യുവാവിനെ പോലീസ് അകാരണമായി മർദ്ദിച്ചു

ബേക്കൽ: പോലീസ് സ്റ്റേഷനിലെത്തിയ യുവാവിനെ അകാരണമായി മർദ്ദിച്ച സിവിൽ പോലീസ് ഓഫീസർക്കെതിരെ ജില്ലാ പോലീസ് മേധാവിക്ക് പരാതി.

തിരുവക്കോളി തായൽ ഹൗസിലെ കുമാരന്റെ മകൻ കെ. സതീശനാണ് 40, ബേക്കൽ പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഉദ്യോഗസ്ഥൻ റോജനെതിരെ ജില്ലാ പോലീസ് മേധാവിക്ക് പരാതി കൊടുത്തത്. യുവാവിന്റെ പരാതിയുമായി ബന്ധപ്പെട്ട് പോലീസ് സ്റ്റേഷനിലെത്തിയപ്പോഴാണ് സംഭവം.

ആഗസ്ത് 31-ന് തിരുവോണ ദിവസം ബേക്കലത്ത് നടന്ന തമ്മിലടിയിൽ മധ്യസ്ഥം വഹിക്കാനെത്തിയ സതീശനെ ഷിജി എന്നയാൾ മർദ്ദിച്ചിരുന്നു.

ഇരുമ്പ് കൊണ്ടുള്ള കുത്തേറ്റ് നെറ്റിക്ക് മുറിവേറ്റ സതീശൻ ഈ സംഭവത്തിൽ ബേക്കൽ പോലീസിൽ പരാതി കൊടുത്തിരുന്നു.

ഈ പരാതിയുമായി ബന്ധപ്പെട്ട് പോലീസ് സ്റ്റേഷനിലെത്തിയ ഇദ്ദേഹത്തെ റോജൻ എന്ന സിവിൽ പോലീസ് ഉദ്യോഗസ്ഥൻ ലാത്തികൊണ്ടി മർദ്ദിക്കുകയായിരുന്നു.

കാലിന്റെ തുടയ്ക്ക് മർദ്ദനമേറ്റത് മൂലം കടുത്ത വേദനയുണ്ടെന്നാണ് സതീശൻ ജില്ലാ പോലീസ് മേധാവിക്ക് നൽകിയ പരാതിയിൽപ്പറയുന്നത്.

റോജനെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടാണ്  സതീശൻ ജില്ലാ പോലീസ് മേധാവി ഡി. ശിൽപ്പയ്ക്ക് പരാതി നൽകിയത്.

Read Previous

യൂത്ത് കോൺഗ്രസ്സിന്റെ ഡിവൈഎസ്പി ഓഫീസ് മാർച്ചിൽ സംഘർഷമൊഴിവായി

Read Next

കാഞ്ഞങ്ങാട് ജില്ലാശുപത്രി കോവിഡ് ആശുപത്രിയാക്കും