സിസോദിയയെ വീണ്ടും സിബിഐ ചോദ്യം ചെയ്യുന്നു, അറസ്റ്റ് ചെയ്തേക്കുമെന്ന് സൂചന

ന്യൂഡല്‍ഹി: ഡൽഹി മദ്യ കുംഭകോണവുമായി ബന്ധപ്പെട്ട് ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ സിബിഐ വീണ്ടും ചോദ്യം ചെയ്യുന്നു. ചോദ്യം ചെയ്യലിന് ശേഷം സിസോദിയെ സിബിഐ അറസ്റ്റ് ചെയ്തേക്കും എന്ന് സൂചനകളുണ്ട്. ചോദ്യം ചെയ്യലിന് ഹാജരാകുന്നതിന് മുമ്പ്, ജയിലിൽ കിടക്കേണ്ടി വന്നാലും തനിക്ക് പ്രശ്നമില്ലെന്ന് സിസോദിയ ട്വീറ്റ് ചെയ്തിരുന്നു. സിബിഐ ഓഫീസിലേക്ക് പോകുന്നതിന് മുമ്പ് അദ്ദേഹം രാജ്ഘട്ട് സന്ദർശിച്ചിരുന്നു.

“ചോദ്യം ചെയ്യലിനായി ഞാൻ ഇന്ന് സി.ബി.ഐക്ക് മുന്നിൽ ഹാജരാകുകയാണ്. അന്വേഷണവുമായി പൂർണമായും സഹകരിക്കും. ലക്ഷക്കണക്കിന് കുട്ടികളുടെയും കോടിക്കണക്കിന് ജനങ്ങളുടെയും അനുഗ്രഹമുണ്ട്. കുറച്ച് മാസങ്ങൾ ജയിലിൽ കഴിയേണ്ടി വന്നാലും എനിക്കത് പ്രശ്നമല്ല” സിസോദിയ ഞായറാഴ്ച രാവിലെ ട്വീറ്റ് ചെയ്തു.

ദൈവം നിങ്ങളോടൊപ്പമുണ്ടെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ സിസോദിയയെ അഭിസംബോധന ചെയ്ത് ട്വീറ്റ് ചെയ്തു. “ലക്ഷക്കണക്കിന് കുട്ടികളുടെയും അവരുടെ മാതാപിതാക്കളുടെയും അനുഗ്രഹം നിങ്ങളോടൊപ്പമുണ്ട്. രാജ്യത്തിനും സമൂഹത്തിനും വേണ്ടി ജയിലിൽ പോകേണ്ടി വന്നാൽ അത് മഹത്വമാണ്. ജയിലിൽ നിന്ന് എത്രയും വേഗം മടങ്ങി വരുമെന്നും ഞാൻ പ്രാർത്ഥിക്കുന്നു. ഡൽഹിയിലെ എല്ലാവരും നിങ്ങൾക്കായി കാത്തിരിക്കും” കെജ്രിവാൾ ട്വീറ്റ് ചെയ്തു.

K editor

Read Previous

നൻപകൽ നേരത്ത് മയക്കം തൻ്റെ ചിത്രത്തിൻ്റെ പകർപ്പ്; ആരോപണവുമായി തമിഴ് സംവിധായിക

Read Next

കേരളത്തിലെ നേതാക്കളുടെ തർക്കം പ്ലീനറി സമ്മേളനത്തിൻ്റെ ശോഭ കെടുത്തി: രാജ്മോഹൻ ഉണ്ണിത്താൻ