ജ്വല്ലറിപ്പണം തട്ടിയെടുത്ത പർദ്ദധാരിണി കാഞ്ഞങ്ങാട്ട് ക്വാർട്ടേഴ്സിൽ താമസക്കാരി, ഡിസയർ കാറിൻെറ ദൃശ്യം ലഭിച്ചു ∙ കേസ്സ് ഒതുക്കിത്തീർക്കാൻ ജ്വല്ലറിയുടമയ്ക്ക് ഗൾഫിൽ നിന്ന് ഫോൺ കോൾ

കാഞ്ഞങ്ങാട്: ബാങ്കിൽ നിന്ന് പണയ സ്വർണ്ണമെടുക്കാനാണെന്ന് തെറ്റിദ്ധരിപ്പിച്ച് ചെറുവത്തൂരിലെ എസ്.ആർ ജ്വല്ലറിയുടമയെ കബളിപ്പിച്ച് അതി നാടകീയമായി 2 ലക്ഷം രൂപ തട്ടിയെടുത്ത പർദ്ദധാരിണി കാഞ്ഞങ്ങാട്ട് ക്വാർട്ടഴ്സിൽ താമസിക്കുന്ന യുവതിയാണെന്ന് ഏതാണ്ടുറപ്പായി. അജാനൂർ കൊളവയലിലും, പിന്നീട് ഇട്ടമ്മൽ പ്രദേശത്തും അവിടെ നിന്ന് മാറി ഇപ്പേൾ കുശാൽനഗർ പ്രദേശത്തും ക്വാർട്ടേഴ്സിൽ താമസിക്കുന്ന യുവതിയാണ് ഈ പണം തട്ടലിന് പിന്നിലെന്നാണ് രഹസ്യ സൂചന.

2021 ഫിബ്രവരി 15 ന് തിങ്കളാഴ്ച്ച ഉച്ചയ്ക്ക് ശേഷം 2.45 മണിക്കാണ് കണ്ണുകൾ മാത്രം പുറത്തുകാട്ടി മുഖം മുഴുവൻ പർദ്ദകൊണ്ട് മൂടിയ മുപ്പത് പ്രായം തോന്നിക്കുന്ന യവതിയും 12 വയസ്സ് തോന്നിക്കുന്ന ആൺകുട്ടിയും, ചെറുവത്തൂർ ബസ് സ്റ്റാന്റിനോട് ചേർന്നുള്ള എസ് ആർ ജ്വല്ലറിയിലെത്തിയത്. കാഞ്ഞങ്ങാട്ടെ ബാങ്കിൽ പണയപ്പെടുത്തിയ സ്വർണ്ണം തിരിച്ചെടുത്ത് തരാമെന്നും 2 ലക്ഷം രൂപ ആവശ്യമുണ്ടെന്നും ജ്വല്ലറിയുടമ സഞ്ജയ് ബോസ്്ലെയോട് ആവശ്യപ്പെട്ട അജ്ഞാത യുവതിക്കൊപ്പം, 2 ലക്ഷം രൂപ റൊക്കം നൽകി ജ്വല്ലറിയുടമ അദ്ദേഹത്തിന്റെ വിശ്വസ്തനായ ചെറുവത്തൂരിലെ ഓട്ടോ ഡ്രൈവർ എം.പി മനോജിനെ52, ഓട്ടോയിൽ കാഞ്ഞങ്ങാട്ടേക്കയക്കുകയായിരുന്നു.

