കൊല്ലത്ത് സൈനികനും സഹോദരനും സ്റ്റേഷനിൽ പൊലീസിനെ ആക്രമിച്ചെന്ന കേസ് വ്യാജം

കൊല്ലം: കൊല്ലം കിളികൊല്ലൂർ പൊലീസ് സ്റ്റേഷനിൽ എം.ഡി.എം.എ കേസിലെ പ്രതിയെ കാണാനെത്തിയ സൈനികനും സഹോദരനും ചേർന്ന് പൊലീസിനെ ആക്രമിച്ചെന്ന കേസ് വ്യാജം. മഫ്തിയിലുണ്ടായിരുന്ന ഒരു പൊലീസുകാരനുമായുള്ള തർക്കത്തിന്‍റെ പേരിലാണ് ഇരുവർക്കുമെതിരെ കള്ളക്കേസ് കെട്ടിച്ചമച്ചത്. തന്നെയും സഹോദരനെയും പൊലീസ് ക്രൂരമായി മർദ്ദിച്ചതായി കൊറ്റങ്കര സ്വദേശി വിഘ്നേഷ് പറഞ്ഞു.

ഓഗസ്റ്റ് 25ന് പിടികൂടിയ എം.ഡി.എം.എ കേസിലെ പ്രതികളെ കാണണമെന്നാവശ്യപ്പെട്ട് കൊറ്റങ്കര സ്വദേശികളായ വിഷ്ണുവും വിഘ്നേഷും ചേർന്ന് ഉദ്യോഗസ്ഥരെ ആക്രമിച്ചുവെന്നാണ് പൊലീസ് പറഞ്ഞത്. എന്നാൽ യഥാർത്ഥത്തിൽ സ്റ്റേഷനിലുണ്ടായിരുന്ന സി.പി.ഒ മണികണ്ഠൻ പ്രതികളെ ജാമ്യത്തിൽ ഇറക്കാൻ വിഘ്നേഷിനെ വിളിച്ചുവരുത്തുകയായിരുന്നു. എം.ഡി.എം.എ കേസിൽ ജാമ്യം നിൽക്കാൻ കഴിയില്ലെന്ന് വിഘ്‌നേഷ് പറഞ്ഞു. വിഘ്നേഷിനെ അന്വേഷിച്ച് വന്ന സഹോദരൻ വിഷ്ണുവിന്റെ ബൈക്ക് സ്റ്റേഷനു മുന്നിലുണ്ടായിരുന്ന ഓട്ടോറിക്ഷയിൽ ഇടിച്ചു. ഇതേതുടർന്ന് മഫ്തിയിലുണ്ടായിരുന്ന എഎസ്ഐ പ്രകാശ് ചന്ദ്രനുമായി തർക്കമുണ്ടായി. പ്രകാശ് ചന്ദ്രൻ തങ്ങളെ സ്റ്റേഷനിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി മർദ്ദിച്ചതായി യുവാക്കൾ പറഞ്ഞു. എം.ഡി.എം.എ കേസിലെ പ്രതികളുമായി ബന്ധിപ്പിച്ച് കള്ളക്കേസ് കെട്ടിച്ചമയ്ക്കുകയും ചെയ്തു.

ആക്രമണവും കള്ളക്കേസും രണ്ട് യുവാക്കളുടെയും ജീവിതം നശിപ്പിച്ചു. സൈനികനായ വിഷ്ണുവിന്‍റെ വിവാഹം മുടങ്ങി. പൊലീസ് കോൺസ്റ്റബിൾ പരീക്ഷയുടെ കായികക്ഷമത പരീക്ഷക്ക് തയ്യാറെടുക്കുകയായിരുന്ന വിഘ്നേഷിന് ശരീരവേദന കാരണം ഇപ്പോഴും നേരെ നടക്കാൻ കഴിയുന്നില്ല. കൊല്ലം സ്പെഷ്യൽ ബ്രാഞ്ച് എസിപി നടത്തിയ പ്രാഥമിക അന്വേഷണത്തിലാണ് പൊലീസിന് വീഴ്ച പറ്റിയെന്ന് കണ്ടെത്തിയത്. സംഭവത്തിൽ കിളികൊല്ലൂർ സ്റ്റേഷനിലെ മൂന്ന് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി.
 

K editor

Read Previous

പുലിസ്റ്റര്‍ ജേതാവ് സന്ന ഇര്‍ഷാദ് മാട്ടൂവിനെ ഡല്‍ഹി വിമാനത്താവളത്തില്‍ തടഞ്ഞതായി പരാതി

Read Next

അടിയന്തരമായി യുക്രൈന്‍ വിടണം; പൗരന്മാര്‍ക്ക് നിര്‍ദേശവുമായി ഇന്ത്യ