ചെറുവത്തൂരിൽ കോൺഗ്രസ് – ലീഗ് ബന്ധം തകർന്നു

ചെറുവത്തൂർ: ചെറുവത്തൂർ പഞ്ചായത്തിൽ കോൺഗ്രസ് –  ലീഗ് ബന്ധം ശിഥിലമായി.

ഇന്നലെ ചെറുവത്തൂർ മണ്ഡലം യുഡിഎഫ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ തുരുത്തി വില്ലേജ് ഓഫീസിന് മുന്നിൽ നടന്ന യുഡിഎഫ് ധർണ്ണയിൽ നിന്നും ലീഗ് വിട്ടുനിന്നതോടെയാണ് കോൺഗ്രസ്സും ലീഗും തമ്മിലുള്ള അകൽച്ച മറനീക്കി പുറത്തു വന്നത്.

യുഡിഎഫ് ചെറുവത്തൂർ മണ്ഡലം കമ്മിറ്റി യോഗങ്ങൾ ഒരു വർഷമായി വിളിച്ചു ചേർക്കാത്തത് യുഡിഎഫ് മണ്ഡലം കമ്മിറ്റി കൺവീനറും, കോൺഗ്രസ് മണ്ഡലം കമ്മിറ്റി പ്രസിഡണ്ടുമായ വി. നാരായണന്റെ പോരായ്മയാണെന്ന് ആക്ഷേപമുണ്ട്.

ഇന്നലത്തെ യുഡിഎഫ് ധർണ്ണയിൽ ലീഗ് വിട്ടുനിന്നതിനെച്ചൊല്ലി ചോദ്യമുയർന്നപ്പോൾ ഇവിടെ ലീഗുമില്ല, യുഡിഎഫുമില്ലെന്നാണ് കോൺഗ്രസ് മണ്ഡലം പ്രസിഡണ്ടായ വി. നാരായണൻ പറഞ്ഞത്. കോൺഗ്രസ് – ലീഗ് ബന്ധം ചെറുവത്തൂരിൽ അവസാനിച്ചതായും ഇദ്ദേഹം പ്രഖ്യാപിച്ചു.

ഇന്നലെ നടന്ന യുഡിഎഫ് ധർണ്ണയിൽ നിന്നും പല കോൺഗ്രസ് നേതാക്കളും വിട്ടു നിന്നത് കോൺഗ്രസ് ചെറുവത്തൂർ മണ്ഡലം പ്രസിഡണ്ട് വി. നാരായണന്റെയും, ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡണ്ട് കെ. ബാലകൃഷ്ണന്റെയും ഏകാധിപത്യ പ്രവണതകളിൽ പ്രതിഷേധിച്ചാണെന്ന് സൂചനയുണ്ട്.

തുരുത്തി വില്ലേജ് ഓഫീസിന് മുന്നിൽ നടന്ന യുഡിഎഫ് ധർണ്ണ ഡിസിസി ജനറൽ സിക്രട്ടറി കെ.വി സുധാകരനാണ് ഉദ്ഘാടനം ചെയ്തത്.

ചെറുവത്തൂർ പഞ്ചായത്തിൽ ലീഗ്- കോൺഗ്രസ് ബന്ധത്തിലുണ്ടായ വിള്ളലിനെക്കുറിച്ച് പ്രാദേശിക ലീഗ് നേതൃത്വം യുഡിഎഫ് ജില്ലാ കൺവീനർ ഏ. ഗോവിന്ദൻ നായരെ അറിയിച്ചിട്ടുണ്ട്.

ലീഗ് പിന്തുണയില്ലാതെ ചെറുവത്തൂർ പഞ്ചായത്തിൽ ഒറ്റയ്ക്ക് തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്നാണ് കോൺഗ്രസ് മണ്ഡലം കമ്മിറ്റി ഭാരവാഹികലുടെ നിലപാട്.

ജൂലൈ 14 ന് കെപിസിസി ജനറൽ സിക്രട്ടറി ജി. രതികുമാറിന്റെ മണ്ഡലം സാന്നിദ്ധ്യത്തിൽ നടക്കുന്ന ചെറുവത്തൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി യോഗത്തിൽ യുഡിഎഫിനകത്തെ പ്രശ്നങ്ങൾ ചർച്ച ചെയ്യുമെന്ന് ഉറപ്പായിട്ടുണ്ട്.

LatestDaily

Read Previous

കർഷക കോൺഗ്രസ് നേതാവിന്റെ വീട്ടിൽ പ്രവാസി കോൺഗ്രസ് നേതാവിന്റെ പരാക്രമം

Read Next

കോഴിക്കോട് സ്വദേശി കഞ്ചാവുമായി ബേക്കലിൽ പിടിയിൽ