കശ്മീരിൽ നിന്ന് സൈന്യത്തെ പിൻവലിക്കാനൊരുങ്ങി കേന്ദ്രം; ചർച്ചകൾ അവസാന ഘട്ടത്തിൽ

ന്യൂഡല്‍ഹി: കശ്മീരിൽ നിന്ന് സൈന്യത്തെ പൂർണമായും പിൻവലിക്കാനൊരുങ്ങി കേന്ദ്രം. ജമ്മു കശ്മീരിൻ്റെ പ്രത്യേക പദവി റദ്ദാക്കി മൂന്നര വർഷം പിന്നിടുന്ന സാഹചര്യത്തിലാണിത്. നിർദ്ദേശം അംഗീകരിക്കുകയാണെങ്കിൽ, സൈന്യം നിയന്ത്രണ രേഖയിൽ മാത്രമേ ഉണ്ടാകൂ. നിർദ്ദേശം ജമ്മു കശ്മീർ പൊലീസ്, കരസേന, കേന്ദ്ര പ്രതിരോധ മന്ത്രാലയം, ആഭ്യന്തര മന്ത്രാലയം എന്നിവയുടെ പരിഗണനയിലാണ്. കഴിഞ്ഞ രണ്ട് വർഷമായി ഈ നിർദ്ദേശം ചർച്ചയിലാണെങ്കിലും നിലവിൽ ചർച്ചകൾ അവസാന ഘട്ടത്തിലാണ്.

ക്രമസമാധാന പാലനം, തീവ്രവാദ പ്രവർത്തനങ്ങൾ കൈകാര്യം ചെയ്യൽ എന്നിവയുടെ ചുമതല സിആർപിഎഫിനെ ഏൽപ്പിക്കും. സൈന്യത്തെ പൂർണ്ണമായും പിൻവലിക്കും. വിഷയം നിലവിൽ മന്ത്രിതല സമിതിയുടെ പരിഗണനയിലാണെന്നാണ് വിവരം. ഘട്ടം ഘട്ടമായി സൈന്യത്തെ പിൻവലിക്കാനുള്ള നിർദ്ദേശം പ്രായോഗികമാണെന്ന് ഉദ്യോഗസ്ഥ തലത്തിൽ നടന്ന പ്രാഥമിക ചർച്ചകളിൽ അഭിപ്രായമുയർന്നിരുന്നു. എന്നിരുന്നാലും രാഷ്ട്രീയ തലത്തിലാണ് അന്തിമ തീരുമാനം എടുക്കുക. ഇക്കാര്യത്തിൽ അധികൃതരിൽ നിന്ന് ഔദ്യോഗിക സ്ഥിരീകരണമൊന്നും വന്നിട്ടില്ല.

നിലവിൽ 1.3 ലക്ഷം കരസേനാംഗങ്ങളാണ് ജമ്മു കശ്മീരിലുള്ളത്. ഇതിൽ 80,000 പേർ അതിർത്തിയിലാണ്. താഴ്‌വരയിൽ രാഷ്ട്രീയ റൈഫിൾസിലെ 40,000 മുതൽ 45,000 വരെ ഉദ്യോഗസ്ഥരുണ്ട്. ഇവരെ കൂടാതെ 60,000 സിആർപിഎഫ് ജവാൻമാരും 83,000 ജമ്മു കശ്മീർ പൊലീസുദ്യോഗസ്ഥരുമുണ്ട്.

K editor

Read Previous

മുരളിയുടെ പ്രതിമ; മാധ്യമങ്ങളിൽ വന്ന ചിത്രത്തിൻ്റെ ഉടമസ്ഥാവകാശം തള്ളി ശില്പി വിൽസൺ പൂക്കായി

Read Next

ഷാജി കൈലാസ്-പൃഥ്വിരാജ് ചിത്രം ‘കടുവ’ ഇനി തമിഴിലും; റിലീസ് മാർച്ച് മൂന്നിന്