ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കൊറോണ വൈറസിന്റെ ആക്രമണം സാമൂഹ്യ ജീവിതത്തെ കീഴ്മേൽ മറിക്കുകയാണ്. ഡിസംബർ അവസാനം വുഹാനിൽ തുടക്കമിട്ട മഹാമാരി ലോകം മുഴുവൻ സംഹാര താണ്ഡവമാണ് നടത്തുന്നത്.
ഇന്ത്യയിലേക്കുള്ള യാത്ര, കേരളം വഴിയായിരുന്നു. ഇവിടെ നിലവിലുള്ള ചികിത്സാ സംവിധാനങ്ങളും മുൻകൂട്ടി തയ്യാറാക്കിയ പ്രതിരോധ പദ്ധതികളും അപകടത്തിന്റെ വ്യാപ്തി പരമാവധി പരിമിതപ്പെട്ടുത്താൻ സഹായിച്ചു. എൽഡിഎഫ് സർക്കാരിന്റെ കോവിഡ് വിരുദ്ധ പ്രവർത്തനങ്ങൾ ലോകമാകെ പ്രകീർത്തിക്കപ്പെട്ടു കൊണ്ടിരിക്കുകയാണ്. ഈ മഹാമാരിക്ക് ഒരു പ്രത്യേകതയുണ്ട്, രോഗലക്ഷണമില്ല.
രോഗമുള്ളയാൾ പോലും അറിയാതെ അയാളിൽ നിന്ന് മറ്റുള്ളവരിലേക്ക് പലായനം ചെയ്യും. അകലം പാലിക്കുക, കൈ ശുദ്ധമാക്കുക, മാസ്ക് ഉപയോഗിക്കുക ഇതുമാത്രമാണ് പകരാതിരിക്കാനുള്ള പോംവഴി. കഴിഞ്ഞ രണ്ട് മാസക്കാലമായി എല്ലാവരും ലോക്ഡൗണിലാണ്. പൊതുഗതാഗതം ഇല്ല.
പട്ടണങ്ങളെല്ലാം അടഞ്ഞുകിടക്കുന്നു. ജനങ്ങളെല്ലാം വീട്ടിനുള്ളിൽ തന്നെയായിരുന്നു. മുൻപ് പലപ്പോഴായി പകർച്ചവ്യാധികൾ ആക്രമിച്ചിരുന്നുവെങ്കിലും അതിനെയെല്ലാം നമ്മൾ അതിജീവിച്ചിട്ടുണ്ട്. അന്നൊക്കെ സന്നദ്ധ പ്രവർത്തകരുടെ സേവനം ജനങ്ങൾക്ക് വലിയ ആശ്വാസമായിരുന്നു.
1944 ൽ ആണ് കോളറ എന്ന മഹാമാരിയുടെ അഴിഞ്ഞാട്ടം വടക്കേ മലബാറിലുണ്ടായത്. സഖാവ് പി കൃഷ്ണപിള്ളയുടെ നിർദ്ദേശപ്രകാരം യുവജനസേന രൂപീകരിച്ചാണ് പ്രവർത്തനം നടത്തിയത്.
വയറിളക്കവും ഛർദ്ദിയുമായി മനുഷ്യർ തളർന്നു വീഴുമ്പോൾ ആശ്വാസത്തിന്റെ കൈത്തിരിയുമായി യുവജനസേന രംഗത്തെത്തും. എല്ലാ കുടുംബങ്ങൾക്കും കൈതാങ്ങായി കമ്മ്യൂണിസ്റ്റ് യുവാക്കൾ കൂടെയുണ്ടായിരുന്നു. അറുപതുകളിൽ വസൂരി രോഗം മാരകമായി ആക്രമിച്ചപ്പോഴും ആശ്വാസമേകാൻ കമ്മ്യൂണിസ്റ്റ് പ്രവർത്തകർ രംഗത്തുണ്ടായി.
