ചിറ്റാരിക്കാൽ കൊലക്കേസ്സിൽ ഭാര്യയും മകളുമടക്കം 4 പ്രതികളെ കോടതി ജയിലിലടച്ചു

പതിനാലുകാരിയായ മകളെയും പതിനഞ്ചുകാരനെയും ജുവനൈൽ ഹോമിലേക്ക് മാറ്റി പ്രതികളെ പോലീസ് കസ്റ്റഡിയിൽ വാങ്ങും

കാഞ്ഞങ്ങാട്: ചിറ്റാരിക്കാൽ കടുമേനി സർക്കാരി കോളനിയിലെ പി.എം. രാമകൃഷ്നെ 49, ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ കേസ്സിൽ ഭാര്യയും മകളുമടക്കമുള്ള നാല് പ്രതികളെ ഹൊസ്ദുർഗ് ജുഡീഷ്യൽ ഒന്നാം ക്ലാസ്സ് മജിസ്ട്രേറ്റ് കോടതി റിമാന്റ് ചെയ്ത് കണ്ണൂർ സെൻട്രൽ ജയിലിലടച്ചു.  പ്രായപൂർത്തിയാകാത്ത രാമകൃഷ്ണന്റെ മകളെയും കൊലപാതകത്തിൽ പങ്കാളിയായ പതിനഞ്ചുകാരൻ പ്രതിയെയും കോടതി പരവനടുക്കം ജുവനൈൽ ഹോമിലേക്ക് മാറ്റി.

കൊല്ലപ്പെട്ട രാമകൃഷ്ണന്റെ ഭാര്യ കടുമേനി സർക്കാരി കോളനിയിലെ തമ്പായി 40, മകൾ രാധിക 19, സർക്കാരി കോളനിയിലെ സനൽ 19, മഹേഷ് 19, എന്നിവരെയാണ് കോടതി റിമാന്റ് ചെയ്തത്. ജുവനൈൽ ഹോമിൽ പാർപ്പിച്ചിട്ടുള്ള പതിനാലുകാരിയായ പ്രതി 4 മാസം ഗർഭിണിയായതിനാൽ, പെൺകുട്ടിയുടെ കാര്യത്തിൽ കോടതി വഴി പോലീസ് തുടർ നടപടികൾ സ്വീകരിക്കും.

റിമാന്റിലുള്ള പ്രതികളെ കസ്റ്റഡിയിൽ ആവശ്യപ്പെട്ട് തെളിവെടുപ്പ് പൂർത്തിയാക്കുമെന്ന് അന്വേഷണോദ്യോഗസ്ഥനായ പോലീസ് ഇൻസ്പെക്ടർ പി. രാജേഷ് പറഞ്ഞു. രാമകൃഷ്ണനെ കഴുത്ത് മുറുക്കി കൊലപ്പെടുത്താൻ ഉപയോഗിച്ച സാരി നേരത്തെ പോലീസ് ബന്തവസ്സിലെടുത്തിരുന്നു. ചൊവ്വാഴ്ച രാത്രി 10 മണിയോടെയാണ് സർക്കാരി കോളനിയിൽ ഉറങ്ങിക്കിടന്ന രാമകൃഷ്ണനെ ഭാര്യയും രണ്ട് പെൺമക്കളും, പെൺമക്കളുടെ കാമുകൻമാരും ചേർന്ന് കൊലപ്പെടുത്തിയത്. മക്കളുടെ പ്രണയബന്ധം എതിർത്തതിനാലാണ് മാതാവിന്റെ സഹായത്തോടെ പെൺമക്കളും കാമുകൻമാരും ചേർന്ന് പതിനഞ്ചു വയസ്സുകാരന്റെ സഹായത്തോടെ രാമകൃഷ്ണനെ വക വരുത്തിയത്.

പതിനാലുകാരി മകൾ ഗർഭിണിയായ വിവരം മാതാവ് അറിഞ്ഞിരുന്നുവെങ്കിലും, രാമകൃഷ്ണൻ അറിഞ്ഞിരുന്നില്ല. പിതാവ് വിവരമറിഞ്ഞാലുണ്ടാകാവുന്ന കേസ്സുൾപ്പെടെ നിയമ നടപടികളിലെ ഭയം കൊലപാതകം നടത്താൻ പ്രതികൾക്ക് പ്രേരണയായി. കൊല്ലപ്പെട്ട രാമകൃഷ്ണനെ കുറിച്ച് നാട്ടുകാർക്ക് നല്ലത് മാത്രമേ പറയാനുള്ളു. തമ്പായിയും മക്കളും ചേർന്ന് രാമകൃഷ്ണനെ കൊലപ്പെടുത്തിയ കാര്യം നാട്ടുകാർക്ക് ഇനിയും വിശ്വസിക്കാൻ കഴിയുന്നില്ല.  രാമകൃഷ്ണന്റെ മരണത്തിൽ നാട്ടുകാരാണ് തുടക്കത്തിൽ സംശയമുയർത്തിയത്. സ്ഥലം പഞ്ചായത്ത് മെമ്പർ മോളി മാണിയുൾപ്പെടെ ഇടപ്പെട്ട് മരണത്തിൽ സംശയമുള്ളതായി പോലീസിനെ അറിയിച്ചിരുന്നു.

പരിയാരം മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടം ചെയ്തതിൽ മരണം തൂങ്ങി മരണമാണെന്നറിഞ്ഞതോടെ, നാട്ടുകാർ ആശങ്കയിലായി. ഇതിനിടയിലാണ് പ്രതികളിൽ ഒരാളിൽ നിന്നും കൊലപാതകം സംബന്ധിച്ച സൂചന പുറത്തുവന്നത്. കോളനിയിലെ മുതിർന്നവർ വിവരം പോലീസിനെ അറിയിച്ചതോടെ ആസൂത്രിതമായി നടത്തിയ കൊലപാതകത്തിന്റെ ചുരുളഴിയുകയും പ്രതികൾ അറസ്റ്റിലാവുകയുമായിരുന്നു.

LatestDaily

Read Previous

കള്ളനോട്ട് നൽകി ലോട്ടറി വിൽപ്പനക്കാരിയെ കബളിപ്പിച്ചു

Read Next

എം. ബൽരാജിന്റെ പ്രചരണ ബോർഡുകൾ വ്യാപകമായി നശിപ്പിച്ചു