കരിപ്പൂരിന് പറക്കണം

തിരുവനന്തപുരം വിമാനത്താവളം അദാനിക്ക് വിട്ടുകൊടുത്തതോടെ കേരളത്തിൽ പൊതുമേഖലയിലുള്ള ഏക വിമാനത്താവളമാണ് കരിപ്പൂരിലേത്. വിമാന ദുരന്തത്തിന് പിന്നാലെ സ്വകാര്യ ലോബി കരിപ്പൂരിന്റെ ചിറകരിയാൻ ശ്രമിക്കുന്നെന്ന ആരോപണം ശക്തമാണ്.

കരിപ്പൂർ സുരക്ഷിതമല്ലെന്നാണ് പ്രചാരണം. ദുരന്തത്തിന് കാരണം റൺവേയുടെ പോരായ്മയല്ലെന്ന് എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ലാൻഡിംഗിലെ പിഴവാകാം ദുരന്ത കാരണമെന്നാണ് നിഗമനം. നിലവിൽ വലിയ വിമാനങ്ങൾക്ക് കരിപ്പൂരിൽ വിലക്കേർപ്പെടുത്തിയിട്ടുണ്ട്. കരിപ്പൂർ വിമാനത്താവളം സുരക്ഷിതമല്ലെന്ന പ്രചാരണം മംഗലാപുരം വിമാനത്താവള ദുരന്തത്തിന് പിന്നാലെ തന്നെ തുടങ്ങിയിരുന്നു.

2005 മുതൽ2014 വരെ ഇന്ത്യയിൽ ഏറ്റവും കൂടുതൽ ലാഭമുണ്ടാക്കിയ ആറ് വിമാനത്താവളങ്ങളിൽ ഒന്നാണ് കരിപ്പൂർ. ഇതിനുശേഷം റൺവേ വികസനത്തിനായി വിവിധ കാലയളവുകളിൽ വിമാനത്താവളം ഭാഗികമായി അടച്ചതോടെ യാത്രക്കാരുടെ എണ്ണവും കുറഞ്ഞു. അടുത്തിടെയാണ് വലിയ വിമാനങ്ങൾക്ക് വീണ്ടും സർവീസിന് അനുമതി നൽകിയത്. കേരളത്തിൽ ഏറ്റവും കൂടുതൽ വിദേശ യാത്രക്കാരുള്ള വിമാനത്താവളം കരിപ്പൂരിലേതാണ്. ഇതിൽ ഏറെയും സാധാരണക്കാരായ ഗൾഫ് പ്രവാസികളാണ്. കരിപ്പൂരിലെ ഏതു മാറ്റങ്ങളും ആദ്യം ബാധിക്കുന്നതും ഇവരെത്തന്നെയാണ്.

വിമാനത്താവള വികസനത്തിന് ഭൂമി ഏറ്റെടുക്കണമെന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ടെങ്കിലും ഇതുവരെ പ്രാഥമിക നടപടി പോലും തുടങ്ങിയിട്ടില്ല. വികസനത്തിന് എത്ര ഭൂമി വേണ്ടിവരുമെന്നതിൽ പോലും എയർപോർട്ട് അതോറിറ്റിക്കോ, സർക്കാരിനോ വ്യക്തതയില്ല. ഇതാണ് കരിപ്പൂരിന്റെ വികസനത്തിന് വിലങ്ങായത്.

ആദ്യം 480 ഏക്കർ ഭൂമി വേണമെന്ന നിലപാടിലായിരുന്നു സ‌ർക്കാരും എയർപോർട്ട് അതോറിറ്റിയും. ജനവാസമേഖലയിലടക്കം വലിയ തോതിൽ ഭൂമിയേറ്റെടുപ്പ് വേണ്ടി വരുമെന്നതിനാൽ ഈ തീരുമാനം പ്രായോഗികമായിരുന്നില്ല. പിന്നീടിത് 237 ഏക്കറാക്കി ചുരുക്കി. ഇപ്പോൾ 110 ഏക്കർഭൂമി മതിയെന്നാണ് എയർപോർട്ട് അതോറിറ്റി പറയുന്നത്. അധികം ജനവാസമില്ലാത്ത സ്ഥലത്ത് തന്നെ 130 ഏക്കറിലധികം സ്ഥലം ലഭ്യമാണ്.

എന്നാൽ കൃത്യമായ പുനരധിവാസ പാക്കേജ് സർക്കാർ പ്രഖ്യാപിക്കാത്തതാണ് ഭൂമി വിട്ടുകൊടുക്കാൻ തയ്യാറുള്ളവരെ പോലും പിന്നോട്ടു വലിക്കുന്നത്. നേരത്തെ പല പ്രാവശ്യം  എതിർപ്പുകളില്ലാതെ ഭൂമി വിട്ടുകൊടുത്തവരാണ് പ്രദേശവാസികൾ. ഇതിൽ പലർക്കും നഷ്ടപരിഹാരം ലഭിച്ചത് ഏറെ വൈകിയുമാണ്. പ്രദേശവാസികളെ വിശ്വാസത്തിലെടുത്ത് ഭൂമിയേറ്റെടുക്കലിന് തുടക്കം കുറിക്കാൻ സർക്കാർ തലത്തിൽ നടപടികൾ വേണം.

എന്നും ചിറ്റമ്മ നയം

പൊതുമേഖലയിലുള്ള കരിപ്പൂർ വിമാനത്താവളത്തെ ഒഴിവാക്കി സ്വകാര്യ പങ്കാളിത്തമുള്ള കണ്ണൂരിനും കൊച്ചിക്കും നികുതി ഇളവ് നൽകിയത് ഏറെ വിവാദമായിരുന്നു. കണ്ണൂരിനും കൊച്ചിക്കും ഒരു ശതമാനം നികുതി ഏർപ്പെടുത്തിയപ്പോൾ കരിപ്പൂരിന് 29 ശതമാനമായിരുന്നു.

