ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
തൃക്കരിപ്പൂർ: വ്യാപാരം നിലച്ച തൃക്കരിപ്പൂർ അറേബ്യൻ ജ്വല്ലറിയിൽ നടന്നത് ഫാഷൻ ഗോൾഡ് തട്ടിപ്പിന് സമാനമായ നിക്ഷേപത്തട്ടിപ്പ്. തൃക്കരിപ്പൂർ, പടന്ന പ്രദേശങ്ങളിലുള്ള നൂറ് കണക്കിന് നിക്ഷേപകർ ജ്വല്ലറിയിൽ പണം നിക്ഷേപിച്ച് വഞ്ചിതരായിട്ടുണ്ട്. പണം നഷ്ടപ്പെട്ടവർ മാനക്കേട് ഭയന്ന് വിവരം പുറത്തു പറഞ്ഞിട്ടില്ല. ലീഗ് നേതാവും, കാസർകോട് ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡണ്ടുമായ ഏ. ജി. സി. ബഷീർ മുൻകൈയെടുത്ത് ആരംഭിച്ചതാണ് തൃക്കരിപ്പൂരിലെ അറേബ്യൻ ജ്വല്ലറി. വർഷങ്ങളായി തൃക്കരിപ്പൂരിൽ പ്രവർത്തിച്ചിരുന്ന സ്ഥാപനം ഏ. ജി. സി. ബഷീറിന്റെ ഭാര്യാ സഹോദരന്റെ കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്.ജ്വല്ലറിയിലേക്ക് പലരിൽ നിന്നായി നിക്ഷേപം സ്വീകരിച്ചിരുന്നു.
ആദ്യഘട്ടത്തിൽ നിക്ഷേപങ്ങൾക്ക് ലാഭവിഹിതം നൽകിയിരുന്നെങ്കിലും, ജ്വല്ലറി തകർന്നതോടെ നിക്ഷേപകർക്ക് വെട്ടിലായി. ഏ. ജി. സി. ബഷീറിന്റെ സഹോദരിയുടെ മകളുടെ ഭർത്താവായ വെള്ളാപ്പിലെ ടി. പി. ഷാഹുൽ ഹമീദാണ് അറേബ്യൻ ജ്വല്ലറിയുടെ മാനേജിങ്ങ് ഡയറക്ടർ. നിക്ഷേപത്തിന്റെ ലാഭവിഹിതം കിട്ടാതെ നിക്ഷേപകർ ജ്വല്ലറിയിലെത്തി ബഹളമുണ്ടാക്കാൻ തുടങ്ങിയതോടെ മാനേജിങ്ങ് ഡയറക്ടർ ജ്വല്ലറിയിൽ വരാതായി. സ്വർണ്ണാഭരണങ്ങളൊന്നുമില്ലാതെ ദീർഘകാലം തുറന്നിട്ട അറേബ്യൻ ജ്വല്ലറി ഒരാഴ്ച അടച്ചിട്ടതായി ജ്വല്ലറി ഉടമകൾ മൂന്ന് ദിവസം മുമ്പ് നോട്ടീസ് പതിച്ചിരുന്നെങ്കിലും, സ്ഥാപനം അടച്ചിട്ട വാർത്ത പുറത്തു വന്നതോടെ ഇന്നലെ മുതൽ വീണ്ടും തുറന്നു. ഒരു ഗ്രാം സ്വർണ്ണം പോലും സ്റ്റോക്കില്ലാതെയാണ് തൃക്കരിപ്പൂർ അറേബ്യൻ ജ്വല്ലറി തുറന്നിട്ടിരിക്കുന്നത്. ഏറെക്കാലമായി ജ്വല്ലറിയിൽ കച്ചവടമൊന്നും നടക്കാറില്ല. അറേബ്യൻ ജ്വല്ലറിയുടെ ശാഖ പയ്യന്നൂരിലും പ്രവർത്തിച്ചിരുന്നെങ്കിലും, പ്രസ്തുത സ്ഥാപനം ഒരു വർഷം മുമ്പാണ് അടച്ചത്.
തൃക്കരിപ്പൂർ ജ്വല്ലറിയുടെ നടത്തിപ്പ് മാനേജിങ്ങ് ഡയറക്ടറുടെ ഭാര്യാ സഹോദരൻ ഷാഹിദിന് കൈമാറിയിരുന്നെങ്കിലും അദ്ദേഹവും സ്ഥാപനത്തെ കയ്യൊഴിഞ്ഞു. മാനേജിങ്ങ് ഡയറക്ടർ ടി. പി. ഷാഹുൽ ഹമീദ് സ്ഥാപനത്തിലേക്ക് തിരിഞ്ഞു നോക്കാതായതിനെത്തുടർന്ന് ജ്വല്ലറിയിൽ പണം നിക്ഷേപിച്ചവർ അദ്ദേഹത്തിന്റെ വീട്ടിലെത്താറുണ്ടെങ്കിലും, അദ്ദേഹം നിക്ഷേപകരെ കാണാൻ കൂട്ടാക്കുന്നില്ലെന്ന് ആക്ഷേപമുണ്ട്. കോടിക്കണക്കിന് രൂപയുടെ നിക്ഷേപമാണ് നിക്ഷേപകർക്ക് തിരികെ ലഭിക്കാനുള്ളത്. ഫാഷൻ ഗോൾഡ് നിക്ഷേപത്തട്ടിപ്പിന് സമാനമായ തട്ടിപ്പാണെങ്കിലും, പണം തിരികെ കിട്ടുമെന്ന പ്രതീക്ഷയിൽ നിക്ഷേപകർ ഇതുവരെ പോലീസിൽ പരാതിപ്പെട്ടിട്ടില്ല. പതിനേഴ് പേരിൽ നിന്ന് ഒാരോ കോടി വീതം പിരിച്ചാണ് പയ്യന്നൂരിൽ അറേബ്യൻ ജ്വല്ലറി ആരംഭിച്ചതെന്ന് വിവരമുണ്ട്. ജ്വല്ലറിയിൽ ഒരു കോടി രൂപ വരെ നിക്ഷേപിച്ച നിക്ഷേപകർ പണം തിരിച്ചുകിട്ടാതെ വട്ടം കറങ്ങുകയാണ്.