ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
തിരൂർ: തുഞ്ചത്ത് എഴുത്തച്ഛന്റെ പ്രതിമ സ്ഥാപിക്കാൻ മുഖ്യമന്ത്രി മുൻകൈയെടുക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. തിരൂരിലെ തുഞ്ചൻപറമ്പ് സന്ദർശിച്ച ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
തിരൂരിൽ പ്രതിമ സ്ഥാപിക്കാൻ കഴിയാത്തത് സാംസ്കാരിക കേന്ദ്രത്തിന് വലിയ അപമാനമാണ്. നേരത്തെ തിരൂർ മുനിസിപ്പാലിറ്റി പ്രതിമ സ്ഥാപിക്കാൻ തയ്യാറായിരുന്നുവെങ്കിലും ചില രഹസ്യ താൽപര്യക്കാർ ഇത്തരമൊരു പ്രതിമ ഇവിടെ അനുവദിക്കില്ലെന്ന് വാശിപിടിച്ചു. മുസ്ലിം ലീഗ് ഉൾപ്പെടെയുള്ള മുഖ്യധാരാ രാഷ്ട്രീയ പാർട്ടികൾ തടസം നിൽക്കുകയാണ് ചെയ്തത്. സി.പി.എമ്മും അവരുടെ സമ്മർദ്ദങ്ങൾക്ക് വഴങ്ങി. പ്രതിമ സ്ഥാപിക്കുന്നതിന്‍റെ അപകടമെന്താണെന്ന് വിശദീകരിക്കാൻ സർക്കാരിനും മുസ്ലിം ലീഗിനും ബാധ്യതയുണ്ട്. പ്രതിമ സ്ഥാപിക്കാൻ മുഖ്യമന്ത്രി മുൻകൈയെടുക്കണം. മുസ്ലിം ലീഗിന്‍റെ പുതിയ നേതൃത്വം ഇതിനോട് സഹകരിക്കണമെന്നും സുരേന്ദ്രൻ പറഞ്ഞു.
വരേണ്യ വർഗത്തിന്‍റെ ഭാഷയാണെന്ന മട്ടിലാണ് കേരളത്തിൽ ഹിന്ദി പ്രചരിപ്പിക്കുന്നത്. എന്തുകൊണ്ടാണ് ഹിന്ദിയോട് ഇത്രയധികം വിരോധമെന്ന് മനസ്സിലാകുന്നില്ല. ഹിന്ദി പഠിക്കേണ്ടത് എല്ലാവർക്കും ബാധകമാണ്. എന്നാൽ ഭാഷ ആരുടെയും മേൽ അടിച്ചേൽപ്പിക്കുന്നില്ല. ഈ വിഷയത്തിൽ തെറ്റായ പ്രചാരണമാണ് നടക്കുന്നത്. സുരേഷ് ഗോപി കോർ കമ്മിറ്റിയിൽ ചേരുന്നു എന്ന വാർത്ത ശരിയാണെങ്കിൽ അതിൽ സന്തോഷമുണ്ടെന്നും, സുരേഷ് ഗോപിയുടെ കൂടുതൽ സേവനങ്ങൾ കേരളത്തിൽ വേണമെന്നാണ് തന്‍റെ അഭിപ്രായമെന്നും സുരേന്ദ്രൻ പറഞ്ഞു.