ആട് ഫാം തട്ടിപ്പിന് പുറമെ ആയുർവ്വേദ തട്ടിപ്പും

ചെറുവത്തൂർ:  ബ്ലോക്ക് കോൺഗ്രസ് നേതാവിന്റെ നേതൃത്വത്തിൽ നടന്ന ആട്ഫാം തട്ടിപ്പിന്റെ കഥകൾ പുറത്തായതോടെ പ്രശ്നം ഒതുക്കിത്തീർക്കാൻ തിരക്കിട്ട ശ്രമം. ആട് ഫാം തട്ടിപ്പിൽ ഇടനില നിന്ന കൈതക്കാട് സ്വദേശിയുടെ വീടും സ്ഥലവും നഷ്ടപ്പെട്ടതടക്കമുള്ള വിഷയങ്ങൾ ചർച്ച ചെയ്യാൻ  ചെറുവത്തൂരിൽ നടന്ന മധ്യസ്ഥ ശ്രമം തീരുമാനമാകാതെ അലസിപ്പിരിഞ്ഞു. ആന്ധ്രയിൽ ആട് ഫാം ആരംഭിക്കാനെന്ന വ്യാജേനയാണ് ബ്ലോക്ക് കോൺഗ്രസ് നേതാവിന്റെ നേതൃത്വത്തിലുള്ള സംഘം പലരിൽ നിന്നായി ഒരു കോടിയോളം രൂപ തട്ടിയെടുത്തത്.

ജില്ലയിൽ എം. സി. ഖമറുദ്ദീന്റെ നേതൃത്വത്തിൽ നടത്തിയ ജ്വല്ലറി നിക്ഷേപത്തട്ടിപ്പിന് പിന്നാലെയാണ് കോൺഗ്രസ് നേതാക്കളുടെ ആട് ഫാം തട്ടിപ്പ് കൂടി പുറത്തുവന്നിരിക്കുന്നത്. ആട് ഫാം തട്ടിപ്പിന് പുറമെ മറ്റൊരു നിക്ഷേപത്തട്ടിപ്പിന്റെ കഥകൾ കൂടി പുറത്തുവന്നിരിക്കുകയാണ്. ആട് തട്ടിപ്പിന് നേതൃത്വം നൽകിയ ബ്ലോക്ക് കോൺഗ്രസ് നേതാവ് തന്നെയാണ്  ഇതിന് പിറകിലും പ്രവർത്തിച്ചതെന്നാണ് കോൺഗ്രസിലെ ഒരു വിഭാഗം ആരോപിക്കുന്നത്.

തൃക്കരിപ്പൂരിൽ സഹകരണ ആയുർവേദ ആശുപത്രി സ്ഥാപിക്കാനാണ് കോൺഗ്രസ് നേതാവിന്റെ നേതൃത്വത്തിൽ പലരിൽ നിന്നായി പണം പിരിച്ചത്. ആയുർവേദ ആശുപത്രി തുടങ്ങാനായി പലരിൽ നിന്നും ലക്ഷങ്ങൾ പിരിച്ചെടുത്തിരുന്നുവെങ്കിലും, പ്രാരംഭ കടലാസ് ജോലികൾക്കപ്പുറം പദ്ധതി നീങ്ങിയിട്ടില്ലെന്നാണ് കോൺഗ്രസിലെ ഒരു വിഭാഗത്തിന്റെ ആരോപണം. ആയുർവേദ ആശുപത്രി തട്ടിപ്പിൽ നിന്നും പിരിച്ചെടുത്ത പണം ബ്ലോക്ക് കോൺഗ്രസ് നേതാവിന്റെ സൂപ്പർ മാർക്കറ്റിൽ ചെലവഴിച്ചതായും ആരോപണമുണ്ട്.

ജില്ലയിലെ കോൺഗ്രസ് നേതൃത്വത്തിന് നാണക്കേടും തലവേദനയുമായിത്തീർന്നിരിക്കുകയാണ് ബ്ലോക്ക് കോൺഗ്രസ് നേതാവും സംഘവും നടത്തിയ സാമ്പത്തിക തട്ടിപ്പുകൾ. ബ്ലോക്ക് കോൺഗ്രസ് നേതാവിന്റെ നേതൃത്വത്തിലുള്ള കറക്കുകമ്പനിക്ക് പണം സ്വരൂപിച്ച് നൽകാൻ ഇടനിലക്കാരനായ കൈതക്കാട്ടെ കോൺഗ്രസ് നേതാവ് കിടപ്പാടം നഷ്ടപ്പെട്ട് അലയുമ്പോഴും,  പ്രശ്നം തീർക്കാൻ ജില്ലാ നേതൃത്വം ഇതുവരെ മുൻകൈയെടുക്കാത്തതിൽ കോൺഗ്രസ് പ്രവർത്തകർക്കിടയിൽ അമർഷമുണ്ട്.

കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ ഭരണകാലത്താണ് വിവാദനായകനായ ബ്ലോക്ക് കോൺഗ്രസ് ഭാരവാഹിയുടെ നേതൃത്വത്തിൽ സഹകരണ ആയുർവേദ ആശുപത്രി ആരംഭിക്കാനായി പലരിൽ നിന്നും പണം പിരിച്ചത്. ആശുപത്രി ഡയറക്ടറാക്കാമെന്ന് വാഗ്ദാനം ചെയ്ത് കോൺഗ്രസ് നേതാവ് ചെറുവത്തൂർ  കണ്ണങ്കൈ സ്വദേശിയായ ബംഗളൂരു വ്യവസായിയിൽ നിന്നും 5 ലക്ഷം രൂപ തട്ടിയെടുത്തതായും വിവരമുണ്ട്.

ആട് ഫാം തട്ടിപ്പിലും, ആയുർവ്വേദാശുപത്രി തട്ടിപ്പിലും പണം നഷ്ടപ്പെട്ട നിക്ഷേപകർ ഇതുവരെ പോലീസിൽ പരാതി കൊടുക്കാൻ തയ്യാറാകാത്തതാണ് തട്ടിപ്പുകൾ പുറം ലോകമറിയാതിരിക്കാൻ കാരണം. നിക്ഷേപത്തട്ടിപ്പിനെക്കുറിച്ചുള്ള ഒളിഞ്ഞും തെളിഞ്ഞുമുറുമുറുപ്പുകൾ -പുറത്തായതോടെയാണ് ബ്ലോക്ക് കോൺഗ്രസ് നേതാവിന്റെ തട്ടിപ്പുകൾ പുറം ലോകമറിഞ്ഞത്.

LatestDaily

Read Previous

കാസർകോട്–തിരുവനന്തപുരം അതിവേഗ റെയിൽപ്പാതയ്ക്ക് കേന്ദ്ര കടമ്പ കാര്യങ്ങൾ എളുപ്പമല്ലെന്ന് റെയിൽവേ ബോർഡ്

Read Next

രമേശ് ചെന്നിത്തലയ്ക്ക് ഭക്ഷണമൊരുക്കാൻ പണപ്പിരിവ് കോൺഗ്രസിൽ പുതിയ വിവാദം