ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
ന്യൂഡൽഹി: കരട് ഡേറ്റ സംരക്ഷണ ബിൽ-2022 കേന്ദ്ര സർക്കാർ പുറത്തിറക്കി. സുരക്ഷാ മുൻകരുതലുകൾ ലംഘിക്കുന്ന സ്ഥാപനങ്ങളിൽ നിന്ന് 500 കോടി രൂപ വരെ പിഴ ഈടാക്കാനുള്ള വ്യവസ്ഥയും കരട് ബില്ലിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഡിജിറ്റൽ വ്യക്തിഗത വിവരങ്ങളുടെ സംരക്ഷണം ഉറപ്പാക്കുകയാണ് ബിൽ ലക്ഷ്യമിടുന്നത്. ഡിജിറ്റൽ റെഗുലേറ്ററിന്‍റെ ചുമതല ഏറ്റെടുക്കാൻ ഒരു ഡാറ്റാ പ്രൊട്ടക്ഷൻ ബോർഡ് രൂപീകരിക്കും.
കരട് 2019 അനുസരിച്ച് വ്യവസ്ഥകൾ ലംഘിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ പിഴ 15 കോടി രൂപയോ കമ്പനിയുടെ വാർഷിക വിറ്റുവരവിന്‍റെ നാല് ശതമാനമോ ആയിരുന്നു. ഡിസംബർ 17 വരെ ജനങ്ങൾക്കു രേഖയിൽ അഭിപ്രായം പറയാം. പാർലമെന്‍റിന്‍റെ അടുത്ത സമ്മേളനത്തിൽ ബിൽ അവതരിപ്പിക്കും.
ഡാറ്റാ പ്രോസസ്സർ തങ്ങളുടെ കൈവശമുള്ള ഡാറ്റ ചോർച്ചയ്ക്കെതിരെ നടപടിയെടുക്കുന്നതിൽ പരാജയപ്പെട്ടാൽ, 250 കോടി രൂപ വരെ പിഴ ഈടാക്കും. നേരത്തെ തയാറാക്കിയ കരടിൽ 91 വിഭാഗങ്ങളിലായി 88 ഭേദഗതികളാണ് സംയുക്ത പാർലമെന്‍ററി സമിതി നിർദേശിച്ചത്. ഇക്കാരണത്താലാണ് നേരത്തെ അവതരിപ്പിച്ച ബിൽ പൂർണ്ണമായും പിൻവലിക്കേണ്ടി വന്നതെന്നും പുതിയ ബിൽ അവതരിപ്പിക്കേണ്ടി വന്നതെന്നും കേന്ദ്ര ടെലികോം, ഐടി മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു.