കേന്ദ്ര സർവ്വകലാശാലയിൽ വ്യാജരേഖ നൽകി ജോലി നേടിയ യുവതിയെ പിരിച്ചു വിട്ടു

കാഞ്ഞങ്ങാട്: വ്യാജ സർട്ടിഫിക്കറ്റ് ഹാജരാക്കി പെരിയ കേന്ദ്ര സർവ്വകലാശാലയിൽ ജോലി സമ്പാദിച്ച ദേവസ്വം കോൺഗ്രസ് നേതാവിന്റെ ഭാര്യയെ ജോലിയിൽ നിന്ന്  പിരിച്ചു വിട്ടതോടെ യുവതിക്ക്  വ്യാജസർട്ടിഫിക്കറ്റ് നിർമ്മിച്ചു നൽകിയ കോൺഗ്രസ് നേതാവടക്കം കുടുങ്ങുമെന്ന് ഉറപ്പായി.

കോൺഗ്രസിന്റെ ദേവസ്വ സംഘടനാ  നേതാവ് ചെറുവത്തൂരിലെ സജീവൻ കുട്ടമത്തിന്റെ ഭാര്യ കെ. വി. സുധയാണ് വ്യാജ സർട്ടിഫിക്കറ്റ് ഹാജരാക്കി പെരിയ കേന്ദ്രസർവ്വകലാശാലയിൽ ലാബ് അസിസ്റ്റന്റ് തസ്തികയിൽ ജോലിയിൽ കയറിയത്. സുധ വ്യാജ സർട്ടിഫിക്കറ്റ് ഹാജരാക്കിയാണ് ജോലിയിൽ പ്രവേശിച്ചതെന്ന് കേന്ദ്രസർവ്വകലാശാല അധികൃതർക്ക് പരാതി ലഭിച്ചിരുന്നു.

ഈ പരാതിയിൽ സർവ്വകലാശാല അധികൃതർ നടത്തിയ അന്വേഷണത്തിലാണ് ഇവർ ഹാജരാക്കിയ മുൻപരിചയ സർട്ടിഫിക്കറ്റ് വ്യാജമാണെന്ന് വ്യക്തമായത്. ഇതെത്തുടർന്നാണ് സുധയെ  കേന്ദ്രസർവ്വകലാശാല ജോലിയിൽ നിന്നും പിരിച്ചു വിട്ടത്.

പരിയാരം മെഡിക്കൽ കോളേജിൽ ജോലി ചെയ്തു കൊണ്ടിരുന്ന കെ. വി സുധയ്ക്ക്  കോൺഗ്രസിലെ ഒരു ഉന്നത നേതാവിന്റെ ശിപാർശപ്രകാരമാണ് കേന്ദ്രസർവ്വകലാശാലയിൽ ജോലി ലഭിച്ചത്. പറക്കളായി പി.എൻ. പണിക്കർ ആയുർവേദ മെഡിക്കൽ കോളേജിന്റെ ഡയറക്ടറും, കോൺഗ്രസ് നീലേശ്വരം ബ്ലോക്ക് കമ്മിറ്റി വൈസ് പ്രസിഡണ്ടുമായ ചെറുവത്തൂരിലെ ആയുർവ്വേദ  ഡോ: കെ. വി. ശശിധരനാണ് സുധ പറക്കളായി മെഡിക്കൽ കോളേജിൽ ജോലി ചെയ്തുവെന്ന് കാണിച്ച് വ്യാജ എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ്  നൽകിയത്.

മെഡിക്കൽ കോളേജ് ഭരണ സമിതി അറിയാതെയാണ് ഡോ. കെ. വി. ശശിധരൻ സ്ത്രീക്ക്  സർട്ടിഫിക്കറ്റ് നൽകിയതെന്നും ആക്ഷേപമുണ്ട്. ഒരു വർഷം മുമ്പ് സർവ്വകലാശാല അധികൃതർക്ക് ലഭിച്ച പരാതിയാണ് തട്ടിപ്പ് പുറത്താകാൻ കാരണമായത്. കേന്ദ്രസർവ്വകലാശാല അധികൃതർ നടത്തിയ അന്വേഷണത്തിൽ എക്സ്പീരിയൻസ് സർട്ടിഫിക്കറ്റിൽ രേഖപ്പെടുത്തിയ  കാലയളവിൽ കെ. വി സുധ പരിയാരം മെഡിക്കൽ കോളേജിൽ ജോലി ചെയ്യുകയായിരുന്നെന്ന്  വ്യക്തമായിരുന്നു.

ഇതോടെയാണ് ഇവരെ ജോലിയിൽ നിന്നും പിരിച്ചുവിടാനുള്ള നടപടികൾ ആരംഭിച്ചത്. വ്യാജ സർട്ടിഫിക്കറ്റ് വഴി ജോലി സമ്പാദിച്ച കെ. വി. സുധയ്ക്കെതിരെ കേന്ദ്ര ഏജൻസികൾ അന്വേഷണമാരംഭിച്ചിട്ടുണ്ട്. തട്ടിപ്പിന് കൂട്ടു നിന്നവരെല്ലാം ഇതോടെ കുടുങ്ങുെമന്ന് ഉറപ്പായിട്ടുണ്ട്. വ്യാജ എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ് തയ്യാറാക്കി നൽകിയ ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡണ്ട് ഡോ: കെ. വി. ശശിധരനും വ്യാജരേഖാ കേസിൽ പ്രതിയാകാനാണ് സാധ്യത.

LatestDaily

Read Previous

ഫാഷൻ ഗോൾഡിൽ ഐപി എസ്സുകാരുടെ അന്വേഷണവും ഇഴയുന്നു

Read Next

മാസ്ക് ധരിക്കാനാവശ്യപ്പെട്ട എസ്ഐയുടെ കോളറിന് കുത്തിപ്പിടിച്ച യുവാവ് ജയിലിൽ