തൃണമൂല്‍ കോണ്‍ഗ്രസുമായുള്ള അടുപ്പം; ഗവര്‍ണര്‍ സി.വി. ആനന്ദബോസിനെ ഡല്‍ഹിക്ക് വിളിപ്പിച്ചു

ന്യൂഡല്‍ഹി: പശ്ചിമബംഗാൾ ഗവർണർ സി.വി ആനന്ദബോസിനെ ഡൽഹിയിലേക്ക് വിളിപ്പിച്ചു. ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസുമായി (ടിഎംസി) അടുത്ത ബന്ധമുണ്ടെന്ന് ആരോപിച്ച് പശ്ചിമ ബംഗാൾ ബിജെപി സംസ്ഥാന നേതൃത്വം ഗവർണറെ രൂക്ഷമായി വിമർശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കേന്ദ്രം അദ്ദേഹത്തെ ഡൽഹിയിലേക്ക് വിളിപ്പിച്ചതെന്ന് ടൈംസ് നൗ റിപ്പോർട്ട് ചെയ്തു. വ്യാഴാഴ്ച രാത്രിയോടെ അദ്ദേഹം ഡൽഹിയിലേക്ക് മടങ്ങുമെന്നാണ് റിപ്പോർട്ടുകൾ.

പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി പങ്കെടുത്ത പരിപാടിയിൽ ഗവർണ്ണർ “ജയ് ബംഗ്ലാ” എന്ന മുദ്രാവാക്യം ഉയർത്തിയിരുന്നു. ഇതാണ് സംസ്ഥാന ബി.ജെ.പി. നേതൃത്വത്തെ പ്രകോപിതരാക്കിയത്. മമതയുമായുള്ള ഗവർണറുടെ സൗഹൃദം ബി.ജെ.പിയെ അസ്വസ്ഥരാക്കുന്നു.

ഗവർണർ മുഖ്യമന്ത്രിയുടെ സെറോക്സ് മെഷീനായി മാറിയെന്നായിരുന്നു രാജ്യസഭാ എംപി സ്വപൻദാസ് ഗുപ്തയുടെ ആരോപണം. ഇതിന് പിന്നാലെ സംസ്ഥാന പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരിയും ഗവർണറുടെ നടപടികളിൽ അതൃപ്തി പ്രകടിപ്പിച്ചു. ഗവർണർ ക്ഷണിച്ച പരിപാടിയിൽ പങ്കെടുക്കില്ലെന്ന് സുവേന്ദു പരസ്യമായി പ്രഖ്യാപിച്ചു. ഇരുവരും ബി.ജെ.പി നേതാക്കളാണ്.

K editor

Read Previous

ഭാരത് രത്നയല്ലാതെ മറ്റൊരു ബഹുമതിയും മുലായത്തിന് യോജിച്ചതല്ല; ഒരേ സ്വരത്തിൽ സമാജ്‌വാദി നേതാക്കൾ

Read Next

സൂര്യയ്ക്കും ജ്യോതികയ്ക്കുമൊപ്പം; ചിത്രങ്ങൾ പങ്കുവെച്ച് പൃഥ്വിരാജ്