കോവിഡ് പശ്ചാത്തലത്തിലെ ലോക്ഡൗൺ ജീവിതചര്യ തന്നെ തകിടം മറിച്ചു. കേന്ദ്ര ഗവൺമെന്റ് പ്രഖ്യാപിച്ചത് ഓരോരുത്തരും എവിടെയാണോ ഉള്ളത്, അവിടെത്തന്നെ നിൽക്കണം എന്നാണ്. ജനങ്ങൾ പൂർണ്ണമായും വീടുകളിൽ കഴിയുമ്പോൾ നിരന്തരമായി പ്രവർത്തിക്കാൻ സംസ്ഥാന സർക്കാർ സംവിധാനം സന്നദ്ധമായി.
ഡോക്ടർമാർ, നഴ്സുമാർ, ആരോഗ്യ രംഗത്തുള്ള ഉദ്യോഗസ്ഥർ, പൊലീസുകാർ, ലോക്കൽ ബോഡി അംഗങ്ങൾ, മറ്റു ജനപ്രതിനിധികൾ, മറ്റു സാമൂഹ്യപ്രവർത്തർ എന്നിവരെല്ലാം രംഗത്തിറങ്ങി.
ഇതിനൊപ്പം ജീവകാരുണ്യ പ്രവർത്തനത്തിനും സാമൂഹ്യ സേവനത്തിനുമായി നിരന്തരമായി രംഗത്തുണ്ടായിരുന്നവരാണ് എഐവൈഎഫിലെയും എഐഎസ്എഫിലെയും ചെറുപ്പക്കാർ. ആരോഗ്യപ്രവർത്തകർക്കും പൊലീസുകാർക്കും ചരക്ക് ലോറികളുമായി കേരളത്തിലെത്തുന്ന ഡ്രൈവർമാർ, ക്ലീനർമാർ എന്നിവർക്ക് ഉൾപ്പെടെ ഭക്ഷണം നൽകുന്നതിനും വിഷമമുള്ളവർക്കെല്ലാം സഹായം എത്തിക്കുന്നതിനുമായി ഈ കമ്മ്യൂണിസ്റ്റ് ചെറുപ്പക്കാര്‍ ഇന്നും രംഗത്തുണ്ട്.
തുശൂർ, ആലപ്പുഴ ജില്ലകളിൽ ബിരിയാണി ചലഞ്ച് ആരംഭിച്ചു. തിരുവനന്തപുരം, കൊല്ലം, കാസർകോട്, മലപ്പുറം, വയനാട്, ഇടുക്കി, പാലക്കാട് ജില്ലകളിലും വ്യത്യസ്ത പരിപാടികൾ സംഘടിപ്പിച്ചു. നൂറു രൂപക്ക് ബിരിയാണി തയ്യാറാക്കി പാക്ക്ചെയ്തു വീട്ടിൽ എത്തിക്കലും പാകം ചെയ്യൽ തുടങ്ങിയ ദേഹാധ്വാനങ്ങളെല്ലാം പ്രവർത്തകർ ചെയ്യുന്നു.
തലസ്ഥാനമായ തിരുവനന്തപുരത്ത് കാർഷിക മേഖലയുമായി ബന്ധപ്പെട്ട് നടത്തിയ വ്യാപകമായ പ്രവർത്തനങ്ങൾ പ്രത്യേകം ശ്രദ്ധേയമാണ്. ഓരോ സ്ഥലത്തും പറ്റിയ രീതിയിൽ ഭാവനാപൂർണമായ പ്രവർത്തനമാണ് തുടരുന്നത്.
