ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
ചിറ്റാരിക്കാൽ: പയ്യന്നൂരിൽ സ്വകാര്യാശുപത്രിയിൽ നിന്നും നിർബ്ബന്ധിത ഡിസ്ചാർജ്ജ് നൽകി പരിയാരത്തേക്ക് പറഞ്ഞുവിട്ട യുവതി ചികിൽസക്കിടെ മരിച്ചതിനെ തുടർന്ന് സ്വകാര്യാശുപത്രിക്കെതിരെ ബന്ധുക്കൾ രംഗത്ത്. യുവതിയുടെ മരണത്തിൽ ബന്ധുക്കൾ സംശയം പ്രകടിപ്പിച്ചതിനെ തുടർന്ന് ജഡം പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തി. ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് ഈസ്റ്റ് എളേരി കടുമേനി അരിമ്പയിലെ ബിന്ദുവിനെ 42, കഴുത്ത് വേദന മൂലം പയ്യന്നൂരിലെ ബികെഎം ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ആശുപത്രിയിൽ ചികിൽസയിലായിരുന്ന സ്ത്രീയെ ചൊവ്വാഴ്ചയാണ് ആശുപത്രി അധികൃതർ നിർബ്ബന്ധിത ഡിസ്ചാർജ് നൽകി പരിയാരത്തേക്ക് മാറ്റിയത്. പരിയാരം മെഡിക്കൽ കോളേജിലെത്തി മണിക്കൂറുകൾക്കകം യുവതി മരിച്ചു. ബികെഎം ആശുപത്രിയിൽ മരുന്ന് മാറിയതി നെത്തുടർന്നാണ് ബിന്ദുവിന്റെ ആരോഗ്യനില മോശമായതെന്ന് ബന്ധുക്കൾ പറയുന്നു. ഇഞ്ചക്ഷനെതുടർന്ന് ശരീരം മുഴുവൻ നീരുവന്ന് വീർത്തതിനെ തുടർന്നാണ് ഇവരെ ആശുപത്രി അധികൃതർ നിർബ്ബന്ധിത ഡിസ്ചാർജ്ജ് നൽകി പരിയാരം മെഡിക്കൽ കോളേജിലേക്ക് പറഞ്ഞുവിട്ടത്.
പരിയാരത്ത് എത്തുമ്പോഴേക്കും ബിന്ദു അത്യാസന്ന നിലയിലായിരുന്നു. ഇഞ്ചക്ഷൻ എടുത്ത ശേഷം ശരീരം മുഴുവൻ തളർച്ച അനുഭവപ്പെട്ടതായി ഇവർ കൂടെയുണ്ടായിരുന്നവരോട് പറഞ്ഞിരുന്നു. പരിയാരം മെഡിക്കൽ കോളേജിലെത്തിച്ച് മണിക്കൂറുകൾക്കുള്ളിൽ ഇവർ മരിച്ചതോടെയാണ് ബന്ധുക്കൾ മരണകാരണം ചികിൽസാ പിഴവാണെന്നാരോപിച്ച് രംഗത്തെത്തിയത്. മൃതദേഹത്തിൽ നടത്തിയ പരിശോധനയിൽ കോവിഡ് സ്ഥിരീകരിച്ചതോടെയാണ് പോസ്റ്റ്മോർട്ടം നീണ്ടത്. ബിന്ദുവിന്റെ ഭർത്താവ് മനോജ് വർഷങ്ങൾക്ക് മുമ്പ് മരിച്ചിരുന്നു. അരുൺ, അഞ്ജന എന്നിവർ മക്കളാണ്.
മുഴുവൻ ബിൽ തുകയും ഈടാക്കിയ ശേഷമാണ് പയ്യന്നൂർ ബികെഎം ആശുപത്രി അധികൃതർ ബിന്ദുവിനെ ഡിസ്ചാർജ് ചെയ്ത പരിയാരത്തയച്ചത്. കഴുത്തു വേദനയല്ലാതെ മറ്റ് ആരോഗ്യ പ്രശ്നങ്ങളൊന്നും ഇവർക്കുണ്ടായിരുന്നില്ലെന്നാണ് ബന്ധുക്കൾ പറയുന്നത്. ബിന്ദുവിന്റെ മരണകാരണം ചികിൽസാ പിഴവാണെന്ന് തന്നെയാണ് ബന്ധുക്കൾ ആരോപിക്കുന്നത്. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ മരണകാരണം വ്യക്തമാവുകയുള്ളൂ. സംഭവത്തിൽ പരിയാരം പോലീസ് അസ്വാഭാവിക മരണത്തിന് കേസ്സെടുത്തു.