അടച്ചിട്ട അതിർത്തികൾ

കോവിഡിന്റെ പേരിൽ കർണ്ണാടക വീണ്ടും അവരുടെ അതിർത്തി പ്രദേശങ്ങൾ അടച്ചിട്ട നടപടി ക്രൂരവും പ്രാകൃതവുമായ നടപടിയായിപ്പോയി. കേരളത്തിൽ കേവിഡ് വ്യാപിക്കുന്നെന്ന ന്യായം പറഞ്ഞാണ് കർണ്ണാടകയുമായി അതിർത്തി പങ്കിടുന്ന കാസർകോട്, കണ്ണൂർ, വയനാട് ജില്ലകളിലെ അതിർത്തി പ്രദേശങ്ങൾ കർണ്ണാടക അടച്ചിട്ടിരിക്കുന്നത്. കോവിഡിന്റെ പ്രാരംഭഘട്ടങ്ങളിൽ കർണ്ണാടക അതിർത്തിയടച്ചതിനെത്തുടർന്ന് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ചികിത്സ കിട്ടാതെ നിരവധി പേരാണ് മരിച്ചത്.

കർണ്ണാടകയിൽ പ്രവേശിക്കണമെങ്കിൽ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്നാണ് കർണ്ണാടക അധികൃതരുടെ വാദം. യാതൊരു മുന്നറിയിപ്പുമില്ലാതെ അതിർത്തി അടച്ചതിനെത്തുടർന്ന് കർണ്ണാടകയിലേക്ക് വിവിധ ആവശ്യങ്ങൾക്കായി പോകുന്നവർ ബുദ്ധിമുട്ടിലാകുകയും ചെയ്തു. ആയിരക്കണക്കിനാൾക്കാരാണ് ദിനംപ്രതി വിവിധ ആവശ്യങ്ങൾക്കായി വിവിധ ജില്ലകളിൽ നിന്നായി കർണ്ണാടകയിലേക്ക് യാത്ര ചെയ്യുന്നത്. ഇവരെല്ലാം ഒറ്റയടിക്ക് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കുകയെന്നത് പ്രായോഗികവുമല്ല.

സർക്കാർ എല്ലാ വിധ മുൻ കരുതലുകളെടുത്തിട്ടും കേരളത്തിൽ കോവിഡ് പടരുന്നുണ്ടെന്നത് യാഥാർത്ഥ്യമാണ്. ഇതിന്റെ പേരിൽ കേരളത്തിലെ മുഴുവനാളുകൾക്കും കോവിഡാണെന്ന രീതിയിൽ അനാവശ്യ ഭീതി പടർത്തുകയാണ് കർണ്ണാടക സർക്കാർ ചെയ്യുന്നത്. ഇതിന് പിന്നിലൊളിപ്പിച്ച രാഷ്ട്രീയ ലക്ഷ്യങ്ങളും കണ്ടില്ലെന്ന് നടിക്കാനാകില്ല. കേരളത്തിൽ നിയമസഭാ തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ അനാവശ്യ ഭീതി പരത്തി രാഷ്ട്രീയ മുതലെടുപ്പ് നടത്താനുള്ള ശ്രമമാണ് കർണ്ണാടകയുടേതെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. കേരളത്തിൽ നിന്നുള്ളവർക്ക് അതിർത്തി കടന്ന് കർണ്ണാടകയിലെത്തണമെങ്കിൽ എഴുപത്തിരണ്ട് മണിക്കൂർ മുമ്പ് പരിശോധന നടത്തിയതിന്റെ റിപ്പോർട്ട് വേണമെന്നാണ് സർക്കാർ പറയുന്നത്.

കാസർകോട് നിന്നും കർണ്ണാടകയിലേക്ക് പ്രവേശിക്കാനായി നിരവധി വഴികളുണ്ട്. ഇവയെല്ലാം അടച്ചിട്ട് കേരളത്തെ ഒറ്റപ്പെടുത്താനുള്ള കർണ്ണാടകത്തിന്റെ ശ്രമം തീർത്തും അപരിഷ്കൃതമാണെന്ന് പറയാതെ വയ്യ. കേന്ദ്ര സർക്കാർ ലോക് ഡൗൺ ഇളവുകൾ പ്രഖ്യാപിച്ച ശേഷം കർണ്ണാടക തന്നിഷ്ട പ്രകാരം നടത്തുന്ന നടപടിയാണ് അതിർത്തി അടച്ചിടൽ. കാസർകോട് ജില്ലയിൽ നിന്നും മംഗളൂരുവിലെ ആശുപത്രികളിലേക്ക് ചികിത്സയ്ക്കായി പോകുന്നവരടക്കം നിയന്ത്രണത്തിന്റെ തടവറയിലാണ്. അത്യാഹിത സാഹചര്യങ്ങളിലുള്ള രോഗികളെ കടത്തി വിടുന്നുണ്ടെന്നുള്ളത് മാത്രമാണ് ഏക ആശ്വാസം.

ഭരണഘടനാദത്തമായ സഞ്ചാര സ്വാതന്ത്ര്യമാണ് കോവിഡിന്റെ പേരിൽ കർണ്ണാടക സർക്കാർ ഏക പക്ഷീയമായി ലംഘിച്ചിരിക്കുന്നത്. ലോക്ഡൗൺ ഇളവുകൾ പ്രഖ്യാപിച്ച സാഹചര്യത്തിൽ ഏക പക്ഷീയമായി യാത്രാ നിയന്ത്രണം നടത്താൻ കർണ്ണാടക സർക്കാരിന് അവകാശമുണ്ടോ എന്ന ചോദ്യവും പ്രസക്തമാണ്. കാസർകോട് ജില്ലയിലുള്ളവർക്ക് മംഗളൂരെന്നാൽ സ്വന്തം നാട് പോലെ തന്നെയാണ്.

അതിർത്തി പ്രദേശങ്ങളിലുള്ളവർക്ക് ഏറ്റവും അടുത്ത നഗരവും മംഗളൂരു തന്നെയാണ്. ചികിത്സാ സൗകര്യങ്ങൾ കുറവായ ജില്ലയിൽ മെച്ചപ്പെട്ട ചികിത്സാ സൗകര്യങ്ങൾക്കായി മംഗളൂരു തന്നെയാണ് ആശ്രയവും. അതിർത്തി അടച്ചതിന്റെ പേരിൽ ഈ സൗകര്യങ്ങളെല്ലാമാണ് നിഷേധിക്കപ്പെട്ടിരിക്കുന്നത്. കർണ്ണാടക അതിർത്തികൾ അടച്ച വിഷയത്തിൽ കേരള – കർണ്ണാടക സർക്കാരുകൾ അടിയന്തിരമായി ഇടപെട്ട് പ്രശ്ന പരിഹാരമുണ്ടാക്കേണ്ടതാണ്. രോഗം ഒരു കുറ്റമല്ലാത്തതിനാൽ കേരളീയർ കുറ്റക്കാരാണെന്ന വിധത്തിലുള്ള കർണ്ണാടക സർക്കാരിന്റെ മനോഭാവം തിരുത്തേണ്ടത് തന്നെയാണ്.

Read Previous

നാലുവരിപ്പാതയിലെ സോളാർ വിളക്കുകൾ കണ്ണടച്ചു മാസങ്ങളായി മിക്ക വിളക്കുകളും കത്തുന്നില്ല

Read Next

ബ്ലേഡ് സുനിൽ കേസിൽ അന്വേഷണം വഴിമുട്ടി