ന്യൂസ് പേപ്പർ ചലഞ്ചും ചെമ്മീൻ ചലഞ്ചും ആക്രി ചാലഞ്ചും നാളികേര ചലഞ്ചുമെല്ലാം നമ്മുടെ സമൂഹത്തിൽ പുതിയ രീതികളാണ്. ഇതിൽ നിന്നെല്ലാം മിച്ചം വരുന്ന സംഖ്യ മുഴുവൻ കോവിഡ് ദുരിതാശ്വാസത്തിനുള്ള മുഖ്യമന്ത്രിയുടെ ഫണ്ടിലേക്ക് നൽകുന്നുവെന്നതാണ് കാതൽ. ലക്ഷക്കണക്കിന് രൂപയാണ് പലജില്ലകളില്‍ നിന്നും സ്വരൂപിച്ച് സർക്കാറിന് നൽകിക്കൊണ്ടിരിക്കുന്നത്. ആദ്യവിഹിതം മുഖ്യമന്ത്രിക്ക് നൽകിയത് തൃശൂരിൽ നിന്നായിരുന്നു. നിശ്ശബ്ദമായി നടത്തിയ സാമൂഹിക പ്രവർത്തനം ആയിരുന്നു അത്. മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനത്തിലൂടെ ജനങ്ങളിലെത്തുകയായിരുന്നു. ചെങ്ങന്നൂർ മണ്ഡലത്തിൽ ഒരു കുടുംബത്തിൽ ഗൃഹനാഥനായ കര്‍ഷകനുൾപ്പടെ രണ്ട് പേർക്ക് കോവിഡ് വന്നതോടെ, മുടങ്ങിയത് തന്റെ കൃഷിയിടത്തിലെ വിളവെടുപ്പായിരുന്നു. സമയത്തിന് ആളെ കിട്ടാതായി. ആ കർഷക കുടുംബത്തിന്റെ സങ്കടം അറിഞ്ഞ് എഐവൈഎഫ് പ്രവർത്തകർ കൃഷിയിടത്തിലിറങ്ങി വിളവെടുത്ത് പണം കുടുംബത്തെ ഏൽപ്പിച്ചത് കേരളം കണ്ടു. കോവിഡ് കാലം ആരംഭിച്ചത് മുതൽ യുവാക്കളും വിദ്യാർത്ഥികളും മുഴുവൻ സമയവും പ്രവർത്തനനിരതരാണ്. തരിശായി കിടക്കുന്ന പാടങ്ങളിൽ കൃഷിയിറക്കുന്നതിനും ഇവർ സജ്ജരാണ്.
പല ജില്ലകളിലും പച്ചക്കറി കൃഷി തുടങ്ങി കഴിഞ്ഞു. എഐവൈഎഫിന്റെയും എഐഎസ്എഫിന്റെയും പഴയനേതാവായ വി കെ മോഹനന്റെ പേരിലുള്ള തൃശൂരിലെ ‘കാർഷിക സംസ്കൃതി‘യുടെ രൂപത്തിലാണ് ഇത് കേരളമാകെ ചെറുപ്പക്കാർ സംഘടിപ്പിക്കുന്നത്.
പുതിയ കാലത്തെ ന്യൂ ജെൻ ചെറുപ്പക്കാർ ദിശാബോധമില്ലാത്തവരാണ്, മെയ്യനങ്ങുന്ന സമരങ്ങൾക്കൊന്നും വരില്ല, സമരങ്ങളെല്ലാം പബ്ലിസിറ്റിക്കുവേണ്ടി മാത്രമാണ്, ക്രിയാത്മകമായ പ്രവർത്തനങ്ങൾക്കില്ല തുടങ്ങിയ ആരോപണ വർഷങ്ങൾ വന്നുകൊണ്ടിരിക്കുന്ന കാലത്താണ്, തികച്ചും വ്യത്യസ്തമായ പ്രവർത്തന മേഖലയിലേക്ക് കടന്നുചെന്ന് മാതൃകാപരമാ യ പ്രവർത്തനം നടത്തുന്നത്.
ദുരിതാശ്വാസ പ്രവർത്തനം വാചകമടിയായി കാണുന്ന പ്രതിപക്ഷ കക്ഷികളിലെ യുവാക്കൾ നിഷേധാത്മകമായ സമീപനം സ്വീകരിക്കുമ്പോൾ, സാമൂഹ്യസേവനത്തിന്റെ യഥാർത്ഥവഴി ചൂണ്ടിക്കാട്ടുകയാണ് എഐവൈഎഫും എഐഎസ്എഫും. മറ്റെല്ലാ യുവജന സംഘടനകൾക്കും അനുകരണീയമായ മാതൃകയാണിത്.
