ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
ചെറുവത്തൂർ: കാഞ്ഞങ്ങാട് നഗരത്തിലെ ഒരു അർബൻ ബാങ്കിൽ പണയപ്പെടുത്തിയ സ്വർണ്ണാഭരണങ്ങൾ തിരിച്ചെടുക്കാനെന്ന വ്യാജേന ജ്വല്ലറിയുടമയിൽ നിന്ന് 2 ലക്ഷം രൂപ കൈപ്പറ്റിയ പർദ്ദ ധാരിണിയായ മുപ്പത് വയസ്സ് തോന്നിക്കുന്ന യുവതി അതിനാടകീയമായി കാഞ്ഞങ്ങാട്ട് മുങ്ങി. ഫിബ്രവരി 15-നാണ് പുതിയ തട്ടിപ്പിന് ചെറുവത്തൂരിൽ കളമൊരുങ്ങിയത്. ചെറുവത്തൂർ ടൗണിലുള്ള ജ്വല്ലറിയിൽ രാവിലെ എത്തിയ യുവതിയോടൊപ്പം ഒരു ചെറിയ ആൺകുട്ടിയുമുണ്ടായിരുന്നു.
കാഞ്ഞങ്ങാട്ടെ ബാങ്കിൽ പണയപ്പെടുത്തിയ സ്വർണ്ണം തിരിച്ചെടുക്കാൻ 2 ലക്ഷം രൂപ ആവശ്യമുണ്ടെന്നും, തിരിച്ചെടുക്കുന്ന സ്വർണ്ണം അതേപടി ജ്വല്ലറിയിലെത്തിക്കാമെന്നും, യുവതി ജ്വല്ലറിയുടമയോട് പറഞ്ഞു. ജ്വല്ലറിയുടമ ഉടൻ 2 ലക്ഷം രൂപ കടലാസിൽ പൊതിഞ്ഞ് ടൗണിൽ പരിചയക്കാരനായ ഒരു ഓട്ടോ ഡ്രൈവറെ വിളിച്ചു വരുത്തുകയും, യുവതിയോടൊപ്പം കാഞ്ഞങ്ങാട്ട് ചെന്ന് 2 ലക്ഷം രൂപ ബാങ്കിൽ അടച്ചു തീർത്ത ശേഷം, പണയ സ്വർണ്ണം വാങ്ങി യുവതിയേയും കൂട്ടി തിരികെ ജ്വല്ലറിയിലെത്താൻ നിർദ്ദേശിച്ചു.
ഓട്ടോയിൽ യുവതിയും കുട്ടിയും കാഞ്ഞങ്ങാട്ടെത്തുകയും നോർത്ത് കോട്ടച്ചേരിയിലുള്ള അർബ്ബൻ ബാങ്കിൽ കയറി യുവതിയുടെ പണയ സ്വർണ്ണം തിരിച്ചെടുക്കാനുള്ള രേഖകൾ ശരിപ്പെടുത്തുന്നതിനിടയിൽ ഓട്ടോ ഡ്രൈവറുടെ കൈയ്യിലുള്ള 2 ലക്ഷം രൂപ ബാങ്കിലടക്കാനെന്ന വ്യാജേന യുവതി തന്ത്രത്തിൽ കൈക്കലാക്കുകയും, ബാങ്കിനകത്ത് കയറുകയും ചെയ്തു. പണപ്പൊതിയുമായി ബാങ്കിനകത്ത് കടന്ന യുവതിയുടെ സെൽഫോണിലേക്ക് പെട്ടെന്ന് ഒരു കോൾ വന്നു. ഫോണിൽ സംസാരിച്ച യുവതി, താഴെ ഒരു ബന്ധു കാത്തു നിൽക്കുന്നുണ്ടെന്നും, പെട്ടെന്ന് വരാമെന്നും പറഞ്ഞ് ഒന്നാം നിലയിലുള്ള ബാങ്ക് കെട്ടിടത്തിൽ നിന്ന് താഴെയിറങ്ങി.
പിന്നാലെ ഓട്ടോ ഡ്രൈവറും ഇറങ്ങിയെങ്കിലും, തൽസമയം റോഡിൽ കാത്തു നിൽക്കുകയായിരുന്ന ഒരു കാറിൽക്കയറി യുവതിയും കുട്ടിയും രക്ഷപ്പെട്ടു. പർദ്ദയണിഞ്ഞ പ്രായം മുപ്പതു തോന്നിക്കുന്ന വെളുത്ത നിറമുള്ള യുവതി എന്നതിൽക്കവിഞ്ഞ് ജ്വല്ലറിയുടമയ്ക്കോ, രണ്ട് ലക്ഷം രൂപയുമായി ജ്വല്ലറിയുടമ കാഞ്ഞങ്ങാട്ടേക്കയച്ച ഓട്ടോ ഡ്രൈവർക്കോ, ഈ യുവതിയെക്കുറിച്ച് ഒന്നുമറിയില്ല. യുവതിയുടെ തട്ടിപ്പിൽ വീണ് 2 ലക്ഷം രൂപ നഷ്ടപ്പെട്ട ചെറുവത്തൂർ ജ്വല്ലറിയുടമ കഴിഞ്ഞ ദിവസം യുവതിക്കെതിരെ ഹൊസ്ദുർഗ്ഗ് പോലീസിലെത്തി പരാതി നൽകിയെങ്കിലും, ജ്വല്ലറിയുടമയിൽ നിന്ന് യുവതി പണം കൈപ്പറ്റിയത് ചെറുവത്തൂരിലായതിനാൽ പോലീസ് ജ്വല്ലറിയുടമയെ ചന്തേര പോലീസിലേക്ക് പറഞ്ഞയച്ചു. തട്ടിപ്പു നടത്തി രണ്ട് ലക്ഷം രൂപ കൈക്കലാക്കി മുങ്ങിയ യുവതിയെ ജ്വല്ലറിയുടമയോ, സ്വന്തം ഓട്ടോയിൽ യുവതിയെ കാഞ്ഞങ്ങാട്ടെത്തിച്ച ഓട്ടോ ഡ്രൈവറോ ഇന്നുവരെ കണ്ടിട്ടില്ല.