ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
ഏഴ് പതിറ്റാണ്ടിനു ശേഷം ചീറ്റകൾ ഇന്ത്യയിൽ എത്തിയതിന്‍റെ ആഹ്ളാദത്തിലാണ് വനംവകുപ്പ് ഉദ്യോഗസ്ഥരും മൃഗസ്നേഹികളും. എന്നാൽ അവരുടെ സംരക്ഷണം വളരെ പ്രധാനമാണ്. 24 മണിക്കൂറും നിരീക്ഷണ സംവിധാനങ്ങൾ നിലവിലുണ്ടെങ്കിലും ചീറ്റകൾക്ക് പരമാവധി സംരക്ഷണം ഉറപ്പാക്കുന്നതിനായി കുനോ ദേശീയോദ്യാനത്തിൽ കൂടുതൽ നായ്ക്കളെ വിന്യസിക്കാൻ അധികൃതർ തീരുമാനിച്ചു.
ഇതിനായി തിരഞ്ഞെടുത്ത നായ്ക്കൾക്ക് പ്രത്യേക പരിശീലനം നൽകുന്നുണ്ട്. ജർമ്മൻ ഷെപ്പേർഡ് ഇനത്തിലെ അഞ്ച് മാസം പ്രായമുള്ള ഇലു എന്ന നായയെയാണ് ഇപ്പോൾ പരിശീലിപ്പിക്കുന്നത്. ഇന്തോ-ടിബറ്റൻ ബോർഡർ പോലീസ് ഫോഴ്സിന് കീഴിലുള്ള പ്രത്യേക കേന്ദ്രത്തിലാണ് ഇലു പരിശീലനം നടത്തുന്നത്. ഇലുവിനെ കൂടാതെ, രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിലുള്ള ദേശീയോദ്യാനങ്ങളിൽ സുരക്ഷയ്ക്കായി വിന്യസിക്കാൻ മറ്റ് അഞ്ച് നായ്ക്കൾക്കും കേന്ദ്രത്തിൽ പരിശീലനം നൽകുന്നുണ്ട്.
ചീറ്റകൾക്ക് സ്വയം പ്രതിരോധിക്കാനുള്ള കഴിവുള്ളതിനാൽ നായ്ക്കളുടെ സംരക്ഷണം ആവശ്യമില്ലെങ്കിലും വേട്ടക്കാരെ തുരത്താൻ അവരുടെ സേവനം അനിവാര്യമാണെന്ന് ഇലുവിന്‍റെ പരിചരണ ചുമതലയുള്ള ഉദ്യോഗസ്ഥൻ സഞ്ജീവ് ശർമ പറയുന്നു. നായ്ക്കളെ സേനയിൽ ഉൾപ്പെടുത്തിയാൽ, വിരമിക്കൽ സമയം വരെ അവയുടെ പരിപാലനത്തിന്‍റെ ചുമതല ഒരേ വ്യക്തിക്കായിരിക്കും. ഏപ്രിലോടെ ഇലുവിനെ കുനോ ദേശീയോദ്യാനത്തിലേക്ക് കൊണ്ടുപോകാനാണ് തീരുമാനം. വരും മാസങ്ങളിൽ ഇലു സേവനത്തിനായി തയ്യാറെടുക്കും.
ആദ്യ മൂന്ന് മാസത്തേക്ക് പ്രാരംഭ പരിശീലനവും നാല് മാസത്തേക്ക് പ്രത്യേക പരിശീലനവും നൽകും. നിർദ്ദേശങ്ങൾ അനുസരിക്കാനും മണം തിരിച്ചറിയാനും വന്യമൃഗങ്ങളുടെ ത്വക്ക് അസ്ഥികൾ, ആനക്കൊമ്പ് മുതലായവ വേർതിരിച്ചറിയാനും നായ്ക്കളെ പരിശീലിപ്പിക്കുന്നു. വന്യജീവി കടത്ത് തടയുന്നതിനായി നായ്ക്കളെ പരിശീലിപ്പിക്കുന്ന പദ്ധതിക്ക് 2008ലാണ് തുടക്കം കുറിച്ചത്. തുടർന്ന്, പ്രത്യേക പരിശീലനം ലഭിച്ച നായ്ക്കളെ വിവിധ ദേശീയോദ്യാനങ്ങളിൽ വിന്യസിച്ചു.
സെപ്റ്റംബർ 17 ന് നമീബിയയിൽ നിന്ന് കൊണ്ടുവന്ന എട്ട് ചീറ്റകളെ ദേശീയോദ്യാനത്തിലേക്ക് തുറന്നുവിട്ടു. അഞ്ച് ആൺ ചീറ്റകളും മൂന്ന് പെൺ ചീറ്റകളും അക്കൂട്ടത്തിലുണ്ടായിരുന്നു. 1952-ൽ ചീറ്റ ഇന്ത്യയിൽ വംശനാശം സംഭവിച്ചതായി പ്രഖ്യാപിച്ചിരുന്നു.