ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കൊയിലാണ്ടിയിൽ അപകടകരമായ രീതിയിൽ ബസ് ഓടിച്ച ഡ്രൈവറുടെ ലൈസൻസ് പൊലീസ് റദ്ദാക്കി. ബസിൽ നിന്നിറങ്ങിയ യാത്രക്കാരിക്ക് നേരെ സ്വകാര്യ ബസ് പാഞ്ഞടുക്കുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായതിനെ തുടർന്നാണ് നടപടി.
വടകര ഭാഗത്തുനിന്നും കൊയിലാണ്ടി ഭാഗത്തേക്ക് പോകുകയായിരുന്ന ഹെവിൻ ബസ് കഴിഞ്ഞ ദിവസം കൊയിലാണ്ടിയിലെ വസ്ത്ര വ്യാപാരശാലയ്ക്ക് മുന്നിലെ റോഡിന് നടുവിൽ നിർത്തി യാത്രക്കാരെ ഇറക്കിവിടുന്നതിനിടെ പിന്നാലെ വന്ന ചിന്നൂസ് ബസ് ഇടതുവശത്തുകൂടി അമിതവേഗത്തിൽ പാഞ്ഞു വരികയായിരുന്നു. ബസിൽ നിന്ന് ഇറങ്ങി നടക്കാൻ തുടങ്ങിയ സ്ത്രീയുടെ മുന്നിലേക്ക് വന്ന ബസ് പെട്ടെന്ന് വെട്ടിച്ചു മാറ്റിയത് അപകടം ഒഴിവാക്കി.
സംഭവത്തിന്‍റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായതിനെ തുടർന്ന് ഇന്നലെ ഉച്ചയോടെ ഇരു ബസുകളിലെയും ഡ്രൈവർമാരെ ജോയിന്റ് ആർ.ടി.ഒ ഹിയറിംഗിനായി വിളിപ്പിച്ചിരുന്നു. ബസുകൾക്ക് നോട്ടീസും നൽകി. മറുപടി ലഭിച്ച ശേഷം തുടർ നടപടി സ്വീകരിക്കും. കൊയിലാണ്ടി ജോയിന്‍റ് ആർ.ടി.ഒ ചിന്നൂസ് ബസിന്‍റെ ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു. ബസുകളുടെ പെർമിറ്റ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ആർടിഒയ്ക്ക് കത്ത് നൽകിയിട്ടുണ്ട്. സ്വകാര്യ ബസുകളുടെ മത്സര ഓട്ടമാണ് ഇത്തരം അപകടങ്ങൾക്ക് കാരണമെന്ന് നാട്ടുകാരും ആരോപിച്ചു.