ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
പാലക്കാട്: വിസിമാരോട് രാജിവയ്ക്കാൻ ആവശ്യപ്പെട്ട ഗവർണറുടെ നടപടിയെ വിമർശിച്ച, മുസ്ലിം ലീഗിനെ പ്രശംസിച്ച് മുഖ്യമന്ത്രി നടത്തിയ പരാമർശം ചർച്ചയാകുന്നു. പ്രതിപക്ഷ നേതാവിന് മനസ്സിലാകുന്നില്ലെങ്കിലും ഗവർണറുടെ അജണ്ട മനസിലാക്കാൻ മുസ്ലിം ലീഗിന് കഴിയുന്നുണ്ടെന്ന മുഖ്യമന്ത്രിയുടെ പരാമർശമാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാവുന്നത്. വിസിമാർ രാജിവെക്കില്ലെന്ന് പ്രഖ്യാപിച്ച് മുഖ്യമന്ത്രി നടത്തിയ വാർത്താസമ്മേളനത്തിലാണ് ലീഗിനെ മുഖ്യമന്ത്രി പരസ്യമായി പുകഴ്ത്തിയത്.
സർവകലാശാലകളെ സംഘപരിവാറിന് അഴിഞ്ഞാടാനുള്ള ഇടമാക്കി മാറ്റാനാണ് ഗവർണർ ശ്രമിക്കുന്നത്. യു.ഡി.എഫിൽ പോലും ഇത് മനസ്സിലാക്കാൻ കഴിയുന്ന ആളുകളുണ്ട്. പ്രതിപക്ഷ നേതാവ് ഗവർണറുടെ ഈ തന്ത്രത്തിന് കൂട്ടുനിൽക്കുന്നതാണ് കണ്ടത്. എന്നാൽ ഈ അപകടം കണക്കിലെടുത്താണ് ലീഗ് നേതാക്കൾ വ്യത്യസ്ത രീതിയിൽ പ്രതികരിക്കുന്നതെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടിയിരുന്നു.
ഈ രാഷ്ട്രീയം മനസ്സിൽ വച്ചുകൊണ്ടാണ് മുസ്ലിം ലീഗും മുൻകൂട്ടി ഗവർണറെ എതിർക്കുന്നതെന്ന് വ്യക്തമാണ്. ആദ്യം ഇ.ടി മുഹമ്മദ് ബഷീറും പിന്നീട് പി.എം.എ സലാമും വിഷയത്തിൽ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. സർവകലാശാല വിഷയത്തിൽ പ്രതികരിച്ച പി.എം.എ സലാം സർക്കാരിനെ കുറ്റപ്പെടുത്തിയെങ്കിലും ഗവർണർക്കെതിരെ ആഞ്ഞടിക്കുകയും ചെയ്തു. അതേസമയം, ഗവർണർ വിഷയത്തിൽ സർക്കാരിന് നൽകിയ പിന്തുണയെച്ചൊല്ലി മുസ്ലിം ലീഗിൽ ഇതിനകം തന്നെ മുറുമുറുപ്പുകൾ ഉയർന്നിട്ടുണ്ട്. ഇടതുമുന്നണിയുമായി ബന്ധം സ്ഥാപിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നാണ് ഒരു വിഭാഗം നേതാക്കൾ ആരോപിക്കുന്നത്.