പർദ്ദധാരിണി കൃത്യം 2.45 മണിക്കാണ് എസ് ആർ ജ്വല്ലറിക്കകത്ത് കയറിയതെന്ന് ഈ ജ്വല്ലറിയിലെ സിസിടിവി ദൃശ്യങ്ങൾ സാക്ഷ്യപ്പെടുത്തുന്നു. സ്ത്രീയും പന്ത്രണ്ടുകാരൻ ആൺകുട്ടിയും നടന്നു വന്ന് ജ്വല്ലറിക്കകത്ത് പ്രവേശിക്കുന്ന രംഗവും സിസിടിവി ദൃശ്യത്തിൽ വ്യക്തമായി കാണുന്നുണ്ട്. ജ്വല്ലറിയുടമ സജ്ഞയ് കൃത്യം 3 മണിക്കാണ് ഫോണിൽ ഓട്ടോ ഡ്രൈവർ മനോജിനെ വിളിച്ചു വരുത്തിയത്. ഏഴുമിനുട്ടുകൾക്കകം സ്വന്തം ഓട്ടോയുമായി മനോജ് ജ്വല്ലറിയിലെത്തിയിരുന്നു. 500 രൂപയടങ്ങുന്ന അമ്പതിനായിരം രൂപയുടെ നാലു കെട്ടുകൾ മൊത്തം 2 ലക്ഷം രൂപ ജ്വല്ലറിയുടമ അദ്ദേഹത്തിന്റെ വിശ്വസ്ഥനായ മനോജിനെ ഏൽപ്പിച്ച ശേഷം, സ്ത്രീയോടൊപ്പം കാഞ്ഞങ്ങാട്ട് ചെന്ന് ബാങ്കിലുണ്ടെന്ന് സ്ത്രീ പറഞ്ഞ പണയ സ്വർണ്ണം എടുത്തു തരാൻ മനോജിനെ ഏൽപ്പിക്കുന്നു.

യുവതി ജ്വല്ലറിയിൽ നിന്ന് പുറത്തിറങ്ങിയ ഉടൻ ആരോ ഒരാളെ സെൽഫോണിൽ വിളിക്കുകയും മൂന്ന് മിനുറ്റോളം സംസാരിക്കുകയും ചെയ്തിരുന്നു. അതു കഴിഞ്ഞ് മനോജിന്റെ ഓട്ടോയിൽ കയറുന്നതിന് മുമ്പ് യുവതി വീണ്ടും ഫോൺ ചെയ്യുന്നുണ്ട്. രണ്ടാം തവണ യുവതി വീണ്ടും 30 സെക്കന്റോളം സംസാരിക്കുന്നുണ്ട്. ”ഇതാ- ഇവിടെ നിന്ന് വിടുന്നുണ്ടെന്നാണ്” യുവതി ഫോണിൽ അങ്ങേത്തലയ്ക്കലുളള ആളിനോട് പറഞ്ഞത്. സ്ത്രീ നടന്നു പോയി ആദ്യം തന്നെ ഓട്ടോയിൽ കയറുന്നു. പിന്നാലെ പന്ത്രണ്ടുകാരനും കയറിയ ശേഷമാണ്, ജ്വല്ലറിയുടമ ഏൽപ്പിച്ച 2 ലക്ഷം രൂപ അരക്കെട്ടിൽ ഭദ്രമായി സൂക്ഷിച്ച ഓട്ടോഡ്രൈവർ എം.പി മനോജ് സ്വന്തം ഓട്ടോയിൽക്കയറിയത്.

ചെറുവത്തൂർ മുതൽ കാഞ്ഞങ്ങാട് അജാനൂർ തെക്കേപ്പുറത്തുള്ള സഹകരണ അർബൻ ബാങ്ക് വരെ ഓടിയ ഓട്ടോയിൽ യുവതി ഫോണിൽ ആരോടും സംസാരിച്ചിട്ടില്ല. 3.45 മണിക്ക് ഇവർ സഞ്ചരിച്ച ഓട്ടോ അർബ്ബൻ ബാങ്കിന് മുന്നിലെത്തുകയും ആൺകുട്ടിയെ പുറത്തു നിർത്തിയ ശേഷം യുവതി ആദ്യം ബാങ്കിനകത്ത് കയറുകയും ചെയ്തു. പിന്നാലെ മനോജും ബാങ്കിൽ കയറി. യുവതി നേരെ ചെന്ന് ആദ്യം കണ്ട ബാങ്ക് ജീവനക്കാരനോട് എന്തോ പറയുന്നു. ഉടൻ തിരിച്ചു വന്ന ശേഷം, ബാങ്കിലടക്കാനെന്ന രീതിയിൽ മനോജിനോട് പണമാവശ്യപ്പെടുകയും മനോജ് സ്വന്തം അരക്കെട്ടിൽ സൂക്ഷിച്ച 2 ലക്ഷം രൂപ പർദ്ദധാരിണിക്ക് കൈമാറുകയും ചെയ്യുന്നു.

