ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കാഞ്ഞങ്ങാട്: ആതുരശുശ്രൂഷ രംഗത്ത് ഏറെ മാറ്റങ്ങൾ സൃഷ്ടിച്ചുവെന്ന് അവകാശപ്പെടുമ്പോഴും ജില്ലയിൽ സാധാരണക്കാരൻ യഥാസമയം ചികിൽസ ലഭിക്കാതെ മരണത്തിന് കീഴടങ്ങുന്നത് പതിവായി. കാഞ്ഞങ്ങാട് തോയമ്മലിലെ ഉദ്ഘാടനം ചെയ്യപ്പെട്ട കാത്ത്്ലാബ് പകുതി പോലും പണിതീരാതെ കിടക്കുകയാണ്. സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി ഉദ്ഘാടനത്തോടനുബന്ധിച്ചാണ് കാത്ത് ലാബും ആരോഗ്യമന്ത്രി ഉദ്ഘാടനം ചെയ്തത്. എന്നാൽ ജില്ലാആശുപത്രിയിൽ വിദഗ്ധ ചികിൽസയ്ക്കാവശ്യമായ എല്ലാ സൗകര്യങ്ങളുമൊരുക്കുമെന്ന് പ്രഖ്യാപിച്ച മണ്ഡലം പ്രതിനിധിയായ മന്ത്രിയുടെയും ആരോഗ്യമന്ത്രിയുടെയും പ്രഖ്യാപനങ്ങൾ കടലാസ്സിൽ മാത്രം.
ജില്ലാ ആശുപത്രിയിൽ ഹൃദയരോഗ ചികിൽസക്കായി ഉദ്ഘാടനം ചെയ്യപ്പെട്ട കാത്ത് ലാബ് പകുതി പോലും പണി തീരാതെ കിടക്കുകയാണ്. ഉദ്ഘാടനം കഴിഞ്ഞ് മാസം ഒന്ന് കഴിയാറായിട്ടും ഉദ്ഘാടന ദിവസത്തെ അതേ നിലയിലാണ് കാത്ത് ലാബ്. ലക്ഷങ്ങൾ മുടക്കി യന്ത്രസാമഗ്രികൾ കൊണ്ടു വന്ന് ആശുപത്രി ഗോഡൗണിൽ തള്ളിയതല്ലാതെ അത് സ്ഥാപിക്കാനോ അവശേഷിക്കുന്ന പ്രവൃത്തി കൾ പൂർത്തീകരിക്കാനോ ആശുപത്രി അധികൃതർ തയ്യാറായിട്ടില്ല. ജില്ലയ്ക്ക് ആകമാനം ആശ്രയമാകേണ്ട ജില്ലാ ആശുപത്രി ഇപ്പോഴും താലൂക്കാശുപത്രിയുടെ സൗകര്യങ്ങളുമായാണ് പ്രവർത്തിക്കുന്നത്.
വിദഗ്ധ ചികിൽസയ്ക്ക് ജില്ലയിലെ ജനങ്ങൾ ആശ്രയിക്കുന്നത് മംഗളൂരുവിനെയും പരിയാരം മെഡിക്കൽ കോളേജിനെയുമാണ്. ജില്ലയിൽ ഉക്കിനടുക്കയിൽ ആരംഭിച്ച മെഡിക്കൽ കോളേജ് ഇപ്പോഴും നോക്കുകുത്തിയായി നിൽക്കുകയാണ്. കോവിഡ് ആശുപത്രിയായി ലഭിച്ച ടാറ്റാ ആശുപത്രിയും പരിമിതികളും പരാതികളുമായി നിൽക്കുകയാണ്.
ജില്ലയോട് അധികൃതർ കാണിക്കുന്ന അവഗണനയ്ക്ക് പുറമെയാണ് ഉദ്യോഗസ്ഥരുടെ അനാസ്ഥ. സ്ഥാപനത്തിലെ പ്രവർത്തനങ്ങൾ വേണ്ട രീതിയിൽ പൂർത്തീകരിക്കാൻ മുൻകൈയെടുക്കേണ്ട മേലധികാരികൾ ജനങ്ങളുടെ ചോദ്യങ്ങൾക്ക് മുന്നിൽ കൈമലർത്തുകയാണ്. ഈ തെരഞ്ഞെടുപ്പ് കാലത്തെങ്കിലും മണ്ഡലത്തിലെ രാഷ്ട്രീയ നേതൃത്വം ഇച്ഛാശക്തിയോടെ പ്രവർത്തിക്കുമോ എന്നാണ് ജനങ്ങൾ ചോദിക്കുന്നത്.