മന്ത്രി ഇ.ചന്ദ്രശേഖരന്റെ വാർഡിൽ സിപിഐ പ്രവർത്തകർ ബിജെപിയിൽ

ഉദുമ: ചെമ്മനാട് പഞ്ചായത്തില്‍ റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്റെ വീട് സ്ഥിതിചെയ്യുന്ന പെരുമ്പള വാര്‍ഡില്‍ നിന്ന് നിരവധി കുടുംബങ്ങള്‍ സിപി ഐയോട് ലാൽസലാം ചൊല്ലി കൂട്ടത്തോടെ ബി ജെ പിയില്‍ ചേര്‍ന്നു. മന്ത്രിയുടെ നാട്ടില്‍ നിന്നും ഭാസ്‌കരന്‍ ടി . തലക്ലായി, മുരളീധരന്‍ ചെട്ടുംകുഴി, കെ പി സുകുമാരന്‍ പാലിച്ചിയടുക്കം, അശോകന്‍ കെ മാവിലത്തൊട്ടി എന്നിവരുടെ കുടുംബങ്ങളാണ് ഞായറാഴ്ച നടന്ന ചടങ്ങില്‍ ബി ജെപിയിൽ അംഗത്വം സ്വീകരിച്ചത്.

ബിജെപി കാസര്‍കോട് ജില്ലാ അദ്ധ്യക്ഷന്‍ കെ. ശ്രീകാന്ത് പാര്‍ട്ടിയില്‍ ചേര്‍ന്നവരെ ഷാളണിയിച്ച് സ്വീകരിച്ചു. ജില്ലാ സെല്‍ കോര്‍ഡിനേറ്റര്‍ എന്‍. ബാബുരാജ്, ബി ജെ പി ഉദുമ മണ്ഡലം പ്രസിഡന്റ് കെ ടി പുരുഷോത്തമന്‍, ബിജെപി നാലാം വാര്‍ഡ് സ്ഥാനാര്‍ത്ഥി രാധിക. ടി. തലക്ലായി, ശശിധരന്‍ കൈന്താര്‍, മധു ചെട്ടുംകുഴി, പവിത്രന്‍ കൈന്താര്‍, പെരുമ്പള രാധാകൃഷ്ണന്‍, പത്മനാഭന്‍ കൈന്താര്‍, മണികണ്ഠന്‍ മണിയങ്ങാനം എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. മൈലാട്ടി രാജീവ് ഗാന്ധി കോളനിയില്‍ നിന്ന് ഒരു കുടുംബമൊഴികെ മറ്റ് കുടുംബംഗങ്ങളെല്ലാം കൂട്ടത്തോടെ ബിജെപിയില്‍ ചേര്‍ന്നതായി ബി ജെ പി നേതൃത്വം അറിയിച്ചു.  ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് കുറച്ചുപേര്‍ ബി ജെ പിയില്‍ ചേര്‍ന്നതിന് പിന്നാലെയാണ് കോളനിയിലെ മുഴുവൻ കുടുംബങ്ങളും ഇടതു വലതു മുന്നണികളെ ഉപേക്ഷിച്ച് ബി ജെ പിയിൽ ചേക്കേറിയത്.
ബിജെ പി ജില്ലാ പ്രസിഡന്റ് ഇവരെ പാര്‍ട്ടിയിലേക്ക് സ്വീകരിച്ചു.

ജില്ലാ സെല്‍ കോ ഓര്‍ഡിനേറ്റര്‍ എന്‍ ബാബുരാജ്, മണ്ഡലം പ്രസിഡന്റ് കെ ടി പുരുഷോത്തമന്‍, വൈസ് പ്രസിഡന്റ് സദാശിവന്‍, സ്ഥാനാര്‍ത്ഥി ജയചന്ദ്രന്‍ സന്നിധാനം, ബ്ലോക്ക് ഡിവിഷന്‍ സ്ഥാനാര്‍ത്ഥി പ്രേമാ മാധവന്‍, കാര്‍ത്യായനി കനിയടുക്കം, മധു മണ്ഡലിപ്പാറ, സുരേഷ് ബാബു ജഗദംബ, ആശ വാമനന്‍ എന്നിവർ സംസാരിച്ചു. പാര്‍ട്ടിയില്‍ ചേര്‍ന്നവരില്‍ ഏതാനും മുസ്ലീം കുടുംബാംഗങ്ങളും ഉള്‍പ്പെടും.

കാലങ്ങളായി സിപിഐ അനുഭാവികളായ കുടുംബങ്ങൾ, തെരഞ്ഞെടുപ്പ് മുറ്റത്തു വന്നു നിൽക്കുമ്പോൾ ഭാരതീയ ജനതാ പാർട്ടിയിൽ ചേക്കേറിയ സംഭവം മന്ത്രി ഇ. ചന്ദ്രശേഖരനും, അദ്ദേഹത്തിന്റെ പാർട്ടി സിപിഐക്കും കനത്ത വെല്ലുവിളിയായി മാറിയിട്ടുണ്ട്. ബിജെപിയിൽ ചേർന്ന സിപിഐ പ്രവർത്തകർ സിപിഐക്കാരല്ലെന്ന് പാർട്ടി ജില്ലാ സിക്രട്ടറി ഗോവിന്ദൻ പള്ളിക്കാപ്പിൽ ഇപ്പോൾ അവകാശപ്പെടുന്നുണ്ടെങ്കിലും ഈ കുടുംബങ്ങൾ കാലാകാലങ്ങളായി സിപിഐ പാർട്ടിയോട് ഒട്ടി നിന്നു കൊണ്ട് പാർട്ടി പൊതുയോഗങ്ങളിലും, ജാഥയിലും മറ്റും അണി ചേരുന്നവരാണെന്ന് ബിജെപി ജില്ലാ പ്രസിഡന്റ്. കെ.ശ്രീകാന്ത് വെളിപ്പെടുത്തി

LatestDaily

Read Previous

ഇടതു– വലതു മുന്നണികളുടെ സ്ഥാനാർത്ഥികൾ സഹോദരിമാർ

Read Next

അവർ സിപിഐക്കാരല്ല: ഗോവിന്ദൻ പള്ളിക്കാപ്പിൽ