കേന്ദ്ര സർവ്വകലാശാല ലാബ് അസിസ്റ്റന്റ് ജസ്നയുടെ മരണം ആത്മഹത്യ

ജീവനൊടുക്കും മുമ്പ് പള്ളിയിലെത്തി പ്രാർത്ഥിച്ചു ∙ സെൽഫോണും ബാഗും പള്ളിയിൽ കണ്ടെത്തി

കാഞ്ഞങ്ങാട്: പെരിയ കേന്ദ്ര സർവ്വകലാശാലയിലെ ലാബ് അസിസ്റ്റന്റ് ജസ്ന ബേബിയുടെ 30, മരണം ആത്മഹത്യയാണെന്ന് പ്രാഥമിക നിഗമനം. ജീവിതമവസാനിപ്പിക്കുന്നതിന് തൊട്ട് മുമ്പ് യുവതി ദേശീയ പാതക്കരികിൽ പടന്നക്കാട് മേൽപ്പാലത്തിനടുത്തുള്ള സെന്റ് ഗിഗോറിയസ് ഓർത്തഡോക്സ് ചർച്ചിലെത്തി പ്രാർത്ഥിച്ചു. ജസ്നയുടെ ബാഗും സെൽഫോണും പള്ളിപരിസരത്ത് ഉപേക്ഷിച്ച നിലയിൽ പോലീസ് കണ്ടെത്തി.

ഇന്നലെ വൈകീട്ട് 5 മണിയോടെ നീലേശ്വരം ഓർച്ച പുഴയിലാണ് ജസ്നയെ മരിച്ചു കിടക്കുന്നതായി മത്സ്യത്തൊഴിലാളികൾ കണ്ടെത്തിയത്. നീലേശ്വരം എസ്ഐ, സതീഷിന്റെ നേതൃത്വത്തിൽ പോലീസ് നടത്തിയ അന്വേഷണത്തിൽ മണിക്കൂറുകൾക്കകം യുവതിയെ തിരിച്ചറിയാൻ സാധിച്ചു. പെരിയ സെൻട്രൽ യൂണിവേഴ്സിറ്റി ജിയോളജി ലാബിൽ അസിസ്റ്റന്റായ ജസ്ന ബേബി എണ്ണപ്പാറ മുക്കുഴി കരിയത്ത് സ്വദേശിനിയാണ്. ഏതാനും വർഷങ്ങളായി കാഞ്ഞങ്ങാട് സൗത്ത് മുത്തപ്പനാർ കാവിന് സമീപമാണ് താമസം. രണ്ട് മാസക്കാലം അവധിയിലായിരുന്ന ജസ്ന മൂന്ന് ദിവസം മുമ്പാണ് തിരികെ ജോലിയിൽ പ്രവേശിപ്പിച്ചത്.

ജോലി കഴിഞ്ഞ് സാധാരണ 4 മണിക്ക് ശേഷം സെൻട്രൽ യൂണിവേഴ്സിറ്റി ബസ്സിലാണ് കാഞ്ഞങ്ങാട്ടേയ്ക്ക് മടങ്ങിവരാറുള്ളതെങ്കിലും, ഇന്നലെ ഉച്ചയ്ക്ക് 12 മണിക്ക് ജസ്ന അവധിയെടുത്ത് കോളേജിൽ നിന്നും മടങ്ങുകയായിരുന്നു. ഉച്ചയ്ക്ക് ഒരു മണിക്കും രണ്ട് മണിക്കുമിടയിലുള്ള സമയം യുവതി പടന്നക്കാട്ടെ പള്ളിയിലെത്തി പ്രാർത്ഥിക്കുന്നത് കണ്ടവരുണ്ട്. അൾത്താരയ്ക്ക് അരികിൽ ജസ്ന ഏറെ സമയം ചിലവഴിച്ചിരുന്നു. ഇതിന് ശേഷം പള്ളിപ്പരിസരത്ത് ബാഗും സെൽഫോണും ഉപേക്ഷിക്കുകയായിരുന്നു. പടന്നക്കാട് പള്ളിയിൽ നിന്നും അൽപ്പം നടന്നാൽ പുഴയെത്തും. പടന്നക്കാട് അണക്കെട്ട് പരിസരത്ത് ജസ്ന പുഴയിലേക്ക് ചാടിയിരിക്കാമെന്നാണ് പോലീസ് നിഗമനം. പടന്നക്കാട് പുഴയും, ഓർച്ച പുഴയുമായി രണ്ടര കിലോമീറ്റർ ദൂരമുണ്ട്.

