രമേശ് ചെന്നിത്തലയ്ക്ക് ഭക്ഷണമൊരുക്കാൻ പണപ്പിരിവ് കോൺഗ്രസിൽ പുതിയ വിവാദം

ചെറുവത്തൂർ: നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ചെറുവത്തൂരിലെത്തിയ മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് ഭക്ഷണമൊരുക്കാൻ, കോൺഗ്രസ് നേതാക്കൾ രണ്ട് ലക്ഷം രൂപയോളം പിരിച്ചെടുത്തു. തെരഞ്ഞെടുപ്പ് കമ്മിറ്റി നൽകിയ 25,000 രൂപയ്ക്ക് പുറമെയാണ് നേതാക്കൾ പണം പിരിച്ചത്.

ചെറുവത്തൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയോ, യുഡിഎഫ് ഇലക്ഷൻ കമ്മിറ്റിയോ അറിയാതെയാണ് ചെറുവത്തൂരിലെ ആട് ഫാം വിവാദ നായകനായ ബ്ലോക്ക് കോൺഗ്രസ് നേതാവിന്റെ വീട്ടിൽ രമേശ് ചെന്നിത്തലയ്ക്ക് സദ്യയൊരുക്കിയതെന്നാണ് കോൺഗ്രസ് പ്രവർത്തകരുടെ ആരോപണം. ഉച്ച ഭക്ഷണത്തിന് ഇലക്ഷൻ കമ്മിറ്റിയിൽ നിന്നും 25,000 രൂപ കൈപ്പറ്റിയ നേതാക്കൾ രഹസ്യമായി 2 ലക്ഷം രൂപ കൂടി പിരിച്ചെടുത്തതായി കോൺഗ്രസിലെ ഒരു വിഭാഗം ആരോപിച്ചു. പണപ്പിരിവ് നടത്തിയ സംഭവത്തിൽ ഒരു വിഭാഗം കെപിസിസി നേതൃത്വത്തിന് പരാതി നൽകിയതോടെയാണ് സംഭവം പുറത്തായത്.

പണപ്പിരിവിന് നേതൃത്വം നൽകിയത്  ഒരു കെപിസിസി നേതാവും, ബ്ലോക്ക് കോൺഗ്രസ് നേതാവുമാണെന്നാണ് ഒരു വിഭാഗം കോൺഗ്രസ് പ്രവർത്തകരുടെ ആരോപണം. ചെറുവത്തൂർ, പടന്ന പ്രദേശങ്ങളിൽ നിന്നായിരുന്നു പണപ്പിരിവ്. രമേശ് ചെന്നിത്തലയുടെ തെരഞ്ഞെടുപ്പ് പ്രചാരണ യോഗം കഴിഞ്ഞ് ഡിസിസി  ജനറൽ സിക്രട്ടറിയടക്കമുള്ള നേതാക്കൾ  സമ്മേളന ഗ്രൗണ്ട് ശുചീകരിക്കുന്നതിനിടെ ഒരു വിഭാഗം കോൺഗ്രസ് നേതാക്കൾ ബ്ലോക്ക് കോൺഗ്രസ് നേതാവിന്റെ വീട്ടിലൊരുക്കിയ സദ്യ കഴിക്കുന്ന തിരക്കിലായിരുന്നെന്നും കോൺഗ്രസ് പ്രവർത്തകർ ആരോപിക്കുന്നു.

Read Previous

ആട് ഫാം തട്ടിപ്പിന് പുറമെ ആയുർവ്വേദ തട്ടിപ്പും

Read Next

കത്തികാട്ടി അംഗൺവാടി ടീച്ചറുടെ സ്വർണ്ണമാല തട്ടിയെടുക്കാൻ ശ്രമം