ഈ സംഘടനകൾ സമര രംഗത്ത് മാത്രമല്ല, ജീവകാരുണ്യ പ്രവർത്തനങ്ങളിലും വ്യത്യസ്തമായതും ഭാവനാപൂർണവുമായ മേഖലയിലും കടന്നു വന്നിരിക്കുന്നുവെന്ന് നാട് നേരിട്ടറിയുന്നു.
പ്രളയവും ഓഖിയും നിപയും കൊണ്ട് തകർന്ന കേരളത്തെ രക്ഷിക്കാൻ ധനസമാഹരണത്തിന് സംഭാവനകൾ നൽകാൻ എല്ലാവരോടും അഭ്യർത്ഥിച്ചപ്പോൾ ജനങ്ങൾ കയ്യയച്ചു നൽകി. കൃഷിപ്പണിക്കും സ്കൂൾ വൃത്തിയാക്കുന്നതിനും തുടങ്ങി, തേങ്ങയിടാനും അത്യാവശ്യം വേണ്ടിവരുന്ന ഏത് ജോലി ചെയ്യാനും കമ്മ്യൂണിസ്റ്റ് ബോധമുള്ള ആയിരക്കണക്കിന് ചെറുപ്പക്കാർ സന്നദ്ധരായി ജനങ്ങൾക്കിടയിൽ ഉണ്ടായി.
സ്വാതന്ത്ര്യ സമര കാലവും അതിന് ശേഷമുള്ള കാലവും വ്യത്യസ്തത നിറഞ്ഞതാണ്.
എഐവൈഎഫും എഐഎസ്എഫും കടന്നുവന്ന വഴികൾ തീക്ഷ്ണമായിരുന്നു. മർദ്ദനങ്ങളും ജയിൽവാസവും കൊണ്ട്, യുവാക്കളെ പിന്തിരിപ്പിക്കാൻ കഴിയില്ലെന്ന് തെളിയിച്ച നിരവധി സംഭവങ്ങൾ ചരിത്രത്താളുകളിൽ നിറഞ്ഞു കിടക്കുന്നു. 1976 ൽ അടിയന്തിരാവസ്ഥയുടെ കറുത്ത നാളുകളിൽ ജനങ്ങൾ ഭയവിഹ്വലരായി കഴിയുന്ന കാലം.
രാഷ്ട്രീയ പാർട്ടികൾക്ക് പ്രവർത്തന സ്വാതന്ത്ര്യം നിഷേധിക്കപ്പെട്ട നാളുകൾ. നാവടക്കൂ, പണിയെടുക്കൂ എന്ന ശാസനയിൽ നടത്തിയ നരനായാട്ടുകൾ. രാജ്യ തലസ്ഥാനമായ ഡൽഹിയിൽ പാവപ്പെട്ടവന്റെ കൂരകളും അവരുടെ ശരീരവും ബുൾഡോസറിന് ഇരയായ ക്രൂര താണ്ഡവം.
എല്ലാവരും നിസ്സഹായതയിലായപ്പോൾ എഐഎസ്എഫും എഐവൈഎഫും നോക്കിയിരുന്നില്ല. സമര രംഗത്ത് ആയിരക്കണക്കിന് ചെറുപ്പക്കാർ അണിനിരന്നു.
അടിയന്തിരാവസ്ഥയചിൽ സമരം ചെയ്യുവാനും കമ്മ്യൂണിസ്റ്റ് യുവാക്കൾ മാത്രമായിരുന്നു. പഴയകാല പ്രവർത്തനത്തെക്കുറിച്ചു പറയുന്നവർ അന്നത്തെ സാഹചര്യം പൂർണമായി വിസ്മരിക്കുകയാണ്.