ഭാരത് ജോഡോ യാത്രയിൽ രാഹുലിന് സുരക്ഷ ഒരുക്കുന്നതിൽ കേന്ദ്രം വീഴ്ച്ച വരുത്തിയെന്ന് കോൺഗ്രസ്

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ സുരക്ഷയിൽ വീഴ്ചയുണ്ടായെന്ന് ആരോപിച്ച് കോണ്‍ഗ്രസ്. ഇത് സംബന്ധിച്ച് കോണ്‍ഗ്രസ് ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് കത്തയച്ചു. രാഹുൽ ഗാന്ധിക്ക് മതിയായ സുരക്ഷ നൽകണമെന്നും കത്തിൽ ആവശ്യപ്പെടുന്നു.

ശനിയാഴ്ച ഡൽഹിയിൽ പ്രവേശിച്ചതു മുതൽ ഭാരത് ജോഡോ യാത്രയുടെ സുരക്ഷയിൽ നിരവധി വീഴ്ചകൾ സംഭവിച്ചിട്ടുണ്ടെന്ന് കെസി വേണുഗോപാൽ കത്തിൽ ആരോപിച്ചു. ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നതിലും ഇസഡ് പ്ലസ് സുരക്ഷ ഏര്‍പ്പെടുത്തിയിയിട്ടുള്ള രാഹുൽ ഗാന്ധിക്ക് മതിയായ സംരക്ഷണം നൽകുന്നതിലും ഡൽഹി പോലീസ് പൂർണ്ണമായും പരാജയപ്പെട്ടുവെന്ന് കത്തിൽ പറയുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലാണ് ഡൽഹി പോലീസ് വരുന്നത്.

ഡൽഹി പോലീസ് ആവശ്യമായ നടപടികൾ സ്വീകരിക്കാത്തതിനാൽ കോണ്‍ഗ്രസ് പ്രവർത്തകരും ജോഡോ യാത്രയിൽ പങ്കെടുത്തവരും രാഹുൽ ഗാന്ധിക്ക് സംരക്ഷണം നൽകിയെന്നും കത്തിൽ പറയുന്നു. ഡൽഹി പോലീസ് മൂകസാക്ഷികളായി നിൽക്കുകയാണെന്നും കത്തിൽ ആരോപിക്കുന്നു.

K editor

Read Previous

ഇന്ത്യയിൽ റിലീസിനൊരുങ്ങി പാകിസ്ഥാൻ ഹിറ്റ് ചിത്രം ‘ദ ലെജൻഡ് ഓഫ് മൗലാ ജത്’

Read Next

കവർച്ചാ ശ്രമത്തിനിടെ ജാർഖണ്ഡ് നടി റിയ വെടിയേറ്റ് കൊല്ലപ്പെട്ടു