വഞ്ചനാക്കേസ്സ് പ്രതിയെ ബലപ്രയോഗത്തിൽ അറസ്റ്റ് ചെയ്തു

ഉദുമ: മാസ്ക് നിർമ്മിച്ച് നൽകാമെന്ന് വിശ്വസിപ്പിച്ച് പണം തട്ടിയെടുത്ത കവ്വായി സ്വദേശിയെ മാങ്ങാട് കൂളിക്കുന്നിലെ ഭാര്യാഗൃഹത്തിൽ നിന്നും പോലീസ് ബലപ്രയോഗത്തിലൂടെ കീഴടക്കി. ഇന്നലെ രാത്രി കൂളിക്കുന്നിലെത്തിയ പയ്യന്നൂർ പോലീസ് ബേക്കൽ പോലീസിന്റെ സഹായത്തോടെയാണ് പ്രതിയെ കീഴടക്കിയത്.  കവ്വായി സ്വദേശി ഏ.ടി. നൗഷാദാണ് മാസ്ക് നിർമ്മിച്ച് നൽകാമെന്ന് വിശ്വസിപ്പിച്ച് പിലാത്തറയിലെ സജീവൻ നടുവളപ്പിൽ എന്നയാളിൽ നിന്നും നാലേകാൽ ലക്ഷം രൂപ തട്ടിയെടുത്തത്.

2020 മാർച്ച് 16,17 തീയ്യതികളിലായി രണ്ട് തവണയാണ് പണം കൈമാറിയത്. പണം വാങ്ങിച്ച് നൗഷാദ് മുങ്ങിയതോടെ സജീവൻ പയ്യന്നൂർ കോടതിയിൽ സ്വകാര്യ അന്യായം ഫയൽ ചെയ്തു. കോടതി നിർദ്ദേശപ്രകാരം പയ്യന്നൂർ പോലീസ് നൗഷാദിനെതിരെ വഞ്ചനാക്കുറ്റത്തിന് കേസ്സെടുത്തു.  പ്രതി ഉദുമ കൂളിക്കുന്നിലെ ഭാര്യാ ഗൃഹത്തിലുണ്ടെന്ന് വിവരം ലഭിച്ചതിനെത്തുടർന്ന് പയ്യന്നൂർ പോലീസ് ഇൻസ്പെക്ടർ എം.സി. പ്രമോദ്, എസ്ഐ, കെ.ടി. ബിജിത്ത് എന്നിവരടങ്ങുന്ന സംഘം കൂളിക്കുന്നിലെത്തി അറസ്റ്റ് ചെയ്യാൻ ശ്രമിച്ചെങ്കിലും, നൗഷാദ് ചെറുത്തുനിന്നു. തുടർന്ന് പോലീസ് കാസർകോട് ഡിവൈഎസ്പി, പി.പി. സദാനന്ദനെ വിവരമറിയിച്ചു.

പി.പി. സദാനന്ദന്റെ നിർദ്ദേശപ്രകാരം ബേക്കൽ പോലീസും സ്ഥലത്തെത്തിയാണ് വഞ്ചനാക്കേസ്സിൽ പ്രതിയായ നൗഷാദിനെ കീഴടക്കിയത്.  പയ്യന്നൂർ പോലീസ് പിടികൂടിയ വഞ്ചനാക്കേസ്സ് പ്രതിയെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ഇന്ന് കോടതിയിൽ ഹാജരാക്കും.

LatestDaily

Read Previous

ജയാനന്ദ മഞ്ചേശ്വരത്ത് ഇടതു സ്ഥാനാർത്ഥി തൃക്കരിപ്പൂരിൽ

Read Next

സുകുമാരനെ തിരിച്ചെടുക്കാത്തതിൽ പ്രതിഷേധം: പള്ളിക്കരയിൽ യുഡിഎഫ് തെരഞ്ഞെടുപ്പ് കൺവെൻഷൻ നടത്താനായില്ല