പണം ബാങ്കിന്റെ ക്യാഷ് കൗണ്ടറിൽ അടക്കുന്നതിന് പകരം യുവതി ഉടൻ സെൽഫോണിൽ വീണ്ടും ആരെയോ വിളിക്കുന്നു. ” ഭർത്താവ് കൊളവയലിലാണെന്ന് മാത്രം ഇടയ്ക്ക് ഒരു വാക്ക് മനോജിനോട് പറഞ്ഞ യുവതി, ബാങ്കിലടക്കാനുള്ള പണം മതിയാവില്ലെന്നും, ഭർത്താവ് വരുന്നുണ്ടെന്നും മനോജിനോട് പറഞ്ഞ ശേഷം ബാങ്കിന് പുറത്തിറങ്ങിയത് കൃത്യം 4.05 മണിക്കാണ്. ബാങ്കിന് പുറത്തിറങ്ങിയ യുവതി വീണ്ടും ഫോൺ ചെയ്യുകയും ആരോടോ സംസാരിക്കുകയും ചെയ്യുന്നതിനിടയിൽ, കാഞ്ഞങ്ങാട് ഭാഗത്ത് നിന്ന് പെട്ടെന്ന് ഓടിയെത്തിയ വെള്ള മാരുതി ഡിസെയർ കാർ ബാങ്കിന് മുന്നിൽ റോഡിൽ നിർത്തിയതും, യുവതി പണപ്പൊതിയുമായി ഓടിപ്പോടി കാറിൽക്കയറിയതും ഞൊടിയിടയ്ക്കുള്ളിലാണ്.

ഓട്ടോ ഡ്രൈവർ മനോജ് കാറിന് പിന്നാലെ ഓടിയെങ്കിലും, പണവുമായി യുവതി രക്ഷപ്പെട്ട വെപ്രാളത്തിനിടയിൽ ഡിസെയർ കാറിന്റെ നമ്പർ ശ്രദ്ധിക്കുന്നതിന് മുമ്പു തന്നെ ഈ കാർ കെഎസ്ടിപി റോഡിലൂടെ ചിത്താരി ഭാഗത്തേക്ക് കുതിച്ചു പായുകയും ചെയ്തു. ചെറുവത്തൂർ ജ്വല്ലറിയിലെയും, കാഞ്ഞങ്ങാട് തെക്കേപ്പുറം സഹകരണ അർബ്ബൻ ബാങ്കിലെയും സിസിടിവി ക്യാമറകളിൽ പർദ്ദധാരിണിയുടെയും, ഒപ്പമുണ്ടായിരുന്ന ആൺകുട്ടിയുടെയും ദൃശ്യങ്ങൾ വ്യക്തമായി പതിഞ്ഞിട്ടുണ്ടെങ്കിലും യുവതി സ്വന്തം മുഖം പൂർണ്ണമായി കറുത്ത തുണി കൊണ്ട് മൂടിയതിനാൽ ദൃശ്യങ്ങളിൽ ആളെ തിരിച്ചറിയാൻ പോലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല.

LatestDaily

Read Previous

പിഎസ് സിയും രാഷ്ട്രീയവും

Read Next

കുശാൽ നഗർ പീഡനം: യുവ വ്യാപാരി മുങ്ങി