ജവാൻ ശ്രീഹരിയെ മരണം തട്ടിെയടുത്തത് പ്രതിശ്രുത വധുവിനെ കണ്ടു മടങ്ങുമ്പോൾ

കാഞ്ഞങ്ങാട് : സിഐഎസ്എഫ് ജവാൻ പെരിയ നാലേക്രിയിലെ ശ്രീഹരിയെ 27, മരണം തട്ടിയെടുത്തത് പ്രതിശ്രുത വധുവിനെ കണ്ട് സ്വന്തം വീട്ടിലേക്ക് മടങ്ങുമ്പോൾ.  മൂന്ന് മാസം മുമ്പാണ് ശ്രീഹരിയുടെ വിവാഹ നിശ്ചയം നടന്നത്. ഒരു വർഷത്തിനു ശേഷം അവധി ലഭിക്കുമ്പോൾ വിവാഹം നടത്താനായിരുന്നു വധുവിന്റെ വീട്ടുകാരും ശ്രീഹരിയുടെ വീട്ടുകാരുമായി ആലോചിച്ചുറപ്പിച്ചത്.

പഞ്ചാബ്–ഹരിയാന അതിർത്തിയിൽ സേവന മനുഷ്ഠിച്ചിരുന്ന ശ്രീഹരി ഒരാഴ്ച മുമ്പ് അവധിക്ക് നാട്ടിലെത്തിയതായിരുന്നു ക്വാറന്റിനിൽ കഴിഞ്ഞിരുന്ന ശ്രീഹരി ഇന്നലെ ഉച്ച തിരിഞ്ഞ് ചെറുവത്തൂരിൽ പ്രതിശ്രുത വധുവിനെ വീട്ടിലേക്ക് മടങ്ങുമ്പോഴാണ് മരണം തട്ടിയെടുത്തത്.. ദേശീയപാത കേന്ദ്രസർവ്വകലാശാലയ്ക്ക് മുന്നിൽ വൈകീട്ട് 6 മണിയോടെയുണ്ടായ അപകടത്തിലാണ് ശ്രീഹരി മരണപ്പെട്ടത്. കാസർകോട് നിന്നും പാല–കോട്ടയത്തേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റ് ബസ്സ് ബുള്ളറ്റിലിടിച്ചാണ് അപകടം.

നാലേക്ര കൃഷ്ണന്റെയും മാധവിയുടെയും മകനാണ് ശ്രീഹരി.  പെരിയ അംബേദ്ക്കർ കോളേജിലെ ഡിഗ്രി വിദ്യാർത്ഥിനി ഹരിതയുടെ ഏക സഹോദരൻ. നാട്ടുകാർക്കും കൂട്ടുകാർക്കും പ്രിയപ്പെട്ട വനാണ് ഹരി. നാലു വർഷം മുമ്പ് സിഐഎസ്എഫിൽ ജവാനായി ജോലി ലഭിച്ചു. അതിന് മുമ്പുള്ള കാലം യൂത്ത് കോൺഗ്രസ്സിന്റെ സജീവപ്രവർത്തകൻ.  നാടിനെയും നാട്ടുകാരെയും സ്നേഹിക്കാൻ മാത്രമറിഞ്ഞിരുന്ന ശ്രീഹരി ഒരു കുടുംബത്തിന്റെ വലിയ പ്രതീക്ഷയായിരുന്നു.

നാട്ടിലെ ജീവകാരുണ്യ പ്രവർത്തന മേഖലയിൽ കൂട്ടുകാർക്കൊപ്പം സജീവ സാന്നിധ്യമായിരുന്നു ഈ യുവ സൈനികൻ. അള്ളറണ്ടയിലെ നിർദ്ധന വീട്ടമ്മയ്ക്ക് വീടുവെച്ചു നൽകാൻ കൂട്ടുകാർക്കൊപ്പം ശ്രീഹരി മുൻപന്തിയിലുണ്ടായിരുന്നു. അവധിക്ക് നാട്ടിലെത്തുമ്പോഴെല്ലാം കളിക്കൂട്ടുകാർക്കൊപ്പം ഒരുമിക്കാൻ ഇനി ശ്രീഹരിയില്ല. വിവാഹ സ്വപ്നം ബാക്കിയാക്കി ശ്രീഹരി മണ്ണിനോട് ചേരും. ഇന്ന് രാവിലെ കാഞ്ഞങ്ങാട് ജില്ലാശുപത്രിയിൽ പോസ്റ്റ്മോർട്ട നടപടികൾ പൂർത്തിയാക്കിയ ശ്രീഹരിയുടെ മൃതദേഹം കണ്ണീരോടെ ബന്ധുക്കൾ ഏറ്റുവാങ്ങി.

LatestDaily

Read Previous

മുസ്ലീം ലീഗ് പ്രവർത്തകനെ കഴുത്തിൽ വയർ കുരുക്കി കൊലപ്പെടുത്താൻ ശ്രമം അക്രമത്തിന് പിന്നിൽ പത്തംഗ സിപിഎം പ്രവർത്തകർ

Read Next

ലീഗ് പ്രവർത്തകനെ ആക്രമിക്കുന്ന സിസിടിവി ദൃശ്യം പുറത്ത്