ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കാഞ്ഞങ്ങാട്: മൂന്നാമങ്ക നിയമസഭാ തെരഞ്ഞെടുപ്പിൽ ഇത്തവണ കാഞ്ഞങ്ങാട് മണ്ഡലത്തിലെ മടിക്കൈ പഞ്ചായത്തിൽ സിപിഐ സ്ഥാനാർത്ഥി ഇ. ചന്ദ്രശേഖരന് നന്നേ വോട്ടു കുറഞ്ഞു. പഞ്ചായത്തിൽ ഇത്തവണ ചന്ദ്രശേഖരന് കിട്ടിയത് 18,450 വോട്ടുകളാണ്. 2016–ലെ തെരഞ്ഞെടുപ്പിൽ പഞ്ചായത്തിൽ 18,878 വോട്ടുകൾ ലഭിച്ചിരുന്നുവെങ്കിലും, ഇത്തവണ മടിക്കൈ പഞ്ചായത്തിൽ 6,000 പുതിയ വോട്ടർമാർ വോട്ടു ചെയ്തിട്ടുണ്ട്.
2016–ൽ ലഭിച്ച 18,878 വോട്ടുകൾക്കൊപ്പം പുതിയ 6,000 ഇടതു വോട്ടുകൾ കൂടി ചേർത്താൽ 24,878 വോട്ടുകൾ ലഭിക്കേണ്ടിടത്താണ് ചന്ദ്രശേഖരന്റെ പെട്ടിയിൽ ന്യായമായും വീഴേണ്ടിയിരുന്ന 6,000 വോട്ടുകൾ വഴി മാറിയത്. 6,000 പുതിയ വോട്ടുകളിൽ 2,000 വോട്ടുകൾ യുഡിഎഫ്–ബിജെപിയുടെ വോട്ടുകളായിരിക്കുമെന്ന് കണക്ക് കൂട്ടി മാറ്റി നിർത്തിയാലും, ശേഷിച്ച 4,000 പുതിയ വോട്ടുകളെങ്കിലും ചന്ദ്രശേഖരന് കിട്ടാതെ വഴി മാറിപ്പോയിട്ടുണ്ട്.
മറ്റൊരു വസ്തുത മടിക്കൈ പഞ്ചായത്തിൽ ഇത്തവണ യുഡിഎഫി നേക്കാൾ വോട്ടുകൾ ബിജെപിക്ക് ലഭിച്ചതായി വോട്ടുകളുടെ കണക്കുകൾ തെളിയിക്കുന്നു. 2016–ൽ കുടം ചിഹ്നത്തിൽ മത്സരിച്ച ബിഡിജെഎസ് സ്ഥാനാർത്ഥി രാഘവന് മടിക്കൈ പഞ്ചായത്തിൽ ലഭിച്ചത് 2,440 വോട്ടുകളാണ്. ഇത്തവണ 2021– ൽ ബിജെപി സ്ഥാനാർത്ഥി എം. ബൽരാജിന് 3,768 വോട്ടുകൾ ലഭിച്ചു.
ഇത്തവണ ബിജെപിക്ക് ഏറ്റവും കൂടുതൽ വോട്ടുകൾ ലഭിച്ചത് മടിക്കൈയിലെ കാരാക്കോട്ട്–അമ്പലത്തുകര ബൂത്തുകളിലാണ്. യാദവർ തിങ്ങിപ്പാർക്കുന്ന നാദാക്കോട്ടും, എരിക്കുളം, കാരാക്കോട്ട് പ്രദേശത്തും താമസിക്കുന്ന വോട്ടർമാരാണ് കാരാക്കോട്ട് ബൂത്തിൽ വോട്ടു ചെയ്തത്. കാരാക്കോട്ടും എരിക്കുളവും സിപിഐ സ്വാധീന മേഖലകളാണ്. ഈ പ്രദേശങ്ങളിലാണ് ഇത്തവണ ചന്ദ്രശേഖരന് വോട്ടു കുറഞ്ഞതും ബിജെപിക്ക് വോട്ടു വർദ്ധിച്ചതും.
ഫലത്തിൽ ചന്ദ്രശേഖരനോടുള്ള പ്രതിഷേധമെന്നോണം സിപിഐ പ്രവർത്തകർ അവരുടെ സമ്മതിദാനവകാശം ബിജെപിക്ക് മറിച്ചതായാണ് കണക്കുകൾ വ്യക്തമാക്കുന്നത്. കോൺഗ്രസ് സ്ഥാനാർത്ഥി യുഡിഎഫിലെ പി. വി. സുരേഷിന് വോട്ടു മറിച്ചാൽ, ഏതെങ്കിലും വിധത്തിൽ സുരേഷ് വിജയിച്ചാൽ, അതിന്റെ ഉത്തരവാദിത്വം പരസ്യമായി തന്നെ മടിക്കൈയിലെ സിപിഎം–സിപിഐ വോട്ടർമാരുടെ തലയിൽ വീഴുമെന്ന് കണക്കുകൂട്ടിയിട്ടായിരിക്കണം നാലായിരത്തോളം ഇടതു വോട്ടുകൾ ബിജെപിക്ക് നൽകി മടിക്കൈയിലെ നല്ലൊരു വിഭാഗം ഇടതു വോട്ടർ ഇ. ചന്ദ്രശേഖരനോടുള്ള പ്രതിഷേധം ബാലറ്റിലൂടെ തീർത്തത്.