നിരീക്ഷണ ക്യാമറ ഓഫാക്കിയ സഹകരണ ബാങ്ക് ജീവനക്കാരനെതിരെ നടപടിയായില്ല

ചെറുവത്തൂർ: പിലിക്കോട് സഹകരണ ബാങ്ക് കാലിക്കടവ് ശാഖയിലെ നിരീക്ഷണ ക്യാമറകൾ പ്രവർത്തന രഹിതമാക്കിയ സംഭവത്തിൽ രണ്ടംഗ കമ്മീഷന്റെ അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചിട്ടും ആരോപണ വിധേയനായ സീനിയർ ക്ലാർക്കിനെതിരെ നടപടിയെടുക്കാത്തതിൽ അമർഷം ശക്തമാവുന്നു. ബാങ്കിലെ സീനിയർ ക്ലാർക്ക് മാനേജരുടെ താല്കാലിക ചുമതല വഹിച്ചിരുന്ന കാലത്താണ് കാലിക്കടവ് സഹകരണ ബാങ്ക് ശാഖയിലെ നിരീക്ഷണ ക്യാമറകൾ പ്രവർത്തന രഹിതമായത്.

ക്യാമറകൾ പ്രവർത്തന രഹിതമാക്കിയതിന് പിന്നിൽ സീനിയർ ക്ലാർക്കാണെന്ന് ആരോപണമുയർന്നിരുന്നു. ഇതിന്റെ ഭാഗമായാണ് സംഭവം അന്വേഷിക്കാൻ ബാങ്ക് ഭരണ സമിതി രണ്ടംഗ അന്വേഷണ കമ്മീഷനെ നിയമിച്ചത്. കമ്മീഷന്റെ അന്വേഷണ റിപ്പോർട്ട് കിട്ടി ഒരാഴ്ച്ച കഴിഞ്ഞിട്ടും ആരോപണ വിധേയനായ ബാങ്ക് ജീവനക്കാരനെതിരെ നടപടിയില്ലാത്തതിൽ ഡയറക്ടർ ബോർഡിലെ ഒരു വിഭാഗത്തിന് അമർഷമുണ്ട്.

കോൺഗ്രസ് നിയന്ത്രണത്തിലുള്ള പിലിക്കോട് സർവ്വീസ് സഹകരണ ബാങ്കിന്റെ ഹെഡ് ഓഫീസിലേക്ക് ജീവനക്കാരനെ സ്ഥലം മാറ്റിയതൊഴിച്ചാൽ മറ്റ് നടപടികളൊന്നും ഇതുവരെ ഉണ്ടായിട്ടില്ല. സീനിയർ ക്ലാർക്കിനെതിരെ നടപടിയെടുക്കാത്തതിൽ പ്രതിഷേധിച്ച് ബാങ്കിന്റെ ഡയരക്ടർ ബോർഡിലെ വനിതാ പ്രതിനിധി രാജി വെച്ചതായി വിവരമുണ്ടെങ്കിലും ഭരണ സമിതി ഇക്കാര്യം പുറത്തു വിട്ടിട്ടില്ല.

മുക്കു പണ്ടത്തട്ടിപ്പിലൂടെ വിവാദ കേന്ദ്രമായ കാലിക്കടവ് സഹകരണ ബാങ്ക് ശാഖയിൽ നിരീക്ഷണ ക്യാമറകൾ പ്രവർത്തന രഹിതമാക്കിയത് എന്ത് ലക്ഷ്യത്തോടെയെന്ന് വ്യക്തമായിട്ടില്ല. ബാങ്കിലെ രഹസ്യ ഇടപാടുകൾ ഡയരകട്ർ ബോർഡ് അറിയാതിരിക്കാൻ സീനിയർ ക്ലാർക്ക് നടത്തിയ പ്രവൃത്തിയാണിതെന്ന് ആരോപണമുണ്ട്. ബാങ്കിന്റെ ഭരണ സമിതി യോഗം നടന്നതിനു ശേഷം മാത്രമേ തുടർ നടപടികൾ ഉണ്ടാകുകയുള്ളു എന്നാണ് ഭരണ സമിതിയംഗങ്ങൾ പറയുന്നത്.

LatestDaily

Read Previous

ലോക്ഡൗൺ ഇളവുകൾ ആഘോഷമാക്കരുത്

Read Next

കോൺഗ്രസ് നിയന്ത്രണത്തിലുള്ള സൊസൈറ്റിയിൽ പണം നിക്ഷേപിച്ച മുൻ അധ്യാപകൻ ഊരാക്കുടുക്കിൽ