അസമിലെ ശൈശവവിവാഹം; പൊലീസ് നടപടിക്കൊപ്പം രാഷ്ട്രീയ പോരും കനക്കുന്നു

ദിസ്പുർ: ശൈശവ വിവാഹങ്ങൾ തടയാൻ പൊലീസ് നടപടി തുടരുമ്പോൾ അസമിൽ രാഷ്ട്രീയ പോരാട്ടവും മുറുകുന്നു. 10 വർഷം മുമ്പുള്ള കേസുകൾ വരെ പോലീസ് അന്വേഷിക്കുന്നുണ്ട്. അതിനാൽ പൊലീസ് നടപടി പ്രഹസനമാണെന്ന് കോൺഗ്രസ് എംപി ഗൗരവ് ഗോഗോയ് പറഞ്ഞു. കേന്ദ്ര ബജറ്റിൽ നിന്നും അദാനി അഴിമതിയിൽ നിന്നും ജനങ്ങളുടെ ശ്രദ്ധ തിരിക്കാനുള്ള രാഷ്ട്രീയ ശ്രമമാണ് ഇതെന്ന് എഐയുഡിഎഫ് ജനറൽ സെക്രട്ടറി അമിനുൽ ഇസ്ലാം പറഞ്ഞു. പൊലീസ് നടപടിക്കെതിരെ തൃണമൂൽ കോൺഗ്രസും രംഗത്തെത്തിയിട്ടുണ്ട്.

അസമിൽ കൗമാരക്കാരായ പെൺകുട്ടികളുടെ ഗർഭധാരണവും മാതൃമരണ നിരക്കും കഴിഞ്ഞ കുറച്ച് വർഷങ്ങളായി വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ഇതിന്‍റെ അടിസ്ഥാനത്തിലാണ് നടപടിയെന്നാണ് സർക്കാർ പറയുന്നത്. നിലവിൽ നാലായിരത്തിലധികം ശൈശവ വിവാഹ കേസുകളാണ് രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുള്ളത്. ഇതിൽ 2,200 പേരെ അറസ്റ്റ് ചെയ്തു. 8,000 ത്തിലധികം പേർക്കെതിരെ നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ പറഞ്ഞു.

അതേസമയം, പൊലീസ് അറസ്റ്റു ചെയ്തവരുടെ ബന്ധുക്കള്‍ സംസ്ഥാനത്തെ വിവിധയിടങ്ങളിലായി പ്രതിഷേധിച്ചിട്ടുണ്ട്. എന്നാൽ, കുറ്റക്കാർക്കെതിരെ ശക്തമായ നടപടി എടുക്കും എന്ന് തന്നെയാണ് പൊലീസിന്റെ തീരുമാനം. ഇക്കാര്യത്തിൽ യാതൊരു ദയയും കാണിക്കില്ലെന്ന് മുഖ്യമന്ത്രിയും വ്യക്തമാക്കിയിട്ടുണ്ട്.

K editor

Read Previous

സംഗീത ലോകത്തിൻ്റെ നഷ്ടമെന്ന് സ്റ്റാലിൻ; വാണി ജയറാമിൻ്റെ മൃതദേഹം സംസ്കരിച്ചു

Read Next

കാറിനടിയിൽ കുരുങ്ങി യുവതി മരിച്ച സംഭവത്തിൽ വഴിത്തിരിവ്; മദ്യപിച്ചിരുന്നതായി റിപ്പോർട്ട്