യുവതി പ്രാർത്ഥിച്ച സമയവും, മൃതദേഹം പുഴയിൽ കണ്ടെത്തിയ സമയവുമായി മൂന്ന് മണിക്കൂറിന്റെ വ്യത്യാസമുണ്ട്. ഈ മൂന്ന് മണിക്കൂർ മൃതദേഹം ഓർച്ച പുഴയിൽ ഒഴുകിയെത്താൻ കഴിയുമെന്ന് പോലീസ് ഉറപ്പാക്കി.  ജസ്നയ്ക്ക് നീന്തൽ വശമില്ലായിരുന്നുവെന്ന് ബന്ധുക്കൾ വഴി പോലീസ് തിരിച്ചറിഞ്ഞു. ബാഗും സെൽഫോണും പരിശോധിച്ചതിൽ ആത്മഹത്യ ചെയ്യുന്നത് സംബന്ധിച്ച സൂചനകളൊന്നും ജസ്ന നൽകിയിട്ടില്ലെന്ന് പോലീസ് അറിയിച്ചു. പള്ളിയിൽ സ്ഥാപിച്ചിട്ടുള്ള സിസിടിവി ക്യാമറകൾ പോലീസ് പരിശോധിച്ച് വരികയാണ്.

ഗൾഫിലായിരുന്ന ജസ്നയുടെ ഭർത്താവ് ശരത്ത് മാത്യു 4 മാസം മുമ്പാണ് നാട്ടിൽ മടങ്ങിയെത്തിയത്. ഏഴ് മാസം ഗർഭിണിയായിരുന്ന ജസ്ന രണ്ട് മാസം മുമ്പ് ശസ്ത്രക്രിയയ്ക്ക് വിധേയയായിരുന്നു. ഇതിന് ശേഷമാണ് കോളേജിൽ നിന്നും അവധിയെടുത്ത് യുവതി വീട്ടിൽ വിശ്രമിച്ചത്. ശസ്ത്രക്രിയയിൽ കുഞ്ഞിനെ നഷ്ടപ്പെട്ടശേഷം മാനസികാസ്വസ്ഥത പ്രകടിപ്പിച്ചിരുന്ന ജസ്നയ്ക്ക് മാനസിക രോഗ വിദഗ്ധനിൽ നിന്നും ചികിത്സ ലഭ്യമാക്കിയിരുന്നു.

മാനസികനില പൂർവ്വ സ്ഥിതിയിലെത്തിയശേഷം മൂന്ന് ദിവസം മുമ്പ് ജസ്ന വീണ്ടും പെരിയ സെൻട്രൽ യൂണിവേഴ്സിറ്റി യിൽ ജോലിയിൽ പ്രവേശിക്കുകയായിരുന്നു.  നീലേശ്വരം പോലീസ് ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം പരിയാരം മെഡിക്കൽ കോളേജിൽ ഇന്ന് പോസ്റ്റ്മോർട്ടത്തിന് വിധേയമാ ക്കും. ജസ്നയുടെ മരണം സംബന്ധിച്ച് കൂടുതൽ അന്വേഷണം നടത്തിവരികയാണെന്ന് പോലീസ് പറഞ്ഞു.

LatestDaily

Read Previous

ബേക്കൽ പോലീസ് ഗണേഷ്കുമാർ എംഎൽഏയുടെ വീട് റെയ്ഡ് ചെയ്തതിനെ ചൊല്ലി പൊട്ടിത്തെറി

Read Next

ബ്ലാക്ക്മെയിലിംഗിന് പിന്നിൽ പക