നക്ഷത്ര ആമയെ കടത്തിയ വന്യജീവി ഡോക്യുമെന്ററി സംവിധായികക്കെതിരേ കേസ്

മുംബൈ: പനവേലിൽ നിന്ന് പുണെയിലേക്ക് നക്ഷത്ര ആമയെ കടത്തിയ സംഭവത്തിൽ വന്യജീവി ചലച്ചിത്ര സംവിധായിക ഐശ്വര്യ ശ്രീധറിന്റെ പേരില്‍ വനംവകുപ്പ് കേസെടുത്തു. 1972ലെ വന്യജീവി സംരക്ഷണ നിയമപ്രകാരം സംരക്ഷിത വിഭാഗത്തിൽ പെടുന്നതാണ് നക്ഷത്ര ആമകൾ. ചികിത്സയ്ക്കായി ഐശ്വര്യ പുണെയിലെ റെസ്‌ക്യു ചാരിറ്റബിള്‍ ട്രസ്റ്റിലേക്ക് നക്ഷത്ര ആമയെ അയച്ചിരുന്നു.

വന്യജീവി സംരക്ഷണ നിയമപ്രകാരമാണ് ഐശ്വര്യയ്ക്കെതിരെ കേസെടുത്തിരിക്കുന്നത്. ഓഗസ്റ്റ് 18ന് ഫോറസ്റ്റ് ടെറിട്ടോറിയല്‍ ആന്‍ഡ് വൈല്‍ഡ് ലൈഫ് പനവേല്‍ അസിസ്റ്റന്റ് കണ്‍സര്‍വേറ്റര്‍ ഇവർക്ക് ഇത് സംബന്ധിച്ച് നോട്ടീസ് അയച്ചിരുന്നു. അതേസമയം, ഐശ്വര്യ ശ്രീധർ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

നക്ഷത്ര ആമയെ എവിടെ നിന്നാണ് രക്ഷപ്പെടുത്തിയതെന്നും ആരുടെ അനുമതിയോടെയാണ് രക്ഷാപ്രവർത്തകർക്ക് കൈമാറിയതെന്നും വിശദീകരിക്കാൻ വനംവകുപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്. പന്‍വേല്‍ ഫാം ഉടമയിൽ നിന്നാണ് തനിക്ക് ആമ ലഭിച്ചതെന്ന് അവർ ഉദ്യോഗസ്ഥരോട് പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട രേഖകൾ ഹാജരാക്കാനും നിർദേശം നൽകിയിട്ടുണ്ട്. ഹാജരായില്ലെങ്കിൽ നിയമപ്രകാരം നടപടിയെടുക്കുമെന്ന് വനംവകുപ്പ് അറിയിച്ചു.

K editor

Read Previous

ഭാര്യയെ ക്രൂരമായി മർദിച്ചെന്ന പരാതിയിൽ പോലീസുകാരന് സസ്‌പെൻഷൻ

Read Next

ലൈഫ് ഭവനപദ്ധതി; കാസർകോട് ഒരുക്കുന്ന പാർപ്പിട സമുച്ചയത്തിൻ്റെ നിർമാണം നിലച്ചു