ് സിക്രട്ടറിയുമായ ജമാഅത്ത് കമ്മിറ്റിയാണ് 2019 മാർച്ച് മുതൽ 2021   ഏപ്രിൽ വരെ ജമാഅത്ത് ഭരണം കൈകാര്യം ചെയ്തത്. 

ഈ കാലയളവിൽ ജമാഅത്ത് കമ്മിറ്റിയിലുണ്ടായ വരവിന്റെയും, ചെലവിന്റെയും കൃത്യമായ രേഖകൾ മുൻ പ്രസിഡണ്ടും, സിക്രട്ടറിയും ഇതേവരെ പുതിയ കമ്മിറ്റിക്ക് കൈമാറിയിട്ടില്ലെന്നാണ് ജമാഅത്തിലെ ഒരു വിഭാഗം ആരോപിക്കുന്നത്. ജമാഅത്ത് പരിധിയിൽ നടന്ന വിവാഹങ്ങളിൽ പള്ളിക്ക് ലഭിക്കേണ്ട 66,000 രൂപയുടെ കണക്കുകൾ കാണാനില്ല. ഇതിൽ സംയുക്ത ജമാഅത്തിൽ അടയ്ക്കേണ്ട 18,000 രൂപയും പഴയ കമ്മിറ്റി അടച്ചില്ല. പുതുതായി സ്ഥാനമേറ്റ ജമാഅത്ത് കമ്മിറ്റിയാണ് പ്രസ്തുത തുക സംയുക്ത ജമാഅത്ത് കമ്മിറ്റിയിൽ അടച്ചത്.

പള്ളിയുടെ നേർച്ചപ്പെട്ടിയിൽ നിന്നും ലഭിച്ച പണത്തിന്റെ കണക്കുകളും ചുള്ളിക്കര ജമാഅത്തിന്റെ അധീനതയിലുള്ള 20 മുറി കെട്ടിടത്തിന്റെ ബാങ്ക് നിക്ഷേപത്തിന്റെ രേഖകളും പഴയ കമ്മിറ്റി കൈമാറിയിട്ടില്ലെന്നും ഒരു വിഭാഗം ആരോപിക്കുന്നു. പള്ളിയിൽ നടന്ന നിർമ്മാണ പ്രവർത്തനങ്ങളുടെ കൃത്യമായ കണക്കുകളോ വൗച്ചറുകളോ ഒന്നും തന്നെ പുതിയ ജമാഅത്ത് കമ്മിറ്റിക്ക് കൈമാറിയില്ല. 2021–   ഏപ്രിൽ 2–ന് നടന്ന ജമാഅത്ത് കമ്മിറ്റി തെരഞ്ഞെടുപ്പിൽ  പഴയ കമ്മിറ്റി കണക്കുകൾ അവതരിപ്പിച്ചെങ്കിലും വരവ്–ചെലവ് കണക്കുകളുടെ രേഖകളൊന്നും സമർപ്പിച്ചിരുന്നില്ല.

ഒരാഴ്ചയ്ക്കകം രേഖാമൂലമുള്ള കണക്കുകൾ നൽകാമെന്നായിരുന്നു പഴയ കമ്മിറ്റിയുടെ വാഗ്ദാനമെങ്കിലും അതും പാലിക്കപ്പെട്ടില്ല. ചുള്ളിക്കര ജമാഅത്തിൽ സ്ഥാനമൊഴിഞ്ഞ ഭാരവാഹികൾ സാമ്പത്തിക ക്രമക്കേട് നടത്തിയതായാണ് ജമാഅത്ത് നിവാസികളുടെ ആരോപണം. കണക്ക് രേഖകൾ സഹിതം സമർപ്പിക്കാത്തതിന് പിന്നിൽ ദുരൂഹതയുണ്ടെന്നാണ് നാട്ടുകാരുടെ സംശയം. കൃത്യമായ ഒാഡിറ്റിങ്ങ് പോലും നടത്താതെയാണ് കണക്കുകൾ തയ്യാറാക്കിയതെന്നും ആരോപണമുണ്ട്. വരവ്–ചെലവ് കണക്കുകളിൽ സുതാര്യത ആവശ്യപ്പെട്ട് ചുള്ളിക്കര ജമാഅത്ത് പരിധിയിലെ 20 പേർ ഒപ്പിട്ട പരാതി ജമാഅത്ത് കമ്മിറ്റിക്ക് കൈമാറിയിട്ടുണ്ട്. വിഷയത്തിൽ തൃപ്തികരമായ തീരുമാനമായില്ലെങ്കിൽ സംയുക്ത ജമാഅത്തിൽ പരാതി നൽകാനാണ് ഇവരുടെ തീരുമാനം.

LatestDaily

Read Previous

വലിയ പറമ്പ് അനധികൃത റിസോർട്ട് നിർമ്മാണത്തിൽ വിജിലൻസ് അന്വേഷണം

Read Next

കോവിഡ് പരിശോധന നടത്തിയ യുവാവിന്റെ തൊണ്ട മുറിഞ്ഞ് ആശുപത്രിയിൽ