വലിയ പ്രതിഷേധത്തെ തുടർന്നാണിത് അഞ്ച് ശതമാനമാക്കി കുറച്ചത്. നികുതിയിലെ ഈ വ്യത്യാസം യാത്രാ ടിക്കറ്റ് നിരക്കിലടക്കം പ്രതിഫലിക്കുന്നുണ്ട്. ഇന്ധന വിലയിലടക്കം മാറ്റം വരുന്നതിനാൽ വിമാന കമ്പനികൾ കണ്ണൂരിലേക്കും കൊച്ചിയിലേക്കും കൂടുതൽ സർവീസുകൾക്ക് താത്പര്യപ്പെടും.

നടപ്പാകുമോ തീരുമാനങ്ങൾ

കരിപ്പൂർ വിമാനത്താവള ദുരന്തത്തിന് ശേഷം കഴിഞ്ഞ ദിവസമാണ് ഉപദേശക സമിതി യോഗം ചേർന്നത്. വി​മാ​ന​ത്താ​വ​ള​ത്തി​നാ​യി ആ​വ​ശ്യ​മാ​യ ഭൂ​മി മാ​ത്രം ഏ​റ്റെ​ടു​ത്ത്​ പ​ര​മാ​വ​ധി വി​ക​സ​നം ന​ട​ത്താ​നാണ് സ​മി​തി ചെ​യ​ർ​മാ​ൻ പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി എം.​പി​യു​ടെ അ​ദ്ധ്യ​ക്ഷ​ത​യി​ൽ ചേർന്ന യോഗത്തിലെ തീരുമാനം.

വിമാനത്താവള അതോറിറ്റിയോട് ഇതിനായി മാസ്റ്റർ പ്ലാൻ തയ്യാറാക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാവും എത്ര ഭൂമി ഏറ്റെടുക്കേണ്ടി വരുമെന്നതും തുടർനടപടികളും ചർച്ചയാവുക. വികസനത്തിനായി നിലവിൽ അതോറിറ്റിയുടെ ഉടമസ്ഥതയിലുള്ള 19 ഏക്കർ ഭൂമിയും പുറമെ തികയാതെ വരുന്ന ഭൂമിയും ഏറ്റെടുക്കാനാണ് തീരുമാനം.

70 ഏക്കറോളം ഭൂമി മതിയാകുമെന്നാണ് ഉയർന്ന നിർദ്ദേശം. പരിസരവാസികളെ പരമാവധി ബുദ്ധിമുട്ടിക്കാതെയാവും ഭൂമിയേറ്റെടുക്കൽ. സ്ഥലം വിട്ടുനൽകുന്നവർ‌ക്ക് പ്രത്യേക പാക്കേജും അനുവദിക്കും.

വിഷയത്തിൽ പഠനം നടത്താൻ വിമാനത്താവള ഡയറക്ടറെ യോഗം ചുമതലപ്പെടുത്തിയിട്ടുണ്ട്. ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ചേർന്ന യോഗത്തിലെ തീരുമാനങ്ങൾക്കും മുൻയോഗ തീരുമാനങ്ങളുടെ ഗതിയാവുമോയെന്ന ആശങ്കയും ശക്തമാണ്. ഉപദേശക സമിതി യോഗം കൈകൊള്ളുന്ന തീരുമാനങ്ങൾ എയർപോർട്ട് അതോറിറ്റി നടപ്പാക്കുന്നില്ലെന്ന അമർഷം ജനപ്രതിനിധികൾക്കുണ്ട്.

അത്ര ഭൂമി വേണ്ട

ഭൂമിയേറ്റെടുക്കൽ ചർച്ച വീണ്ടും സജീവമായ സാഹചര്യത്തിൽ നിർദ്ദേശങ്ങളുമായി വിവിധ സംഘടനകൾ രംഗത്തുണ്ട്. റൺവേയുടെ നീളം 2,700ൽ നിന്ന് 3200 മീറ്ററായി വർദ്ധിപ്പിക്കാൻ മലബാർ ഡെവലപ്പ്മെന്റ് ഫോറം കേന്ദ്ര സ‌ർക്കാരിന് സമർ‌പ്പിച്ച മാസ്റ്റർ പ്ലാൻ ഇതിൽ ശ്രദ്ധേയമാണ്.

റൺവേ 28ൽ നിന്ന് 500 മീറ്റർ നീളം കൂട്ടാൻ 22 ഏക്ക‌ർ ഭൂമി മാത്രമേ ഏറ്റെടുക്കേണ്ടതുള്ളൂ. 780 മീറ്റ‌ർ നീളത്തിലും 108 മീറ്റ‌‌ർ വീതിയിലുമുള്ള 68 ഏക്കർ ഭൂമി വിമാനത്താവള അതോറിറ്റിയുടേതായി ഇവിടെയുണ്ട്. ഈ ഭൂമിയുടെ ഇരുവശത്തും താമസിക്കുന്ന ഏതാനും കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകി 22 ഏക്ക‌ർ ഭൂമിയേറ്റെടുത്താൽ രാജ്യത്തെ തന്നെ മികച്ച റൺവേയാക്കി കരിപ്പൂരിനെ മാറ്റാനാവുമെന്നാണ് ഇവ‌ർ ഉന്നയിക്കുന്നത്.

LatestDaily

Read Previous

പൂക്കോയ ഖമറുദ്ദീന്റെ കസ്റ്റഡിയിൽ

Read Next

പോലീസിന്റെ കൃത്യനിർവ്വഹണം തടസ്സപ്പെടുത്തി